Friday 20 October 2023 02:51 PM IST

പട്ടുചേലയിൽ തിളങ്ങും മരപ്പാച്ചി, കൂട്ടത്തിൽ ചെട്ടിയാർ–ചെട്ടിച്ചി ബൊമ്മകളും: ബൊമ്മക്കുലുവിന് പിന്നിലെ കഥ

Rakhy Raz

Sub Editor

bommaikolu

കന്നിമാസത്തിലെ അമാവാസി പിറന്നാൽ അഗ്രഹാരങ്ങൾ പുലർകാലത്തു കുളിച്ച്, മഞ്ഞളും കുങ്കുമവും നെറ്റിയിലണിഞ്ഞ് പട്ടുചേലയുടുക്കും. വീട്ടുമുറ്റത്തു മംഗളസൂചകമായി അരിപ്പൊടി കോലങ്ങള്‍ വിടരും. വീട്ടിനുള്ളില്‍ തട്ടുകളായി ദേവീദേവന്മാരുടെ ബൊമ്മകൾ നിരത്തി കൊലു ഒരുക്കും. ബൊമ്മക്കൊലുവിനു മുന്നില്‍ പാട്ടിയും മക്കളും െകാച്ചുമക്കളും േചർന്നിരുന്ന് ‘ലളിതാംബാൾശോഭനം’ ചൊല്ലും.

മംഗളമാന ലളിതാംബാൾ ശോഭനം

മംഗളമുണ്ടാഹപ്പാടുകിറോം

ശൃംഗാര ഗണപതി, ഷണ്മുഖർ, സരസ്വതി,

എങ്കൾക്ക് മുൻവന്ത് കാപ്പാമേ...

ലളിതസുഭഗമായ ഈരടികള്‍ കേട്ടാലുറപ്പിക്കാം നവരാത്രിയിങ്ങെത്തി. പിന്നെയങ്ങോട്ട് ഭക്തിയുടെയും സമർപ്പണത്തിന്റെയും ഒൻപത് ദിനരാത്രങ്ങൾ. സംഗീതവും നൃത്തവും നിറയുന്ന സന്ധ്യകൾ, ‘സരസ്വതി നമസ്തുഭ്യം’ ചൊല്ലി വിദ്യാരംഭം കുറിക്കുന്ന ദിവസം വരെ തുടരുന്ന ആ ഘോഷങ്ങൾ.

തമിഴ് ബ്രാഹ്മണരുടെ നവരാത്രി ആചാരങ്ങളുടെ ഭാഗ മാണ് ‘ബൊമ്മക്കൊലു’ വയ്ക്കൽ. ‘ബൊമ്മ’ എന്നാൽ പാ വ എന്നും ‘കൊലു’ എന്നാൽ പടികൾ എന്നുമാണ് അർഥം. ഒന്ന്, മൂന്ന്, അഞ്ച്, ഒൻപത്, പതിനൊന്ന് എന്ന മട്ടിൽ ഒറ്റസംഖ്യയിൽ കൊലു എത്ര വേണമെങ്കിലും വലുതാക്കാം. ദുർഗാദേവി മഹിഷാസുരനെ വധിക്കാനായി സൂചിമുനയിൽ കാലുവച്ചു തപസ്സനുഷ്ഠിക്കുകയും വിജയദശമി നാളിൽ യുദ്ധം ചെയ്തു വിജയം വരിക്കുകയും ചെയ്തതിന്റെ ആഘോഷമാണ് ദേവീദേവന്മാരുടെ പ്രതിമകൾ തട്ടുകളിലായി വച്ചു പൂജിക്കുന്ന ‘ബൊമ്മക്കൊലു’. ദേവിയുടെ വിജയം സ്ത്രീയുടെ വിജയമായി കാണുന്നതിനാൽ സ്ത്രീക ൾക്കും പെൺകുട്ടികൾക്കും ‘ബൊമ്മക്കൊലു’ ആഘോഷത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്.

കർണാടകയിലും ആന്ധ്രയിലും പതിവുണ്ടെങ്കിലും ത മിഴ് സംസ്കാരത്തിലാണിതിന് വേരോട്ടമേറെ. തമിഴ്നാടിനോട് കൈകോർത്തു കിടക്കുന്നതിനാലാകാം കേരളത്തിലും ‘ബൊമ്മക്കൊലു’ വയ്ക്കൽ നിറമുള്ള നവരാത്രിക്കാഴ്ചയാണ്. പാലക്കാടും തിരുവനന്തപുരവുമാണ് ഈ െഎശ്വര്യനിറക്കാഴ്ചയൊരുക്കുന്നതിൽ കേരളത്തിൽ മുൻപർ. എങ്കിലും കേരളത്തിലെ പല ഭാഗത്തും വീടുകളിൽ ‘ബൊമ്മക്കൊലു’ ഒരുക്കുന്ന പതിവുണ്ട്.

