മസായി മാരായിൽ മഴ പെയ്യുന്നതു കണ്ടിട്ടുണ്ടോ? മേഘങ്ങൾ താഴ്ന്നിറങ്ങിയ വാനിൽ സൂര്യൻ അസ്തമിക്കാനൊരുങ്ങുമ്പോൾ ചുവന്ന ആകാശത്തു നിന്നു വെള്ളിനൂൽ അലുക്കിട്ടതുപോലെ മഴ പെയ്യും. പുൽമേടുകൾ സ്വർണനിറത്തിൽ തിളങ്ങും. കാടണയാൻ ഒരുങ്ങി നീങ്ങുന്ന കാട്ടുമൃഗങ്ങൾ പുൽമേട്ടിലെ ഒറ്റമരച്ചോട്ടിൽ മഴയെയും സൂര്യനെയും ഒന്നിച്ചു പ്രണയിച്ചു നിൽക്കും. കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിലിരുന്നു രമ്യ അനൂപ് വാരിയര്‍ എന്ന തൃശൂര്‍ക്കാരി പറയുന്നതു കേട്ടപ്പോൾ ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അതു മസായി മാരായിലെ കാടുകളിലും മേടുകളിലുമാണെന്നു തോന്നിപ്പോയി.
മാരായിൽ ഒസെറോ സോപിയ എന്ന ജംഗിൾ ക്യാംപ് നടത്തുകയാണു രമ്യ. പ്രകൃതി സംരക്ഷണമാണു ല ക്ഷ്യം. ‘‘ഭൂമിയുടെ അവകാശികൾക്കെല്ലാം ഇവിടം സ്വർഗമാണ്. ഈ ഭൂപ്രകൃതിയെ സംരക്ഷിക്കേണ്ടതു നാളത്തെ തലമുറയ്ക്കു വേണ്ടിയുള്ള കരുതിവയ്പ്പാണെന്നു മനസ്സിലാക്കിയാണ് ഇവിടേക്കു ചേക്കേറിയത്.’’ ര മ്യ പറയുന്നു.
ജനിച്ചതും വളർന്നതും വൻനഗരങ്ങളിൽ. പക്ഷേ, കുട്ടിക്കാലം മുതൽ കാടും കാടകങ്ങളുമായിരുന്നു രമ്യയുടെ ഉള്ളം നിറയെ. ജീവിതത്തില്‍ പല വഴികള്‍ സഞ്ചരിച്ചെങ്കിലും പ്രകൃതിക്കു കരുതലാകുക എന്നതായിരുന്നു രമ്യയുടെ സ്വപ്നം. ‘‘ആഫ്രിക്കൻ കാടുകളോട് എ ന്നും സ്നേഹമായിരുന്നു. പ്രകൃതിയോടും വന്യമൃഗങ്ങളോടും കൂടുതലടുക്കാൻ വേണ്ടി വൈൽഡ് ലൈ ഫ് ഗൈഡ് കോഴ്സ് ചെയ്യാമെന്നു തീരുമാനിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ബോട്സ്വാന തിര ഞ്ഞെടുത്തത് ആ സ്നേഹം കൊണ്ടാണ്. ഒരു മാസത്തെ കോഴ്സ് കഴിഞ്ഞു തിരിച്ച് ‘കോൺക്രിറ്റ് ജംഗിളി’ലേക്കു വന്നപ്പോൾ ഒട്ടും പൊരുത്തപ്പെടാനാകുന്നുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെയാണു സഹോദരീ ഭർത്താവി ന്റെ സുഹൃത്തായ ദിലീപ് അന്തിക്കാടിനെ പരിചയപ്പെടുന്നത്. ദിലീപ് വെറ്ററൻ കൺസർവേഷനിസ്റ്റും ഉഗ്രൻ ഫൊട്ടോഗ്രഫറുമാണ്. അദ്ദേഹം കെനിയയിലെ കാടുകളിലേക്കു കൺസർവേഷൻ പ്രവർത്തനങ്ങൾക്കു പോകാറുണ്ടെന്നറിഞ്ഞപ്പോൾ ആഫ്രിക്കൻ കാടുകളിൽ വച്ചിട്ടുപോന്ന മനസ്സിലേക്കു ഞാൻ തിരികെ പ റന്നു.
