തമിഴ് സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരൻ കെ.ഭാഗ്യരാജിന്റെ വിയോഗം കഴിഞ്ഞ ദിവസമായിരുന്നു. 73 വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം.
ഇപ്പോഴിതാ, ഭാഗ്യരാജിന്റെ വേർപാടിൽ നൊന്ത് ഹൃദയം തൊടും കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ ശന്തനു ഭാഗ്യരാജ്. ഭാഗ്യരാജിന്റെ സിനിമാ ജീവിതത്തിലെ 50 – ാം വാർഷികാഘോഷ വേളയിലെ വിഡിയോ പങ്കുവച്ചാണ് ശന്തനുവിന്റെ കുറിപ്പ്.
‘എനിക്ക് സാധിക്കുമെങ്കിൽ, എന്റെ ജീവിതകാലത്തിലെ 10 വർഷം എന്റെ പിതാവിന് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം നിങ്ങൾ ഇനിയും 10 വർഷവും അതിൽ കൂടുതലും സിനിമകൾ ചെയ്യേണ്ടതുണ്ട്. ഇനിയും നിരവധി കഥകൾ നിങ്ങൾ ജനങ്ങൾക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ട്. ഒരു ആരാധകൻ എന്ന നിലയിലും ഒരു വിദ്യാർത്ഥി എന്ന നിലയിലും, ഞാൻ അത് കാണാനും പഠിക്കാനും ആഗ്രഹിക്കുന്നു’ എന്നാണ് ശന്തനുവിന്റെ കുറിപ്പ്. ‘അപ്പ, എനിക്ക് അതിന് സാധിച്ചിരുന്നെങ്കിൽ’ എന്ന ക്യാപ്ഷനോടെയാണ് ശന്തനു വിഡിയോ പങ്കുവെച്ചത്.
ജൂൺ 27 ശനിയാഴ്ച രാവിലെ ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയിലായിരുന്നു ഭാഗ്യരാജിന്റെ അന്ത്യം. നടി പൂർണിമയാണ് അദ്ദേഹത്തിന്റെ ഭാര്യ. ശന്തനുവും ശരണ്യയുമാണ് മക്കൾ. ശരണ്യയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.