ദേവീരൂപമായി കലശം

‘‘ബൊമ്മക്കൊലു വയ്ക്കൽ ഒരു കലയാണ്. വ്യത്യസ്തമായി പല തീമുകളിൽ ആയിരിക്കും ഓരോ വർഷവും വയ്ക്കുക. ഭംഗിയും പൊലിമയും ഒരോരുത്തരുടെയും കലാവിരുതു പോലെയിരിക്കും. ഓരോ പടിയും ഓരോരോ തീമിലായി സെറ്റ് ചെയ്യുകയാണ് എന്റെ പതിവ്.’’ അറുപത്തിയെട്ടാം വയസ്സിലും വ്യത്യസ്തമായി ബൊമ്മക്കൊലു ഒരുക്കുന്ന ചങ്ങനാശേരിയിലെ ധർമം ഹരിഹരൻ പറയുന്നു.

‘‘ബൊമ്മക്കൊലു ചെലവേറിയ കാര്യമായി തോന്നാം. എന്നാൽ കൊലു വയ്ക്കാൻ ഏറെ ബൊമ്മകൾ വേണമെന്നില്ല. കലശവും മരപ്പാച്ചിയും വച്ച് പൂജിക്കുകയും ലളിതാ ശോഭനം സ്തോത്രം ചൊല്ലുകയും ചെയ്യേണ്ടത് നിർബന്ധമാണ്.

കുടത്തിൽ വെള്ളമോ ധാന്യമോ നിറച്ച്, മാവില കുടത്തിന്റെ വാവട്ടത്തിൽ നിരത്തി നടുക്ക് കുടുമ്മിയുള്ള തേങ്ങ കൂടി വച്ച് മഞ്ഞളും കുങ്കുമവും കൊണ്ട് കുടത്തിനു ചുറ്റും പൊട്ടുകൾ വച്ചാൽ ദേവീ സങ്കൽപമായി.

കലശത്തിൽ വെള്ളമാണ് നിറയ്ക്കുന്നതെങ്കിൽ എല്ലാ ദിവസവും വെള്ളം മാറ്റണം. പകരം പച്ചരിയും അൽപം പ രിപ്പും നാണയങ്ങളും മഞ്ഞളും നിറച്ച് മാവില ചുറ്റും വച്ചു തേങ്ങ വച്ചാൽ നിത്യവും പൂജ ചെയ്യാം.’’

ജീവിതത്തിന്റെ പൂർണതയുടെ രൂപമാണ് ദമ്പതികൾ. മ രപ്പാച്ചി കൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്. രക്തചന്ദന മരത്തിൽ കൊത്തിയുണ്ടാക്കിയ സ്ത്രീപുരുഷ രൂപങ്ങളാണ് മരപ്പാച്ചി. ശിവനും പാർവതിയും എന്നാണ് സങ്കൽപം. മരപ്പാച്ചിയെ പട്ടുചേലയോ ദാവണിയോ പാവാടയോ ഉടുപ്പിച്ച് അലങ്കരിച്ചായിരിക്കും പൂജയ്ക്ക് വയ്ക്കുന്നത്.

‘‘മരപ്പാച്ചിക്ക് അണിയിക്കാനുള്ള വേഷങ്ങൾ വാങ്ങാൻ കിട്ടുമെങ്കിലും ഞാൻ എല്ലാം സ്വയം തയ്ച്ചു തയാറാക്കുകയാണ് പതിവ്. ഒപ്പം കൊലു കാണാനെത്തുന്നവർക്ക് നൽകാന്‍ ഭംഗിയുള്ള തുണിബാഗുകളും തയ്ച്ചുണ്ടാക്കി വയ്ക്കും.’’

‘‘സ്ത്രീകൾ വ്രതമെടുത്താണ് ബൊമ്മക്കൊലു വയ് ക്കുന്നത്. ഗണപതി പൂജയോടു കൂടി തുടങ്ങും’’ ധർമം ഹ രിഹരന്റെ മകൾ വിദ്യ സംഗമേശ്വൻ വിശദീകരിച്ചു. ‘‘അ ൽപാഹാരം മാത്രം കഴിച്ചോ ഒരു നേരം മാത്രം ആഹാരം കഴിച്ചോ പകൽ ആഹാരം കഴിക്കുന്നത് ഒഴിവാക്കിയോ വ്രതം നോക്കാം.

ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ നവരാത്രി കാലത്ത് ആഹാരത്തിൽ നിന്ന് ഒഴിവാക്കും. നിത്യവും രാവിലെയും വൈകുന്നേരവും പൂജ ചെയ്യും. ലളിതാ ശോഭനം ആണ് രാവിലെ ആദ്യം ചെല്ലുക. അതു കൂടാതെ ദേവീ പാഠം, ലളിതാ സഹസ്രനാമം, ദേവീ മാഹാത്മ്യം എന്നിവയും ദേവീ കീർത്തനങ്ങളും ചൊല്ലും.’’ അധ്യാപിക കൂടിയായ വിദ്യ െകാലുവിെന്‍റ ചടങ്ങുകള്‍ വിശദമാക്കുന്നു.

െബാമ്മകളില്‍ േഛാട്ടാ ഭീം വരെ...

തട്ടുകൾ ഭംഗിയുള്ള തുണിയോ വർണപേപ്പറോ കൊണ്ട് അലങ്കരിച്ച ശേഷമാണ് ബൊ‌മ്മകൾ വയ്ക്കുക. കലാവിരുതേറെയുള്ളവർ രഥത്തിന്റെ ആകൃതിയിലോ താമര ആ യോ ഒക്കെ തട്ടുകൾ ഒരുക്കും.

ഏതു തരത്തിലുള്ള െബാമ്മകളും വയ്ക്കാം. ദേവീദേവന്മാരുടെ മാത്രമേ പാടുള്ളു എന്നില്ല. ശ്രീരാമ പട്ടാഭിഷേകം, രാമായണം, അഷ്ടലക്ഷ്മിമാർ, കാർത്തികൈ പെൺകൾ കല്യാണ സെറ്റ്, വിവിധ കലകളുടെ സെറ്റ്, തഞ്ചാവൂരിന്റെ പ്രത്യേകതയായ തലയാട്ടി ബൊമ്മകൾ അങ്ങനെ എന്തും. കുട്ടികളെ ആകർഷിക്കാനായി പാർക്ക് സെറ്റ്, കിച്ചൺ സെറ്റ്, വിവിധതരം കാറുകള്‍, വാഹനങ്ങള്‍, എന്തിന് ഛോട്ടാ ഭീമും ഡോറയും വരെ ഇന്ന് കൊലുവിന്റെ ഭാഗമാക്കുന്നവരുണ്ട്.

‘‘ പാലക്കാട്ടെ ഗ്രാമങ്ങളായ കൽപാത്തി, നൂറണി, തുണ്ടുകടവ് ഒക്കെ ഗംഭീര ബൊമ്മക്കൊലു ആഘോഷങ്ങൾ നടക്കാറുണ്ട്. പാലക്കാട് അഗ്രഹാരങ്ങളുടെ കൂടി നാടാണല്ലോ’’ എന്ന് പാലക്കാട് നൂറണി ഗ്രാമത്തിൽ നിന്നുള്ള കവിത ഗിരീഷ്.

‘‘എന്റെ വിവാഹം നവരാത്രി ആരംഭത്തിന് അൽപം മു ൻപായിരുന്നു. വിവാഹം കഴിഞ്ഞ് ഭർത്താവ് ഗിരീഷുമൊത്ത് ദുബായിൽ ചെന്നിറങ്ങിയ അന്ന് നവരാത്രി ഒന്നാം ദിവസമായിരുന്നു. ഗിരീഷിന്റെ അമ്മ കൊലു വയ്ക്കാൻ മരപ്പാച്ചി തന്നു വിട്ടിരുന്നു. ആ വർഷം അതുമാത്രം വച്ചു പൂജ വച്ചു. പിന്നെ, ഓരോ വർഷവും എന്റെ കൊലു കൂടുതൽ സമ്പന്നമായി. പ്രത്യേകിച്ചും മകൾ സഞ്ജീവനി ജനിച്ചതോടെ. ഓരോ വർഷവും പുതിയ ബൊമ്മകൾ വാങ്ങി. ഓരോരോ തീമുകളിൽ. ഇപ്പോൾ നാലു കാർട്ടൻ നിറയെ ബൊമ്മകളുണ്ട് എന്റെ കയ്യിൽ ’’കവിത ആവേശത്തോടെ പറയുന്നു.