പ്രകൃതിയിലേക്കു മനുഷ്യരെ അടുപ്പിക്കാൻ, കാടു സംരക്ഷിക്കാൻ ഇനിയും എന്തു ചെയ്യാനാകും എന്നായി അടുത്ത ചിന്ത. പ്രകൃതി സംരക്ഷണത്തോടുള്ള എ ന്റെ ആഗ്രഹം മനസ്സിലായപ്പോൾ ഞങ്ങളുടെ ചിന്ത മസായി മാരായിലേക്കു ചുവടുമാറി. പിന്നീട് ഇവിടുത്തെ പ്രകൃതി സംരക്ഷണമായി ലക്ഷ്യം. പ്രകൃതിക്കൊപ്പം നിൽക്കാൻ ഇവിടുത്തെ ആളുകളെയും ബോധവൽക്കരിക്കണമെന്നും മസായി ട്രൈബിനെ സംരക്ഷിക്കണമെന്നും ബോധ്യമുണ്ടായിരുന്നു.
40 ഏക്കർ ഭൂമി ലീസിനെടുത്താണു ഞാനും ദിലീപും ചേർന്ന് ജംഗിൾ ക്യാംപ് തുടങ്ങുന്നത്. അധികം മരങ്ങളോ കുറ്റിച്ചെടികളോ ഇല്ലാത്ത ഭൂമിയായിരുന്നു ഇത്. ഇതിൽ നദിക്ക് അഭിമുഖമായി വരുന്ന ഭാഗത്താണു ജംഗിൾ ക്യാംപ്. ബാക്കി ഭാഗങ്ങളിൽ മരങ്ങൾ വച്ചു പിടിപ്പിച്ചു. 2021 ജൂണിൽ ഒസെറോ സോപിയയില്‍ (ബ്രൗൺ ഫോറസ്റ്റ് എന്നാണർഥം) സുഹൃത്തുക്കൾ താമസിക്കാൻ എത്തി. അന്നു മൂന്നു ടെന്റുകളേ ഉള്ളൂ. ഇപ്പോൾ പതിയെ വികസിച്ചു മൂന്നു പിരിമിഡ് സ്റ്റൈൽ റൂമുകളും രണ്ടു ബുഷ് ടെ ന്റുകളുമായി. സോളാർ എനർജിയിലാണു മുഴുവൻ പ്രവർത്തനവും. ആവശ്യത്തിനു വേണ്ട പച്ചക്കറി കൃഷി ചെയ്യാൻ ഗ്രീൻ ഹൗസ് ഉണ്ട്.
മസായി ട്രൈബിലുള്ളവർ മാത്രമാണു ജംഗിൾ ക്യാംപി ൽ ജോലി ചെയ്യുന്നത്. വിശപ്പകറ്റുന്നത് ഈ കാടും വന്യമൃഗങ്ങളുമാണ് എന്ന ബോധം അവരെ ഭൂപ്രകൃതി സംരക്ഷിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. മാത്രമല്ല, ജംഗിൾ ക്യാംപിൽ നിന്നു ലഭിക്കുന്ന വരുമാനം മസായി ഗോത്രസമൂഹത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണു ചെലവാക്കുന്നത്. അവരില്‍ 80 ശതമാനവും പെൺകുട്ടികളാണ്.’’ രമ്യയുടെ വാക്കുകളിൽ അഭിമാനവും സന്തോഷവും.
ആ ചോദ്യം വെളിച്ചമാകുന്നു
‘‘ബഹ്റൈനിലായിരുന്നു എന്റെ കുട്ടിക്കാലം. അ വധിക്കു നാട്ടിലേക്കു വരാൻ കൊതിയാണ്. നാട്ടിലപ്പോൾ മഴക്കാലമാണല്ലോ.
