‘ആശുപത്രിയിൽ എന്റെ വേദന കണ്ട് ആസ്വദിച്ചവരേ...എന്റെ നഷ്ടങ്ങളിൽ നിന്ന് പണമുണ്ടാക്കാനാണ് നിങ്ങളുടെ ഭാവമെങ്കിൽ...’: പ്രതികരിച്ച് സൽമാൻ ഖാൻ Salman Khan Slams Media for Exploiting Personal Pain
Mail This Article
തന്റെ വ്യക്തിപരമായ ബുദ്ധിമുട്ടുകളെയും വേദനകളെയും വാർത്തയാക്കാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകർക്കും പാപ്പരാസികൾക്കുമെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് ബോളിവുഡിന്റെ സ്വന്തം ഭായ് ജാന്‍ സൽമാൻ ഖാൻ.
കഴിഞ്ഞ ദിവസം ആശുപത്രി പരിസരത്ത് എത്തിയ സല്‍മാനെ കാത്ത് ക്യാമറകളുമായി തടിച്ചുകൂടിയ പാപ്പരാസികളോട് സല്‍മാന്‍ കയര്‍ത്തു സംസാരിച്ചത് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ താരം രംഗത്തെത്തിയത്. ഒന്നിലധികം പോസ്റ്റുകൾ അദ്ദേഹം പങ്കുവച്ചു.
മാധ്യമപ്രവർത്തകരുടെ ഉപജീവനമാർഗ്ഗത്തിന് താൻ എപ്പോഴും പിന്തുണ നൽകിയിട്ടുണ്ടെന്നും അവരെ ബഹുമാനത്തോടെയാണ് കണ്ടിട്ടുള്ളതെന്നും ഓർമിപ്പിച്ച താരം, എന്നാൽ ഒരാളുടെ കണ്ണീരിൽ നിന്നും വേദനയിൽ നിന്നും പണമുണ്ടാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു കുറിച്ചു.
‘ആശുപത്രിയിൽ എന്റെ വേദന കണ്ട് ആസ്വദിക്കുന്ന മാധ്യമപ്രവർത്തകരെ ഞാൻ കണ്ടാൽ...ആ മാധ്യമങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഇതുവരെ നിലകൊണ്ടത്. അവരോട് നന്നായി സംസാരിച്ചതും അവരുടെ ഉപജീവനമാർഗ്ഗം ഉറപ്പാക്കാൻ ശ്രദ്ധിച്ചതും. എന്നാൽ എന്റെ നഷ്ടങ്ങളിൽ നിന്ന് പണമുണ്ടാക്കാനാണ് നിങ്ങളുടെ ഭാവമെങ്കിൽ... ദയവായി മിണ്ടാതിരിക്കുക, അത് കണ്ട് ആസ്വദിക്കാതിരിക്കുക. ഒരു ചിത്രമാണോ അതോ മനുഷ്യജീവനമാണോ നിങ്ങൾക്ക് വലുത് ?
എനിക്ക് 60 വയസ്സായി, പക്ഷേ തിരിച്ചു പോരാടാൻ ഞാൻ മറന്നിട്ടില്ല എന്ന് ഓർത്തു വെക്കുക. ജയിലിൽ അടക്കുമെന്നാണോ... ഹാ ഹാ...
എന്റെ കുടുംബത്തിലെയോ സുഹൃത്തുക്കളിലെയോ ഒരാളുടെ വിയോഗത്തിലോ വിഷമഘട്ടത്തിലോ ഇത്തരം പ്രവണതകൾ ആവർത്തിച്ചാൽ വെറുതെയിരിക്കില്ല... നിങ്ങളുടെ കുടുംബത്തിലുള്ള ആരെങ്കിലും ഇതുപോലെ ആശുപത്രിയിലായാൽ താൻ ഇങ്ങനെയുണ്ടാകുമോ ?’ എന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സെൽഫി ചിത്രങ്ങൾക്കൊപ്പം സൽമാൻ ഖാൻ പറയുന്നത്.
സൽമാൻ ഖാന് പൂർണ്ണ പിന്തുണയുമായി നിരവധി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തി.