‘‘മൂന്നുവര്‍ഷം മുന്‍പാണ് ഞങ്ങൾ നാട്ടിലേക്കു മടങ്ങിയത്. ഇപ്പോൾ മകൾ പ്ലസ് ടു വിദ്യാർഥിനിയാണ്. മകൻ സായ്റാമിന് പത്തു വയസ്സായി.

ദുബായിലെ ബൊമ്മക്കൊലു ആഘോഷം കേമമാണ്. എന്നാലും കുട്ടിക്കാലത്തെ കൊലു ആണ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. ഞാൻ പഠിച്ചതും വളർന്നതും കൊൽക്കൊത്തയിലാണ്. അവിടെ ധാരാളം അയ്യർ കുടുംബങ്ങ ൾ ഉണ്ടായിരുന്നു. എല്ലാ കുട്ടികളും അവിടെ പാട്ടോ നൃത്ത‌മോ പഠിക്കുക പതിവുണ്ട്. ഞാനും അനുജത്തി സവിതയും പാട്ട് പഠിച്ചിരുന്നു.

നവരാത്രി കാലമായാൽ പാട്ട് ടീച്ചർ പല ദേവീ കീർത്തനങ്ങളും പഠിപ്പിക്കും. വൈകുന്നേരം പരസ്പരം വീടുകൾ സന്ദർശിക്കാൻ പോകുമ്പോൾ വലിയ പ്ലാനിങ്ങായിരിക്കും. അവിടെ ഏതു വീട്ടിൽ ഏതു പാട്ടു പാട്ടണം എന്നൊക്കെ നേരത്തെ പ്ലാന്‍ ചെയ്യും. അതൊക്കെ നിറമുള്ള ഓർമകളാണ്.’’

കൊലു വയ്ക്കുന്ന സ്ത്രീയുടെ ഭർത്താവിന്റെ വീട്ടിൽ മരണമുണ്ടായാൽ മാത്രമേ ബൊമ്മക്കൊലു വയ്ക്കാതിരിക്കാൻ പാടുള്ളു. ഇല്ലെങ്കിൽ ഒരു തട്ട് മാത്രമായെങ്കിലും ബൊമ്മക്കൊലു വയ്ക്കണം എന്നാണ് വിശ്വാസം. വിളക്കി ൽ തുണി ചുറ്റി ദേവീരൂപം കെട്ടിയുണ്ടാക്കി പട്ടുസാരി ഉടുപ്പിച്ച് ആഭരണങ്ങൾ അണിയിച്ച് വയ്ക്കലും ബൊമ്മക്കൊലുവിന്റെ ഭാഗമാണ്.

പൂ ചൂടി, പുതുപ്പുടവ ചുറ്റി

‘‘കൊച്ചു കുട്ടികളായിരിക്കെ ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം നവരാത്രിക്കാലത്ത് ഓരോ ദിവസവും ഓരോ പുതിയ വസ്ത്രം അണിയാം എന്നതായിരുന്നു.’’ തിരുവനന്തപുരത്തു നിന്നുള്ള സ്നേഹ–ശരണ്യ സഹോദരിമാർ ഓർമകളിലേക്ക് ഇറങ്ങി. എന്നും പട്ടു പാവാടയുടുത്ത് പൂ ചൂടി ഒരുങ്ങി നിൽക്കാം. സ്കൂളുള്ള ദിവസമാണെങ്കിൽ തിരിച്ചെത്തിയാൽ ഉടൻ കുളിച്ചു നല്ല വസ്ത്രം ധരിക്കും. വീട്ടിൽ ഞങ്ങളാണ് കൊലു ഒരുക്കുന്നത്. ബൊമ്മകൾ വാങ്ങി വരുന്നത് അച്ഛനും സഹോദരന്മാരും ചേർന്നായിരിക്കും.

പ്രതിമകളുടെ കൂട്ടത്തിൽ ചെട്ടിയാർ ചെട്ടിച്ചി പ്രതിമ വയ്ക്കാറുണ്ട്. അതിന്റെ കഥ രസകരമാണ്. ധാന്യങ്ങൾ വിൽക്കുന്നവരാണ് ചെട്ടിയാരും ചെട്ടിച്ചിയും. അവരോട് എന്തു ചോദിച്ചാലും ‘ഇല്ല’ എന്നൊരു മറുപടി പറയില്ല.

