‘ജീവിതം വളരെ മോശമായ സാഹചര്യത്തിലാണ്, എന്നും വഴക്കും ബഹളവുമാണ്’എന്നൊക്കെ പറഞ്ഞവർക്ക്...‘ട്രോമ ബോണ്ടിങ്’ വിമർശനങ്ങൾക്ക് മറുപടിയുമായി ശ്രീക്കുട്ടി
Mail This Article
ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേഷകർക്ക് സുപരിചിതയാണ് ശ്രീക്കുട്ടി. വിവാഹശേഷം അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ നിരന്തര സാന്നിധ്യമാണ്.
കഴിഞ്ഞ ദിവസം, പതിമൂന്നാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ചുള്ള ശ്രീക്കുട്ടിയുടെ വ്ലോഗ് ആരാധകർ ഏറ്റെടുത്തിരുന്നു. ക്യാമറാമാൻ മനോജ് കുമാറാണ് ശ്രീക്കുട്ടിയുടെ ഭർത്താവ്. ഇവർക്ക് വേദ എന്ന മകളുമുണ്ട്. ‘കുറഞ്ഞത് 1 വർഷം മാത്രം കാലാവധി എഴുതിയ ദാമ്പത്യം’ എന്ന കുറിപ്പോടെ പ്രിയപ്പെട്ടവനൊപ്പമുള്ള വിഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു.
ഒരു മാസത്തിൽ 25 ദിവസവും ഭർത്താവും താനും വഴക്കും പിണക്കവും തന്നെയാണെന്നും ഭർത്താവിന് അൽപം ദേഷ്യമുണ്ടെന്നും താനും ഒട്ടും മോശമല്ലെന്നും ശ്രീക്കുട്ടി വ്ളോഗിൽ പറഞ്ഞിരുന്നു. പിന്നാലെ ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനങ്ങളും ഉയർന്നു. ശ്രീക്കുട്ടിക്ക് ഭർത്താവുമായുള്ളത് ട്രോമ ബോണ്ടിങ് ആണെന്ന തരത്തിലായിരുന്നു പല കമന്റുകളും. ഇപ്പോഴിതാ, ഇത്തരം കമന്റുകൾക്കുള്ള മറുപടിയുമായി പുതിയ വ്ളോഗ് പോസ്റ്റ് ചെയ്തിരിക്കുകയാണ് ശ്രീക്കുട്ടി.
‘ഇത് മിക്കവാറും വേറൊരു രീതിയിൽ മറ്റുള്ളവരിലേക്ക് എത്തുമെന്ന് ചിന്തിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. കുറേ ഓൺലൈൻ മീഡിയ ആ വിഡിയോ എടുത്തിട്ട് ശ്രീക്കുട്ടിയുടെ ജീവിതം വളരെ മോശമായ സാഹചര്യത്തിലാണ്, എന്നും വഴക്കും ബഹളവുമാണ്, മോളെ കരുതി മാത്രമാണ് ജീവിതം മുന്നോട്ട് പോകുന്നത് എന്നൊക്കെ പറഞ്ഞ് എഴുതിയിട്ടിട്ടുണ്ടായിരുന്നു. ഞാൻ ഇത്തരം വാർത്തകൾ മൈൻഡ് ചെയ്യാറില്ല. അമ്മയാണ് എനിക്ക് കാണിച്ചു തന്നത്. എനിക്കതു കണ്ടിട്ട് ചിരിയാണ് വന്നത്. നമ്മൾ ഒരു കാര്യം പറയുന്നു. അവർ അതിനെ വേറൊരു രീതിയിൽ എടുക്കുന്നു. അത് പബ്ലിക്കിൽ എത്തിക്കുന്നു. റിയാക്ഷൻ വിഡിയോ ചെയ്യുന്നവരുമുണ്ട്. മറ്റുള്ളവരുടെ കണ്ടന്‍റ് എടുത്താണ് അവർ വിഡിയോ ചെയ്യുന്നത്. ആ കണ്ടന്റിനെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യും. അവർക്ക് സ്വന്തമായി ഒരു കണ്ടന്റില്ല. ഫെയ്ക്കായി വരുന്ന കാര്യങ്ങൾ കണ്ട് അതിനെ സപ്പോർട്ട് ചെയ്യാതെ ഒറിജിനൽ വിഡിയോകൾ തന്നെ കാണാൻ ശ്രമിക്കുക’.– ശ്രീക്കുട്ടി പറയുന്നു.