ഒരു കാലത്ത് ബോളിവുഡിൽ ചോക്ലേറ്റ് ഹീറോ ആയി തിളങ്ങി നിന്ന താരമാണ് ബോബി ഡിയോൾ. എന്നാൽ വൈകാതെ അദ്ദേഹം ഫീൽഡ് ഔട്ട് ആയി. വർഷങ്ങൾക്കു ശേഷം രൺബീർ കപൂര്‍ നായകനായ അനിമൽ സിനിമയിലെ വില്ലനായി വൻ തിരിച്ചു വരവായിരുന്നു ബോബിയുടേത്.
ഇപ്പോഴിതാ, അതിന് മുൻപ്, മദ്യത്തിനടിമയായി, ജോലിക്ക് പോലും പോകാൻ സാധിക്കാതിരുന്ന ഒരു ഘട്ടം തന്റെ ജീവിതത്തിലുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോബി.
‘‘നിങ്ങൾ നിരാശപ്പെടുമ്പോൾ, നിങ്ങളോട് തന്നെ സഹതാപം തോന്നും. ഇത് മനുഷ്യസഹജമാണ്. നിങ്ങളുടെ ലോകം അവസാനിച്ചതായി നിങ്ങൾക്ക് തോന്നും, ആരും നിങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നും, അപ്പോൾ നിങ്ങളെ ശാന്തമാക്കുന്ന ചില കാര്യങ്ങളിൽ നിങ്ങൾ അടിമയാകും. എന്റെ പിതാവിനും മദ്യപാനം ഇഷ്ടമായിരുന്നു. ഞാനും മദ്യപാനം ആരംഭിക്കുകയും അതിന് അടിമയാകുകയും ചെയ്തു. എന്നാൽ എന്റെ ഭാര്യ എന്നെ അതിൽനിന്ന് കരകയറ്റാൻ സഹായിച്ചു.
താന്യ എന്റെ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ, ഞാൻ ഇന്ന് ഇവിടെ ഇരിക്കുമായിരുന്നില്ല. വീടിന്റെ സാമ്പത്തിക കാര്യങ്ങൾ അവൾ നോക്കി. അവൾ ജോലി ചെയ്യുകയും വീട്ടിലെ എല്ലാ ചിലവുകളും വഹിക്കുകയും ചെയ്തു. എന്റെ കുട്ടികൾ ഞാൻ എന്തുകൊണ്ടാണ് എപ്പോഴും വീട്ടിലിരിക്കുന്നതെന്നും എന്തുകൊണ്ടാണ് അവരുടെ അമ്മ ഓഫീസിൽ പോകുന്നുവെന്നും ചോദിക്കാൻ തുടങ്ങിയപ്പോൾ, എന്റെ ഉള്ളിൽ എന്തോ ഒന്ന് സംഭവിച്ചു, ഞാൻ എന്നെത്തന്നെ മെച്ചപ്പെടുത്താൻ തീരുമാനിച്ചു...’’ എന്നാണ് ‘ആപ് കി അദാലത്’ എന്ന പരിപാടിയുടെ അവതാരകൻ രജത് ശർമയോട് സംസാരിക്കവേ ബോബി ഡിയോള്‍ പറഞ്ഞത്.