‘ബാല്യത്തിൽ മനസ്സിൽ പതിഞ്ഞ കാര്യങ്ങളെ മറികടക്കാൻ നാമെല്ലാം ശ്രമിക്കുന്നുണ്ടെന്ന് എനിക്കുറപ്പുണ്ട്’: കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ച് സമീറ റെഡ്ഡി Sameera Reddy's Candid Revelation About Childhood Insecurities
Mail This Article
തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ച് ആത്മവിശ്വാസമില്ലാതിരുന്ന ബാല്യകാലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി സമീറ റെഡ്ഡി.
‘ചെറുപ്പത്തിൽ എനിക്ക് ആത്മവിശ്വാസം തീരെ ഇല്ലായിരുന്നു. സത്യമായിട്ടും, ആ ഇരുണ്ട, തടിച്ച, അരക്ഷിതയായ പെൺകുട്ടിയെ എനിക്ക് ഉടച്ചു കളയാനും അവൾ എത്ര അദ്ഭുതകരമായ വ്യക്തിയായി വളരുമെന്ന് പറയാനും കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ചെയ്യുമായിരുന്നു.
എനിക്ക് എന്റെ കുട്ടികളുണ്ടായപ്പോൾ, ആദ്യം അവരെ ദയയും അനുകമ്പയും പഠിപ്പിക്കണമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. എന്നാൽ അതിനോടൊപ്പം അതിർവരമ്പുകളുടെയും ആത്മവിശ്വാസത്തിന്റെയും പ്രാധാന്യവും പഠിപ്പിക്കണമെന്ന് തോന്നി. നിർഭാഗ്യവശാൽ, ഈ ലോകത്ത് ആ സന്തുലിതാവസ്ഥ നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വളർന്നുവന്നപ്പോൾ ആ വേദന ഞാൻ അനുഭവിച്ചിട്ടുണ്ട്.
ഇത് ഒരു ഓർമ്മപ്പെടുത്തലാണ്. നിങ്ങൾ സ്നേഹിക്കുന്നവരെ ചേർത്തുപിടിക്കുക. അവരെ സംരക്ഷിക്കുക. അവരെ ശക്തരാക്കുക. അവരുടെ വാക്കുകൾ കേൾക്കുക. അത് കുട്ടിയായാലും പൂർണ്ണ വളർച്ചയെത്തിയ മുതിർന്നയാളായാലും ശരി. എന്നെക്കുറിച്ചുള്ള എന്റെ ധാരണകളെ ഞാൻ ഇപ്പോഴും തിരുത്തിക്കൊണ്ടിരിക്കുന്നു. നമ്മുടെ ബാല്യകാലത്ത് മനസ്സിൽ പതിഞ്ഞ കാര്യങ്ങളെ മറികടക്കാൻ നാമെല്ലാവരും ശ്രമിക്കുന്നുണ്ടെന്ന് എനിക്കുറപ്പുണ്ട്’ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വലിയ അമ്പരപ്പോടെയാണ് താരത്തിന്റെ കുട്ടിക്കാലചിത്രങ്ങൾ ആരാധകർ കണ്ടത്. സിനിമയിലും മോഡലിങ്ങിലും സജീവമായിരുന്ന കാലത്ത് സ്ക്രീനിൽ കാണുന്ന ലുക്ക് ക്യാമറയ്ക്കായി ഒരുക്കപ്പെടുന്നതാണെന്നും ശരീരം എങ്ങനെയാണോ അതുപോലെ അംഗീകരിക്കാൻ തുടങ്ങിയത് വൈകിയാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.