കോളജിൽ പഠിക്കുമ്പോൾ തട്ടേക്കാടു യാത്ര പോയി. അന്നും പ്രകൃതി വന്നു തട്ടിവിളിച്ചിരുന്നു. പിന്നീട് അനൂപുമായി വിവാഹം. അധികം വൈകാതെ മക്കളും ജനിച്ചു. അന്നു ഞങ്ങൾ സിംഗപ്പൂരിലാണ്.
പ്രകൃതിയോട് ഉരുമ്മിനിൽക്കാൻ കണ്ടെത്തിയ മാധ്യമം മാത്രമാണ് അന്നെനിക്കു ക്യാമറ. പറ്റുമ്പോഴെല്ലാം ക്യാമറയുമായി പുറത്തിറങ്ങും. മക്കളെ കൂട്ടിയും ഇടയ്ക്ക് പോകും. പിന്നീട് സുഹൃത്തുക്കളുടെ മക്കളെയും ഒപ്പം കൂട്ടാൻ തുടങ്ങി. അവരോടു കാടിനെക്കുറിച്ചും പക്ഷികളെകുറിച്ചുമൊക്കെ പറഞ്ഞു കൊടുക്കുന്നതിന്റെ സന്തോഷം തിരിച്ചറിഞ്ഞപ്പോഴാണു വൈൽഡ് ലൈഫ് ഗൈഡ് കോഴ്സ് ചെയ്യണമെന്ന മോഹം മനസ്സിലുറച്ചത്.
അങ്ങനെയിരിക്കെ മറ്റൊരു സംഭവവുമുണ്ടായി. മോൻ നകുലിനു മൂന്നു വയസ്സു പ്രായം. കാടിനോടും മൃഗങ്ങളോടും വലിയ ഇഷ്ടമാണ് അവന്. മൃഗങ്ങളുടെ രൂപത്തിലുള്ള പാവകളാണ് ഇഷ്ട കൂട്ടുകാർ. ഒരു ദിവസം കളിക്കുന്നതിനിടെ കുഞ്ഞി കണ്ടാമൃഗത്തെ കയ്യിലെടുത്ത് അവൻ ചോദിച്ചു, ‘അമ്മേ, ഞാൻ വലുതാവുമ്പോ കണ്ടാമൃഗത്തെ കാണാൻ പറ്റുവോ... അപ്പോ ഇവയീ ഭൂമിയിൽ കാണുവോ...’ ഈ ചോദ്യം നെഞ്ചിൽ കോരിയിട്ട കനലിന്റെ വെളിച്ചമാണ് എന്റെ സ്വപ്നത്തിനു വഴിവെളിച്ചമാകുന്നത്. കാടിനു കരുതലാകാൻ മനസ്സിറങ്ങിയപ്പോൾ യാദൃച്ഛികമായി ദിലീപിനെ പരിചയപ്പെട്ടു എന്നതും നിയോഗമായി.
2021ൽ കുടുംബം നാട്ടിലേക്കു മടങ്ങി. ഭർത്താവ് അനൂപ് നാട്ടിൽ മക്കൾക്കൊപ്പമുണ്ട്. സിംഗപ്പൂർ ആസ്ഥാനമായ കമ്പനിയിലാണു ജോലി. ഇപ്പോൾ വർക് ഫ്രം ഹോം ആ ണ്. മകൾ തനുശ്രീ ഒൻപതാം ക്ലാസ്സിലും മകന്‍ ആ റാം ക്ലാസ്സിലും പഠിക്കുന്നു. മൂന്നു മാസം കൂടുമ്പോൾ അവരിങ്ങോട്ടോ ഞാൻ അങ്ങോട്ടോ പോകും. അതു ഞങ്ങളുടെ ഫാമിലി ഡീൽ ആണ്.
