തമിഴ് സിനിമയിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ജോഡികളായിരുന്നു വിജയ്‌യും സിമ്രാനും. ‘തുള്ളാത മനമും തുള്ളും’ എന്ന എക്കാലത്തെയും വിജയമായ പ്രണയചിത്രത്തിൽ ‘കുട്ടി’യും ‘രുക്കു’വുമായി ഇരുവരും പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.
വർഷങ്ങൾക്കിപ്പുറം ആ പഴയ കുട്ടിയും രുക്കുവും വീണ്ടും ഒന്നിച്ചൊരു ഫ്രെയിമിൽ എത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. തന്റെ ഭർത്താവിനും മക്കൾക്കുമൊപ്പം വിജയ്‌യെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സിമ്രാൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
‘തുള്ളാത മനമും തുള്ളും’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ രുക്കു ഒരു ഐഎഎസ് ഓഫീസറായി (കളക്ടർ) മാറിയെങ്കിൽ, കുട്ടിയായി എത്തിയ ദളപതി വിജയ് ഇന്നു ജീവിതത്തിൽ തമിഴ്‌നാടിന്റെ ചീഫ് മിനിസ്റ്ററാണ്.
‘വർഷങ്ങൾക്ക് മുൻപ് ഒന്നിച്ച് സ്ക്രീൻ പങ്കിട്ടതിനു ശേഷം, ബഹുമാനപ്പെട്ട മുഖ്യമന്ത്രി തിരു. വിജയ് അവർകളെ എന്റെ കുടുംബത്തോടൊപ്പം സന്ദർശിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഒരുപാട് ആളുകൾക്ക് അദ്ദേഹത്തോട് പ്രിയം തോന്നാൻ കാരണമായ ആ സ്നേഹവും വിനയവും ആത്മാർത്ഥതയും ഇന്നും ഒരുപോലെ തന്നെ നിലനിൽക്കുന്നു! നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിക്കായുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും കാഴ്ചപ്പാടും ഏറെ പ്രചോദനം നൽകുന്നതാണ്. തമിഴ്‌നാടിനെ മുന്നോട്ട് നയിക്കുന്ന അദ്ദേഹത്തിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു’ എന്നാണ് താരം കുറിച്ചത്.