പച്ചപ്പയറുണ്ടോ എന്നു ചോദിച്ചു എന്നു വയ്ക്കുക. പയറ് ഇല്ലെങ്കിൽ ‘ഇല്ല’ എന്നു പറയില്ല, പകരം അരി ഉണ്ട് എന്നോ, നാളെ വരൂ എന്നോ മാത്രമേ ചെട്ടിയാര് പറയൂ. ആരു വന്ന് എന്തു ചോദിച്ചാലും ‘ഇല്ല’ എന്നു പറയരുത് എന്നാണ് ഈ ബൊമ്മ കൊണ്ട് ഉദ്ദേശിക്കുന്നത്. കാർഷിക സമൃദ്ധിയുടെ അടയാളം കൂടിയാണ് ചെട്ടിയാർ ചെട്ടിച്ചി ബൊമ്മകൾ.’’

വിദ്യാരംഭത്തോടെ സമാപനം

ബൊമ്മക്കൊലു കാണാന്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്ന പതിവുണ്ട്. ക്ഷണിച്ചില്ലെങ്കിലും ആർക്കും കൊലു കാണാൻ വരാം. വരുന്ന സ്ത്രീകളെയും കുട്ടികളെയും ദേവിയുെട പ്രതിരൂപമായി കണ്ട് ആദരിക്കുന്ന പതിവുമുണ്ട്.

‘‘തട്ടത്തിൽ വെറ്റില, പാക്ക്, മഞ്ഞൾ, പഴം, പൂവ്, തേങ്ങ, അന്നത്തെ നിവേദ്യം എന്നിവ വച്ച് സ്ത്രീകൾക്കും പെൺ കുട്ടികൾക്കും സമ്മാനിക്കും. നിവേദ്യത്തിന് പ്രത്യേകതയുണ്ട്. കടല, പയർ എന്നിവ വേവിച്ച് ഉപ്പോ മധുരമോ ചേർത്തു തയാറാക്കുന്ന വിഭവമായ ചുണ്ടലാണ് പ്രധാനം. ഇതുകൂടാതെ പല വിധത്തിലുള്ള മധുരപലഹാരങ്ങളും ഉണ്ടാക്കും.’’ എറണാകുളത്ത് നൃത്താധ്യാപികയായ ലളിത നീലകണ്ഠന്റെ ഓർമകളിൽ മധുരം നിറ യുന്നു.

‘‘കൊച്ചു കുട്ടികൾക്ക് പട്ടുപാവാടസെറ്റ്, വ ള, മാല, ക്ലിപ്പ് എന്നിവ സമ്മാനമായി നൽകാറുണ്ട്. ഇന്നതാകണം സമ്മാനം എന്നില്ല. കഴിയുന്ന എന്തും നൽകാം. പെൺകുട്ടികൾ സമ്മാനം വാങ്ങുമ്പോൾ ആൺകുട്ടികൾക്ക് സങ്കടം വരില്ലേ. അതുകൊണ്ട് അവർക്കും പന്തോ പേനയോ ഒക്കെ നല്‍കും. എന്റെ മക്കൾ ഋതികയും രോഹിതും ട്വിൻസ് ആണ്. അവര്‍ ഏറ്റവും ആ ഹ്ലാദിക്കുന്ന കാലമാണിത്.’’

കൊലുവിന്റെ മുന്നിലാണ് പൂജ വയ്ക്കുന്നത്. പൂജയെടുത്ത ശേഷം മരപ്പാച്ചിയെ തട്ടിൽ നിന്ന് എടുത്തു കിടത്തുന്നതോടെ ആഘോഷങ്ങൾ തീരും. ശക്തിസ്വരൂപിണിയായ ദുർഗാദേവിയുടെ ആരാധനയ്ക്കൊപ്പം തെന്നിന്ത്യയുടെ കാർഷിക സംസ്കാരവും കരകൗശല പാരമ്പര്യവും കൂടി പ്രതിഫലിക്കുന്നതാണ് ബൊമ്മക്കൊലു.

വീട്ടിനുള്ളില്‍ ഭക്തിപൂര്‍വം ഒരുക്കി വയ്ക്കുന്ന ഈ കുഞ്ഞിക്കുഞ്ഞി പ്രതിമകള്‍ കുടുംബത്തിലേക്കു െകാണ്ടുവരുന്നത് വിദ്യാവിജയം മാത്രമല്ല, െഎശ്വര്യം കൂടിയെന്നാണ് വിശ്വാസം.