കാടറിയാൻ വീടണയാൻ
ഫൊട്ടോഗ്രഫേഴ്സിന്റെ സ്വർഗമാണു മസായി മാരാ. ഇവിടെയെത്തുന്ന ഫൊട്ടോഗ്രഫേഴ്സിനും ടൂറിസ്റ്റുകൾക്കും താമസിക്കാൻ നൂറിലധികം ക്യാംപുകളുണ്ട് മാരായിൽ. പക്ഷേ, മലയാളികൾ നടത്തുന്ന മറ്റൊന്ന് ഉണ്ടോയെന്നു സംശയം.
201 ഇനം പക്ഷികളുണ്ട് ഞങ്ങളുടെ ജംഗിള്‍ ക്യാംപിനു ചുറ്റും തന്നെ. കാടിനോടു ചേർന്നായതുകൊണ്ടു മൃഗങ്ങളുടെ കൂടി ഇടമാണിത്. സീബ്രയും ജിറാഫും ഹൈനയും ദിവസവും എത്താറുണ്ട്. പുള്ളിപ്പുലിയും ആനയും സിംഹവും ഇടയ്ക്കു വിരുന്നിനെത്തും. മനുഷ്യരാണ് ‘എപിക് പ്രഡേറ്റേഴ്സ്’ എന്നു മൃഗങ്ങൾക്കറിയാം. ആദ്യമൊക്കെ അവർ ഞങ്ങളെ കണ്ട് ഓടുമായിരുന്നു. പക്ഷേ, ഇപ്പോ അവർക്കറിയാം നമ്മൾ ശത്രുക്കളല്ല, സുഹൃത്തുക്കളാണ്. ഈ മൂന്നുവർഷം കൊണ്ടു ഞങ്ങൾ അവരുടെ വിശ്വാസം നേടിയെടുത്തു. ഇതുവരെ വന്യജീവി ആക്രമണമൊന്നും നേരിട്ടിട്ടില്ല.
മാരായിലെ ഓരോ ദിവസവും മെഡിറ്റേഷന്‍ പോലെയാണ്. അതിഥികൾ ഉള്ള ദിവസങ്ങളിൽ രാവിലെ അവർക്കൊപ്പം സഫാരി പോകും. പ്രകൃതി നൽകുന്ന സന്തോഷങ്ങൾ എത്ര അനുഭവിച്ചാലും മടുക്കില്ലെന്നതാണു സത്യം. സഫാരി പോയാൽ വൈകുന്നേരമാണു തിരിച്ചുവരിക. പിന്നെ, മെയിലുകൾക്കു മറുപടി അയയ്ക്കുക, ഫോൺ കോൾസ് ചെയ്യുക എന്നതാണു ജോലി.

അതിഥികളില്ലാത്ത ദിവസങ്ങളിലും രാവിലെ അഞ്ചു മണിക്ക് ഉണരും. ഉദയവും അസ്തമയവും ഒരിക്കലും മിസ്സ് ചെയ്യാറില്ല. ഫൊട്ടോഗ്രഫിക്കും പ്രകൃതിനടത്തത്തിനും ഏറ്റവും യോജിച്ച സമയം അതാണ്. ഗൈഡായി ഒപ്പം വരുന്നത് ആദിവാസി സമൂഹത്തില്‍ പെട്ടവരാണ്. ഈ കാടിനെയും മൃഗങ്ങളെയും ഇവർ അറിയുന്നതു പോലെ മറ്റാരും അറിയുന്നുണ്ടാകില്ല. മണിക്കൂറുകൾക്കു മുൻപു കടന്നുപോയ മൃഗത്തിന്റെ ഗന്ധം പോലും ഇവർ തിരിച്ചറിയും.പരമ്പരാഗതമായി പകർന്നു കിട്ടിയ ആ അറിവിന്റെ ബലമാണു നമ്മുടെ വഴികാട്ടി.
