Friday 12 July 2019 04:13 PM IST : By സ്വന്തം ലേഖകൻ

ഇനി ആ പരിഭവമില്ല, സമീറ ആഗ്രഹിച്ച പോലെ ‘അമ്മക്കുട്ടിയെത്തി’; സുന്ദരിക്കുട്ടിയുടെ ആദ്യ ചിത്രം

sameera

കാത്തിരിപ്പിനൊടുവിൽ ആ സന്തോഷ വാർത്തയെത്തി. പ്രേക്ഷകരുടെ പ്രിയപ്പെട്ട സമീറ റെഡ്ഡി ഒരു സുന്ദരിക്കുട്ടിയുടെ അമ്മയായി. മുംബൈയിലെ ബീംസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് സമീറ കുഞ്ഞിന് ജന്മം നല്‍കിയത്. സമീറയുടേയും ഭര്‍ത്താവിന്റേയും രണ്ടാമത്തെ കുഞ്ഞാണിത്. ഇരുവര്‍ക്കും മൂന്ന് വയസുള്ള ഒരു മകനുണ്ട്. ഹന്‍സ് വര്‍ദെ എന്നാണ് മകന്റെ പേര്.

ഗർഭകാലം ആസ്വദിക്കുന്ന സമീറയുടെ ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അടുത്തിടെ ഒമ്പതാം മാസത്തില്‍ നിറവയറുമായി സമീറ അണ്ടർവാട്ടർ ഫൊട്ടോഷൂട്ട് നടത്തിയതും ശ്രദ്ധേയമായി.

‘ഞങ്ങളുടെ കുഞ്ഞ് മാലാഖ ഇന്ന് പുലർച്ചെ എത്തി. അനുഗ്രഹവും പിന്തുണയുമായി കൂടെ നിന്ന എല്ലാവർക്കും നന്ദി’– കുഞ്ഞിക്കൈകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് സമീറ കുറിച്ചു.

‘എന്റെ ഒമ്പതാം മാസത്തിലെ നിറവയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുര്‍ബലമായ, ക്ഷീണവും ഭയവും തോന്നുന്ന, ആകാംക്ഷയേറിയ ഏറ്റവും സൗന്ദര്യമുള്ള സമയം. ഇത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കറിയാം ഇതിന്റെ പോസിറ്റിവിറ്റി പ്രതിധ്വനിക്കുമെന്ന്, കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്. ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂര്‍വമായ ശരീരത്തെയും നമ്മളെത്തന്നെയും സ്‌നേഹിക്കുകയും അംഗീകരിക്കുകയും വേണം,’ എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സമീറ കുറിച്ച വാക്കുകള്‍.

മൂത്ത മകന്‍ ഒരു അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ ഒരു അമ്മക്കുട്ടിക്കായാണ് താന്‍ കാത്തിരിക്കുന്നതെന്നും മുമ്പ് സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അടുത്തിടെ തന്റെ ബേബി ഷവര്‍ ചിത്രങ്ങളും സമീറാ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

Tags:
  • Baby Care
  • Gossips