ADVERTISEMENT

തമിഴ് സൂപ്പര്‍ താരം ധനുഷുമായി അടുപ്പത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമുള്ള പ്രചരണം വെറും ഗോസിപ്പാണെന്നു വ്യക്തമാക്കിയതിനു പിന്നാലെ പ്രണയത്തെക്കുറിച്ച് മൃണാള്‍ ഠാക്കൂര്‍ പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പ്രണയം അതിമനോഹരമായ വികാരമാണെന്നും പ്രപഞ്ചത്തിലെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാമെന്നും ഫില്‍മിഗ്യാന് നല്‍കിയ അഭിമുഖത്തില്‍ താരം മനസ് തുറന്നു.

ADVERTISEMENT

കുറേക്കൂടി നല്ല മനുഷ്യരായി മാറാന്‍ പ്രണയം സഹായിക്കും. സത്യം പറഞ്ഞാല്‍ നമ്മുടെയെല്ലാം ഉള്ളില്‍ ബാല്യകാലത്തേറ്റ നൊമ്പരങ്ങളെപ്പോലും അത് മായ്ച്ചുകളയും. ലോകത്തേറ്റവും മനോഹരമായത് പ്രണയമാണ്. എല്ലാവര്‍ക്കും പ്രണയം കണ്ടെത്താനും അനുഭവിക്കാനും കഴിയട്ടെയെന്നാണ് തന്റെ പ്രാര്‍ഥനയെന്നും അവര്‍. പ്രണയത്തിന്റെ നിര്‍വചനം അനുദിനം മാറിക്കൊണ്ടേയിരിക്കും. പ്രണയത്തിന് നിങ്ങളെ തന്നെ സമര്‍പ്പിക്കുക എന്നതിലാണ് കാര്യം. പ്രണയം മാത്രം മാറ്റമില്ലാതെ തുടരുമെന്നും മൃണാള്‍ വിശദീകരിക്കുന്നു.

അതേ സമയം ധനുഷും താനും പ്രണയത്തിലാണെന്നതു വെറും കെട്ടുകഥയാണെന്നാണ് തന്റെ ഔദ്യോഗിക ഫാൻ പേജിൽ പങ്കുവച്ച കുറിപ്പിൽ മൃണാള്‍ പറയുന്നത്.

ADVERTISEMENT

‘ധനുഷും ഞാനും തമ്മിലുള്ള അഭ്യൂഹങ്ങൾ വെറും കെട്ടുകഥയാണ്; ഇതാണ് എന്റെ സത്യം...

എന്റെ ജോലിയിലൂടെയാകണം ഞാൻ അറിയപ്പെടേണ്ടതെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു, ഗോസിപ്പുകളിലൂടെയല്ല. എന്നാൽ ഇന്ന്, ഞാൻ എഴുതാത്ത കഥകളിലും, ഞാൻ നടത്താത്ത സംഭാഷണങ്ങളിലും, ഞാൻ എടുക്കാത്ത തീരുമാനങ്ങളിലും എന്റെ പേര് വലിച്ചിഴയ്ക്കപ്പെടുന്നത് ഞാൻ കാണുകയാണ്.

ADVERTISEMENT

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു ‘വിവാഹ വിവാദം’ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഒരു കാര്യം ഞാൻ വ്യക്തമാക്കട്ടെ, ധനുഷ് എനിക്ക് എന്നും ഒരു സഹോദരനെപ്പോലെയാണ്. ഞങ്ങൾക്കിടയിലുള്ളത് കേവലം പരസ്പര ബഹുമാനവും പ്രഫഷനൽ ബന്ധവും മാത്രമാണ്, അതിനപ്പുറം ഒന്നുമില്ല. ഒരു സ്ത്രീയുടെ കഠിനാധ്വാനത്തെ അംഗീകരിക്കുന്നതിന് പകരം അവളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കഥകൾ മെനയാൻ ആളുകൾക്ക് ഇത്ര ആവേശം എന്താണെന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്.

എനിക്ക് എന്തെങ്കിലും മറയ്ക്കാനുള്ളതുകൊണ്ടല്ല ഞാൻ നിശബ്ദത പാലിക്കുന്നത്, മറിച്ച് എന്റെ സ്വകാര്യ ജീവിതത്തിന് പൊതുസമൂഹത്തിന്റെ അംഗീകാരം ആവശ്യമില്ലെന്ന് ഞാൻ വിശ്വസിക്കുന്നത് കൊണ്ടാണ്. ഓഡിഷനുകളിലൂടെയും, നിരസിക്കലുകളിലൂടെയും, ഉറക്കമില്ലാത്ത രാത്രികളിലൂടെയും, തളരാത്ത ആത്മവിശ്വാസത്തിലൂടെയും കഠിനാധ്വാനം ചെയ്താണ് ഞാൻ ഇന്ന് ഈ നിലയിലെത്തിയത്. ആ യാത്രയെ വെറുമൊരു കിംവദന്തിയിലേക്ക് ചുരുക്കുന്നത് അനീതിയാണ്.

സോഷ്യൽ മീഡിയ എല്ലാവർക്കും ശബ്ദം നൽകുന്നുണ്ട്, എന്നാൽ അത് വലിയൊരു ഉത്തരവാദിത്തം കൂടി ആവശ്യപ്പെടുന്നു. കുറച്ച് ക്ലിക്കുകളും ലൈക്കുകളും ഷെയറുകളും നിരുപദ്രവകരമെന്ന് തോന്നിയേക്കാം, പക്ഷേ അവ യഥാർത്ഥ മനുഷ്യരെ ബാധിക്കുന്ന തെറ്റായ വാർത്തകളാണ് സൃഷ്ടിക്കുന്നത്. ഞാൻ വീണ്ടും വ്യക്തമാക്കുന്നു, ഈ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല.നന്ദി’.– മൃണാൾ ഠാക്കൂർ പറയുന്നു.

രജിനികാന്തിന്‍റെ മകള്‍ ഐശ്വര്യയുമായി 18 വര്‍ഷം നീണ്ട വിവാഹബന്ധം 2022ലാണ് ധനുഷ് അവസാനിപ്പിച്ചത്. ഈ ബന്ധത്തില്‍ താരത്തിന് രണ്ട് മക്കളുണ്ട്.

Actress Mrunal Thakur Opens Up About Love and Dhanush:

Love is a beautiful emotion that can happen to anyone, anytime, according to actress Mrunal Thakur. She clarifies rumors about a relationship and impending marriage with Tamil superstar Dhanush, stating their bond is purely professional and respectful, like that of siblings.

ADVERTISEMENT