നമുക്കു പ്രിയമുള്ളതു നഷ്ടപ്പെടുമ്പോഴാണു നെഞ്ചു വിങ്ങുന്ന സങ്കടം വരിക. അല്ലാത്തതെന്തും കേട്ടറിയുമ്പോ ൾ ഉണ്ടാകുന്ന നൈമിഷികമായ തേങ്ങലാണ്. പ്രകൃതിയോടും വന്യമൃഗങ്ങളോടും അടുത്താൽ മാത്രമേ അവയെ ചേർത്തു നിർത്താനാകൂ. അതിനു കാടുകളിലേക്കു യാത്ര പോകണം. കാടിന്റെ സൗന്ദര്യമറിയണം. പുൽനാമ്പിനെ പോലും നോവിക്കാതെ കാട്ടിൽ താമസിക്കണം. ജംഗിൾ ക്യാംപിലെത്തുന്നവർ കാടിനെ പ്രണയിച്ചേ മടങ്ങിപ്പോകാവൂ എന്നുറപ്പാക്കി അവർക്കൊപ്പം ഞങ്ങൾ നിൽക്കും.’’
പുരസ്കാരത്തിളക്കത്തിന്റെ ഫ്രെയിം പിറന്നത്
ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളാണ് ഇവിടെ സീസൺ. വൈൽഡ് ബീസ്റ്റ് മൈഗ്രേഷൻ കാണാ നാണു കൂടുതൽ പേരും എത്തുന്നത്. ലക്ഷക്കണക്കിന് വൈൽഡ് ബീസ്റ്റുകൾ കുടിയേറ്റം നടത്തുന്ന അ പൂര്‍വ സുന്ദരകാഴ്ച. പക്ഷേ, ഏതു ഋതുവിലും മനോഹരിയാണു മാരാ.

മഴ പെയ്യുമ്പോൾ മാത്രം ഒപ്പിയെടുക്കാവുന്ന ഫ്രെയിമുകളുണ്ട്. അങ്ങനൊരു ഫ്രെയിം തേടി പോയപ്പോൾ ലഭിച്ചതാണ് ഈ സിംഹത്തിന്റെ ക്ലിക്. എനിക്ക് ആഫ്രിക ജിയോഗ്രഫിക് ഫൊട്ടോഗ്രഫർ ഓഫ് ദി ഇയർ 2023 നേടിത്തന്ന ഫോട്ടോയാണിത്.
മഴ പെയ്തു നനഞ്ഞ സട കുടയുന്ന സിംഹത്തിന്റെ ചിത്രമെടുക്കുക തന്നെയായിരുന്നു ലക്ഷ്യം. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ മോഹിച്ചപോലെ അതു ക്യാമറയിൽ പകർത്താനായി.
ഉച്ച കഴിഞ്ഞ സമയെത്തെടുത്ത ഫോട്ടോയാണിത്. കടുംപച്ച ബാക്ഗ്രൗണ്ടിൽ എടുക്കുന്ന ഫോട്ടോകൾ ബ്ലാക് ആൻഡ് വൈറ്റിലേക്കു മാറ്റുമ്പോൾ ഭംഗി കൂടും. സട കുടയുമ്പോൾ ചിന്നിചിതറുന്ന വെള്ളത്തുള്ളികൾക്കപ്പോൾ നക്ഷത്രങ്ങളേക്കാൾ തിളക്കമാണ്. സിംഹത്തിനു ചുറ്റും ഒരു മിൽകി വേ ഗാലക്സി.
പ്രകൃതിയിൽ ജീവിക്കുമ്പോൾ നമുക്കു മൃഗങ്ങളുടെ സ്വഭാവവും രീതികളും മനസ്സിലാകും. പതിവായി ഒരേ മൃഗത്തെ കണ്ടാൽ പരിചിതനായ ആളെപ്പോലെ ഓർത്തെടുക്കാനുമാകും. അവയുെട േചഷ്ടകള്‍ പോലും മനസ്സിലാകും. സുന്ദരമായ ഫോട്ടോകൾ പകർത്താനുമാകും.