ADVERTISEMENT

തമിഴ് സിനിമയിലെ പ്രമുഖതാരം വടിവേലുവിനെതിരെയുള്ള നടി സോന ഹെയ്ഡന്റെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയാകുന്നത്.

വടിവേലുവിനൊപ്പമുള്ള അഭിനയ ജീവിതം ദുസ്സഹമായിരുന്നുവെന്നും സ്വന്തം ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി അദ്ദേഹത്തോടൊപ്പമുള്ള ഒട്ടനവധി സിനിമകൾ താൻ ബോധപൂർവം വേണ്ടെന്നു വച്ചെന്നുമാണ് തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ താരം തുറന്നു പറഞ്ഞത്.

ADVERTISEMENT

‘കുസേലൻ’ എന്ന ചിത്രത്തിൽ വടിവേലുവിന്റെ ഭാര്യയായി അഭിനയിച്ചതിന് ശേഷം തനിക്ക് വലിയ ജനപ്രീതി ലഭിച്ചെങ്കിലും അതിനു ശേഷം അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ലഭിച്ച പതിനാറോളം സിനിമകൾ താൻ വേണ്ടെന്നു വച്ചെന്നുമാണ് സോന പറയുന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റം സഹിക്കാൻ കഴിയാത്തതുകൊണ്ടും ആത്മാഭിമാനം പണയപ്പെടുത്താൻ തയാറല്ലാത്തതുകൊണ്ടുമാണ് ആ വലിയ അവസരങ്ങളെല്ലാം താൻ നിരസിച്ചതെന്ന് താരം.

‘‘ഒരു ഘട്ടത്തിൽ അഭിനയ ജീവിതം പൂർണമായും ഉപേക്ഷിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. ഈ ഇൻഡസ്ട്രിയിലെ സാഹചര്യം ആരെയും വിശ്വസിക്കാൻ കൊള്ളാത്ത രീതിയിലുള്ളതാണ്. പലരിൽ നിന്നും എനിക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. എനിക്കത് ഇനി സഹിക്കാൻ കഴിയില്ലായിരുന്നു; അതുകൊണ്ടാണ് ഞാൻ സിനിമാ മേഖലയിൽ നിന്ന് അകലം പാലിച്ചത്. വടിവേലുവിനൊപ്പം അഭിനയിക്കാൻ മാത്രം 16-ലധികം അവസരങ്ങൾ എനിക്ക് ലഭിച്ചു, പക്ഷേ അവയെല്ലാം ഞാൻ നിരസിച്ചു. അദ്ദേഹത്തെ സഹിക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായ കാര്യമാണ്; ഒരാൾക്കും അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ കഴിയില്ല. ചില കാര്യങ്ങൾ എനിക്ക് പരസ്യമായി പറയാൻ കഴിയില്ല, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എന്റെ ആത്മാഭിമാനമാണ് ഏറ്റവും പ്രധാനം’’.– സോന പറയുന്നു.

ADVERTISEMENT

എന്തായാലും സോനയുടെ തുറന്നു പറച്ചിൽ തമിഴ് സിനിമാലോകത്ത് വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

Sona Heiden Reveals Disturbing Experiences with Vadivelu:

Actress Sona Heiden has made startling revelations about her difficult experiences working with prominent Tamil actor Vadivelu. She stated that due to his unbearable behavior and to protect her self-respect, she consciously refused over sixteen film opportunities with him, even considering leaving the industry entirely.

ADVERTISEMENT
ADVERTISEMENT