നടി ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മകൾ അനന്ദിത സുന്ദർ കഠിന പരിശ്രമത്തിലൂടെ തന്റെ ശരീരഭാരം കുറച്ച് പലർക്കും പ്രചോദനമായ വ്യക്തിയാണ്. എന്നാൽ സോഷ്യൽ മീഡിയയില്‍ അതിരൂക്ഷമായ ബോഡിഷെയിമിങ്ങിനും സൈബർ ആക്രമണങ്ങൾക്കും ഇരയായിട്ടുണ്ട് ഈ താരപുത്രി.
ഇപ്പോഴിതാ, ഇതിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അനന്ദിത. തന്നെ അധിക്ഷേപിക്കാൻ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് ട്രാൻസ് വ്യക്തിയെപ്പോലെയുണ്ട് എന്നതാണെന്നും എന്നാൽ അതിനെ താൻ ഒരു തരത്തിലും അധിക്ഷേപമായി കാണുന്നില്ലെന്നും ജെ.എഫ്.ഡബ്ല്യു പോഡ്കാസ്റ്റിൽ സംസാരിക്കവെ 23വയസ്സുകാരിയായ അനന്ദിത പറഞ്ഞു.
ട്രാൻസ്‌ജെൻഡർ വ്യക്തികളെ അധിക്ഷേപത്തിനായി ഉപയോഗിക്കുന്നവരുടെ വിവരമില്ലായ്മയെയും ഹോമോഫോബിയയെയുമാണ് ഇത് കാണിക്കുന്നതെന്നും മുൻപൊക്കെ ഇത്തരം കമന്റുകൾ തന്നെ തളർത്തിയിരുന്നെങ്കിലും ഇപ്പോൾ അതിനെയെല്ലാം ശക്തമായി പ്രതിരോധിക്കാൻ താൻ പഠിച്ചുവെന്നും അനന്ദിത വ്യക്തമാക്കുന്നു.
‘ട്രാൻസ്‌ജെൻഡർ വ്യക്തികൾ വളരെ നല്ല സ്വഭാവമുള്ളവരും മനോഹരമായി പെരുമാറുന്നവരുമാണെന്നാണ് ഞാൻ കരുതുന്നത്. എന്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ദയയുള്ള മനുഷ്യർ ആ വിഭാഗത്തിൽ നിന്നുള്ളവരാണ്’.– താരം പറയുന്നു.
‘ഇത് പെട്ടെന്നുണ്ടായ ഒരു മാറ്റമല്ല എന്ന് പലരും മനസ്സിലാക്കുന്നില്ല. ഞാൻ 2018-ലോ 2019-ലോ ആണ് ഭാരം കുറയ്ക്കാൻ തുടങ്ങിയത്, അതുകൊണ്ട് ഇവിടെ വരെയെത്താൻ എനിക്ക് ഏഴ് വർഷമെടുത്തു. ഇടയിൽ കോവിഡ് വന്നതുകൊണ്ട് ഈ മാറ്റം ആരും ശ്രദ്ധിച്ചില്ല. ഞാൻ അത് ചെയ്തു, ഇത് ചെയ്തു, അല്ലെങ്കിൽ സർജറി ചെയ്തു എന്നൊക്കെയാണ് എല്ലാവരും കരുതുന്നത്. മറ്റാരെയെങ്കിലും പ്രീതിപ്പെടുത്താൻ വേണ്ടിയല്ല ഞാൻ ഭാരം കുറച്ചത്. എന്നാൽ ഇത്രയും ചെറിയ പ്രായത്തിൽ ഇത്തരത്തിലുള്ള വെറുപ്പ് നേരിടേണ്ടി വന്നത് ബുദ്ധിമുട്ടായിരുന്നു’.– അനന്ദിത പറയുന്നു.
അനന്ദിതയുടെ ഈ മാതൃകാപരമായ നിലപാടിനെ പ്രശംസിച്ച് അമ്മ ഖുശ്ബുവും രംഗത്തെത്തി. ‘നിന്നെയോർത്ത് ഞാൻ ഏറെ അഭിമാനിക്കുന്നു എന്റെ ബൊമ്മൈ ’ എന്ന കുറിപ്പോടെ അനന്ദിതയുടെ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ് താരം മകളോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചത്.
സിനിമാ രംഗത്തും ഇതിനോടകം തന്നെ അനന്ദിത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.