കാൻസറിനോട് പൊരുതിയായിരുന്നു ബോളിവുഡ് നടന്‍ ഇർഫാൻ ഖാന്റെ അകാലമരണം. മികച്ച പ്രകടനങ്ങളിലൂടെ രാജ്യത്തിന്റെ അഭിമാനമായി വളർന്ന അദ്ദേഹത്തിന്റെ വിയോഗം പ്രേക്ഷകരിൽ സൃഷ്ടിച്ച നിരാശ വളരെ വലുതാണ്.
ഇപ്പോഴിതാ, അദ്ദേഹത്തിന്റെ മകൻ ബാബിൽ ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഹൃദ്യമായ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇർഫാൻ ഖാനും ഭാര്യയും തമ്മിലുണ്ടായിരുന്ന സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങൾ. അർബുദത്തിന്റെ കാഠിന്യത്തിൽ ശരീരം ദുർബലമായ ഘട്ടത്തിലും ഭാര്യ സുതപ സിക്ദറിനെ സ്നേഹത്തോടെ പരിചരിക്കുന്ന ഇർഫാൻ ഖാനാണ് ചിത്രങ്ങളിൽ.
‘ബാബയുടെ കാൻസർ ഏറ്റവും അസഹനീയമായ ഘട്ടത്തിൽ, ഓടിനടന്ന് അദ്ദേഹത്തെ പരിചരിക്കുന്നതിനിടെ അമ്മയുടെ കാലിൽ ആണി രോഗം ബാധിച്ചു. അതിനാൽ ബാബ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത ശേഷം തലയിൽ കെട്ടിവച്ച് അമ്മയുടെ കാലിലെ ആണി നീക്കുമായിരുന്നു. ഇരുവരും പ്രണയത്തിന്റെ മൃദുലമായ ചർമം കൊണ്ട് കഠിനമായ പാളികൾ അവർ രണ്ടു പേരും പരസ്പരം അടർത്തിമാറ്റി’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ബാബിൽ കുറിച്ചത്.
2020 ഏപ്രിൽ 29ന് ആണ് ഇർഫാൻ ഖാൻ അന്തരിച്ചത്. വൻകുടലിലെ അർബുദ ബാധയെ തുടർന്ന് ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം. ഹോളിവുഡിലടക്കം നാൽപതിലേറെ സിനിമകളിൽ വേഷമിട്ട ഇർഫാന് 2011– ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.