‘മുഖത്ത് അഞ്ചു ശസ്ത്രക്രിയകൾ, മുഖം തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിൽ മാറ്റിമറിച്ചു’: പോരാട്ടത്തിന്റെ കഥ Sharib Hashmi's Wife's Brave Cancer Journey Revealed
Mail This Article
ഭാര്യയുടെ കാൻസർ പോരാട്ടത്തെക്കുറിച്ച് മനസ്സ് തുറന്ന് ഷാരിബ് ഹാഷ്മി. ‘ഫാമിലി മാൻ’ എന്ന വെബ് സീരീസിലെ ജെ കെ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഷാരിബ് ഹാഷ്മി. കരിയറിൽ വലിയ നേട്ടങ്ങൾ കീഴടക്കുന്നതിനിടയിൽ വ്യക്തിജീവിതത്തിൽ നേരിടേണ്ടി വന്ന അതികഠിനമായ വേദനകളെക്കുറിച്ച് ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷാരിബും ഭാര്യ നസ്രീനും മനസ്സുതുറന്നത്.
‘2018ൽ ഫാമിലി മാനിലേക്ക് അവസരം ലഭിച്ചപ്പോഴാണ് ബയോപ്സി റിപ്പോർട്ടിന് പോയത്. ഷാരിബ് ഫാമിലി മാൻ ടീമിനൊപ്പം ലഞ്ചിന് പോകാൻ തയാറായി ഇരിക്കുമ്പോഴാണ് ഞാൻ തിരികെ എത്തിയത്. ഓറൽ കാൻസർ സ്ഥിരീകരിച്ചിരുന്നു. ഷാരിബിനോട് ലഞ്ച് കഴിഞ്ഞ് സംസാരിക്കാം എന്നുപറഞ്ഞു. അദ്ദേഹം പുറപ്പെട്ടു പകുതിയെത്തിയപ്പോൾ തിരികെ വന്നു റിപ്പോർട്ട് ചോദിച്ചു. ഓറൽ കാൻസറാണെന്ന പറഞ്ഞപ്പോൾ അദ്ദേഹം പൊട്ടിക്കരഞ്ഞു. അദ്ദേഹത്തെയും കുടുംബത്തെയും ആശ്വസിപ്പിച്ചത് ഞാനായിരുന്നു’.– നസ്രീന്‍ പറഞ്ഞു.
‘രോഗത്തെ നേരിടാൻ പിന്തുണ ആവശ്യമുള്ള സമയത്ത് നസ്രീൻ തന്നെയാണ് തളർന്നുപോയ കുടുംബത്തിന് വൈകാരിമായ കരുത്ത് പകർന്ന് ആശ്വസിപ്പിച്ചതെന്ന് ഷാരിബ് പറഞ്ഞു. ‘അഞ്ചു ശസ്ത്രക്രിയകൾക്കാണ് ഇതുവരെ നസ്രീൻ വിധേയയായത്. അഞ്ചുതവണ രോഗം വന്നു, ഇപ്പോൾ ആറാം തവണയാണ് രോഗം വരുന്നത്. വായയിലെ കാൻസർ മുഖത്തിന്റെ രൂപം മാറ്റി. കാൻസർ മറ്റിടങ്ങളിലേക്കും വ്യാപിച്ചു. സാമ്പത്തികമായും വൈകാരികമായും ബുദ്ധിമുട്ടി. കാൻസറിന്റെ തീവ്രതയേക്കാൾ കരുത്തോടെ നസ്രീൻ അതിനെ നേരിട്ടു. ആ പോരാളിക്കൊപ്പം ഞങ്ങളും പോരാളികളായി മാറി’.– ഷാരീബ് പറയുന്നു.
‘ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ട സമയത്തും ശസ്ത്രക്രിയാസമയത്തും ഷാരിബ് ആശുപത്രിയിലെത്തിയിരുന്നു. ഷൂട്ടിങ്ങ് തിരക്കിനിടയിൽപ്പോലും ഷാരിബ് തനിക്കൊപ്പം നിന്നു. വീട്ടിൽ പോയി വിശ്രമിക്കാൻ പറഞ്ഞപ്പോൾ പോലും കേട്ടില്ല. എന്റെ കഠിനമായ കാലങ്ങളിൽ എനിക്കൊപ്പം ഷാരിബ് നിലകൊണ്ടത് എനിക്ക് വലിയ ആശ്വാസമായിരുന്നു. ഈ യാത്രയും ചികിത്സയും വളരെ ദൈർഘ്യമേറിയതാണ്. ഇത് അത്ര എളുപ്പമല്ല. ഓരോ ഒന്നര വർഷം കൂടുമ്പോഴും കാൻസർ തിരിച്ചുവരുന്നു, ഓരോ തവണയും ചികിത്സയ്ക്കായി വലിയ തുക ചെലവാകുന്നു. എല്ലാ മെഡിക്കൽ ചെലവുകളും ഒറ്റയ്ക്ക് വഹിക്കേണ്ടി വരുമ്പോൾ അത് സാമ്പത്തികമായി വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നു. ഒരു രൂപപോലും കടം വാങ്ങാതെയാണ് ഷാരിബ് എനിക്കായി ചികിത്സ ഒരുക്കിയത്. എനിക്ക് അത് വലിയ കാര്യമാണ്.
മുഖത്തെ അഞ്ചു ശസ്ത്രക്രിയകൾ എന്റെ മുഖത്തെ തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിൽ മാറ്റിമറിച്ചു. എന്റെ പഴയ ചിത്രങ്ങള്‍ കാണുമ്പോൾ ഞാൻ എന്ത് സുന്ദരിയാണെന്ന് ഓർക്കാറുണ്ട്. ഇത് ഒട്ടും എളുപ്പമല്ല. എന്നാൽ എനിക്ക് എന്നിൽ വലിയ ആത്മവിശ്വാസമുണ്ട്. പഴയ കാര്യങ്ങൾ ആലോചിക്കുമ്പോൾ, ഞാൻ ജീവനോടെയുണ്ടല്ലോ, കുടുംബത്തോടൊപ്പം സന്തോഷമായിരിക്കാൻ കഴിയുന്നുണ്ടല്ലോ എന്ന് ഞാൻ തിരിച്ചറിയുന്നു’.- നസ്രീൻ കൂട്ടിച്ചേർത്തു.