മകൻ ആരവിന്റെ പതിനാറാം ജന്മദിനത്തിൽ വൈകാരികകുറിപ്പുമായി തമിഴ് നടൻ രവി മോഹന്റെ മുൻഭാര്യ ആർതി രവി. ആരവിനൊപ്പമുള്ള ഒരു കുട്ടിക്കാല ചിത്രവും, മകന്റെ പുതിയ ചിത്രങ്ങളും പങ്കുവച്ചുകൊണ്ടാണ് ആർതിയുടെ ജന്മദിനാശംസ.
അടുത്തിടെയുണ്ടായ വ്യക്തിജീവിതത്തിലെ അസ്വാരസ്യങ്ങളും വേർപിരിയലും മകനെ എങ്ങനെ ബാധിച്ചുവെന്നും എന്നാൽ അതിനെയെല്ലാം അതിജീവിച്ച് അവൻ ഒരു നല്ല മനുഷ്യനായി വളർന്നതിനെക്കുറിച്ചും ആർതി കുറിപ്പിൽ വ്യക്തമാക്കുന്നു.
‘പല തരത്തിൽ, നിന്റെ പ്രായത്തിന് താങ്ങാൻ കഴിയുന്നതിലും മുൻപേ ജീവിതം നിന്നെ കഠിനമായ യാഥാർത്ഥ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി. നിന്നെ ഒരു അവിശ്വാസിയാക്കി മാറ്റാമായിരുന്ന നിമിഷങ്ങളായിരുന്നു അവ. മനുഷ്യരെയും, സ്നേഹത്തെയും, ഈ ലോകത്തെയും നീ നോക്കിക്കാണുന്ന രീതിയെത്തന്നെ മാറ്റിമറിക്കാൻ പോന്ന നിമിഷങ്ങൾ.
പക്ഷേ, അവയ്ക്കൊന്നും നിന്നെ മാറ്റാൻ കഴിഞ്ഞില്ല. പകരം, നീ കൂടുതൽ ചിന്താശേഷിയുള്ളവനായി മാറുന്നതാണ് ഞാൻ കണ്ടത്. കൂടുതൽ ക്ഷമയുള്ളവനായി. നിന്റെ വാക്കുകൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് നീ കൂടുതൽ തിരിച്ചറിയാൻ തുടങ്ങി. നീ സ്നേഹിക്കുന്ന മനുഷ്യരെ കൂടുതൽ സംരക്ഷിക്കാൻ തുടങ്ങി. എന്നെ സംബന്ധിച്ച്, ഒരു നല്ല മനുഷ്യനായി വളരുക എന്നാൽ ഇതാണ്.
ജീവിതത്തിലെ പ്രതിസന്ധികൾ ഒട്ടും ബാധിക്കാത്ത ഒരാളല്ല, മറിച്ച് ആ അനുഭവങ്ങൾ തന്റെ ഹൃദയത്തെ കഠിനമാക്കാൻ അനുവദിക്കാതെ, തന്റെ സ്വഭാവത്തെ കൂടുതൽ മനോഹരമാക്കാൻ ഉപയോഗിച്ച ഒരാൾ. നിന്റെ അമ്മയെന്ന നിലയിൽ, ഇതിൽക്കൂടുതൽ എനിക്ക് മറ്റൊന്നും ചോദിക്കാനില്ല. പതിനാറാം ജന്മദിനാശംസകൾ, എന്റെ സ്നേഹമേ...’. - ആർതി കുറിച്ചു.
നിരവധിയാളുകളാണ് പോസ്റ്റിന് താഴെ ആരവിന് ജന്മദിനാശംസകളുമായി എത്തുന്നത്.
15 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2024 ലാണ് രവി മോഹനും ആർതിയും പിരിഞ്ഞത്. ആരവിനെ കൂടാതെ അയാൻ എന്നൊരു മകൻ കൂടി ഈ ദമ്പതികൾക്കുണ്ട്.