മുൻ ഭാര്യ സുസാനെ ഖാന് ഹൃദ്യമായ പിറന്നാൾ ആശംസകളുമായി ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷൻ. സുസാനെയും അപൂർവചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു.
‘വൈകിയാണെങ്കിലും എന്റെ ഹൃദയത്തില്‍ നിന്നുള്ള ജന്മദിനാശംസകൾ സുസാനെ. ഏറെ സ്നേഹത്തോടെയുള്ള ജന്മദിനാശംസകൾ. ചുറ്റുമുള്ളവർക്ക് നീ നൽകുന്ന സ്നേഹവും ഊഷ്മളതയും സന്തോഷവും മാജിക്കും ഈ വർഷം നിന്നിലേക്ക് തന്നെ തിരികെയെത്തട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
നീ ജീവിച്ച ജീവിതത്തിലും, നേരിട്ട വെല്ലുവിളികളിലും, ഇന്ന് നീ വളർന്നെത്തിയ വ്യക്തിത്വത്തിലും എനിക്ക് വലിയ അഭിമാനമുണ്ട്. റെയ്ക്കും റിഡ്സിനും ഏറ്റവും മികച്ച അമ്മയാണ് നീ. ജീവിതത്തിന്റെ നല്ല വശങ്ങൾ കാണിച്ചുകൊടുക്കുന്ന അവരുടെ ജീവിതത്തിലെ വെളിച്ചമാണ് നീ.
നീ ശരിക്കും അദ്ഭുതമാണ്! ഡാഡി പറയാറുള്ളതുപോലെ, ‘അദ്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നതാണ് അദ്ഭുതം!’നീ അത്ഭുതങ്ങൾ തന്നെയാണ് ചെയ്യുന്നത്.
നിനക്ക് കൂടുതൽ കരുത്തുണ്ടാകട്ടെ. നിന്റെ ഹൃദയം ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നിനക്ക് കീഴടക്കാൻ കഴിയട്ടെ. ലോകത്തിലെ എല്ലാ നഗരങ്ങളിലേക്കും ‘ദി ചാർക്കോൾ പ്രോജക്റ്റ്’ (The Charcoal Project) എത്തിച്ചേരട്ടെ. നിനക്കെന്നും സപ്പോര്‍ട്ടായി ഞാനുണ്ടാകും.’ എന്നാണ് ഹൃതിക് കുറിച്ചത്.
‘വളരെ നന്ദി റൈ! നമ്മളുടെ റെയ്ക്കും റിഡ്സിനും മികച്ച മാതാപിതാക്കളായി തുടരാൻ നമുക്കു സാധിക്കട്ടെ! നിനക്കും സബയ്ക്കും എനിക്കും അർസ്ലാനും നമ്മള് എല്ലാവര്ക്കും എന്നും സന്തോഷമുണ്ടാകട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് ഹൃതിക്കിന്റെ പോസ്റ്റിന് സുസാനെ കമന്റിട്ടത്.
പോസ്റ്റിനു താഴെ ഹൃതിക്കിന്റെ ഇപ്പോഴത്തെ പങ്കാളി സബ ആസാദും കമന്റുമായി എത്തി. ചുവന്ന ഹൃദയത്തിന്റെ ഇമോജിയാണ് സബ പോസ്റ്റ് ചെയ്തത്.
14 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2014ലാണ് ഇരുവരും വിവാഹമോചനം നേടുന്നത്.