‘ആദ്യം മല ചവിട്ടിയത് അപ്പൂപ്പനു വേണ്ടി, ഇത് മുടങ്ങാതെ അഞ്ചാം തവണ’: ശബരിമലയിൽ എത്തി ‘ഹാപ്പി ഡേയ്സ്’ താരം വരുൺ
Mail This Article
മുടങ്ങാതെ അഞ്ചാം വർഷവും ശബരിമലയിൽ എത്തി അയ്യപ്പസ്വാമിയെ തൊഴുത് തെലുങ്ക് നടൻ വരുൺ സന്ദേശ്. ഹൈദരാബാദിൽ നിന്നു ഇരുമുടിയേന്തി വന്ന താരം തിങ്കളാഴ്ച്ച പുലർച്ചെ മൂന്നിന് നട തുറന്ന സമയത്താണ് ദർശനം നടത്തിയത്. നെയ്യഭിഷേകത്തിനും മറ്റ് വഴിപാടുകൾക്കും ശേഷം നാലരയോടെ മലയിറങ്ങി. ബന്ധു അടക്കം അഞ്ചു പേർക്കൊപ്പമാണ് വരുൺ എത്തിയത്.
‘ഇതെന്റെ അഞ്ചാമത്തെ വരവാണ്. അയ്യപ്പഭക്തി അത്രയ്ക്കുണ്ട്. 2009ൽ എന്റെ മുത്തച്ഛൻ, തെലുങ്ക് എഴുത്തുകാരനായ ജീഡിഗുണ്ട രാമചന്ദ്ര മൂർത്തിയ്ക്ക് അസുഖം ബാധിച്ചതിനെ തുടർന്നുള്ള നേർച്ചയായിട്ടാണ് ആദ്യം മല ചവിട്ടിയത്. പിന്നീട് മൂന്ന് തവണ വന്നു. ശബരിമലയിലേക്കുള്ള ഓരോ യാത്രയും പ്രത്യേക അനുഭൂതിയാണ്’– വരുൺ സന്ദേശ് പറഞ്ഞു.
സന്നിധാനത്തും വഴിയിലും ഒരുക്കിയ സൗകര്യങ്ങളിലും അദ്ദേഹം തൃപ്തി പ്രകടിപ്പിച്ചു. ‘ഹാപ്പി ഡേയ്സ്’, ‘കൊത്ത ബംഗാര ലോകം’ തുടങ്ങിയവയാണ് വരുൺ സന്ദേശിന്റെ ഹിറ്റ് സിനിമകൾ.