ഭാര്യ ആരതിയുമായുള്ള വിവാഹമോചനത്തിനു ശേഷമേ ഇനി സിനിമയില്‍ അഭിനയിക്കൂ എന്ന പ്രഖ്യാപനം പിൻവലിച്ച് തമിഴ്നടൻ രവി മോഹൻ.
‘എനിക്ക് ഈ വർഷം 46 വയസ്സ് തികയും. എന്റെ ജീവിതത്തിന്റെ പകുതിയോളം, അതായത് 23 വർഷം, ഞാൻ സിനിമയിലാണ് ചെലവഴിച്ചത്. എന്റെ ഒരു ചെറിയ തെറ്റ് നിങ്ങളെയെല്ലാം ഇത്രയധികം വേദനിപ്പിച്ചു എന്നത് നിർഭാഗ്യകരമാണ്.
അന്ന് അല്‍പം വികാരപരമായി സംസാരിച്ചു. സിനിമാരംഗത്തു നിന്നുള്ളവർ അതിനു ശേഷം എന്നെ സമീപിച്ചു. നിങ്ങൾ എന്തുപറഞ്ഞാലും അംഗീകരിക്കും, എന്നാൽ സിനിമയിൽ നിന്നു മാറി നിൽക്കുകയാണെന്നു മാത്രം പറയരുതെന്ന് ആവശ്യപ്പെട്ടു. അവരോടെല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു.
ഇനി ഒരിക്കലും എന്റെ ആരാധകരെ നിരാശരാക്കില്ല. തീർച്ചയായും തിരിച്ചുവരും. നിങ്ങളുടെ സന്തോഷം, ദയ, ഔദാര്യം എന്നിവ ഒരു ‘പൊന്നിയിൻ സെൽവൻ’ ആയോ ‘കരാട്ടെ ബാബു’വായോ ഞാൻ തിരികെ നൽകും. എനിക്ക് ആത്മവിശ്വാസം തന്നവർക്കു മുന്നിൽ നന്ദിയോടെ ശിരസ്സ് നമിക്കുന്നു’.– രവി ഒരു അവാർഡ് ദാനച്ചടങ്ങിൽ പറഞ്ഞു.
ആരതിയെ 2009 - ലാണ് രവി വിവാഹം കഴിച്ചത്. 15 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2024 - ൽ ഇവർ പിരിഞ്ഞതായി പ്രഖ്യാപിച്ചു. പിന്നാലെ, ഗായിക കെനീഷ ഫ്രാൻസിസുമായി രവി പ്രണയത്തിലാണെന്ന വാർത്ത പരന്നു. തുടർന്ന് ആരതിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന പേരിൽ വിമർശിക്കപ്പെട്ട കെനീഷ രവിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചന നൽകി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചു. അടുത്ത ദിവസം, സിനിമയിൽ നിന്നു ഇടവേളയെടുക്കുന്നതായി രവി മോഹൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു.