‘അച്ഛൻ മരിച്ചതിന്റെ ചടങ്ങിനു വിളിച്ചപ്പോൾ വരാൻ വിസമ്മതിച്ച ചിലരുടെ ഡ്രാമ ഞാൻ ഓർക്കുന്നു’: വൈകാരിക കുറിപ്പുമായി ശ്രീകല ശശിധരന്‍
Mail This Article
മലയാളികളുടെ മാനസപുത്രിയാണ് ശ്രീകല ശശിധരന്‍. മലയാളം സീരിയല്‍ ചരിത്രത്തിലെ സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ 'എന്റെ മാനസപുത്രി'യിലെ സോഫിയ എന്ന നായികാ കഥാപാത്രം ശ്രീകലയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. സോഫിയയുടെ സങ്കടങ്ങള്‍ തങ്ങളുടെ വേദനയായി പങ്കിട്ടവരാണ് കേരളത്തിലെ വീട്ടമ്മമാര്‍. സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് മലയാളി സോഫിയയെയും അതു വഴി ശ്രീകലയെയും ഹൃദയത്തോട് ചേര്‍ത്തത്. എന്റെ മാനസപുത്രിക്കു ശേഷം നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന വേഷത്തില്‍ ശ്രീകല തിളങ്ങി.
ഇപ്പോഴിതാ, തന്റെ അച്ഛന്റെ ഓർമദിനത്തിൽ ഒരു വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ശ്രീകല.
‘ഇന്ന് എന്റെ അച്ഛൻ പാലാട്ട് ചിറക്കര ശശിധരൻ അടിയോടി മരിച്ച ദിവസം .ജാതിപ്പേര് കൂട്ടി പറഞ്ഞത് വേറൊന്നും കൊണ്ടല്ല... പത്രത്തിൽ മരിച്ച വിവരം കൊടുത്തപ്പോൾ ജാതിപ്പേര് മാറിപ്പോയി സഹോദരൻ, സഹോദരിമാരുടെ പേര് വിവരങ്ങൾ കൊടുത്തില്ല എന്നും പറഞ്ഞു അച്ഛൻ മരിച്ചു 12 ാം ദിവസത്തിന്റെ ചടങ്ങിനു വിളിച്ചപ്പോൾ വരാൻ വിസമ്മതിച്ച ചിലരുടെ ഡ്രാമ ഞാൻ ഓർക്കുന്നു... (അവരൊന്നും ഇല്ലാതെതന്നെ അന്നു ചടങ്ങുകളൊക്കെ ഭംഗിയായി ചെയ്തു ഞങ്ങൾ).
അമ്മയും അച്ഛനും നമ്മെ വിട്ടുപോകുമ്പോഴാണ് അനാഥയായി പോയെന്ന യാഥാർത്ഥൃം മനസ്സിലാകുന്നത്.
അച്ഛന്റെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട്– മകൾ, ശ്രീകല ശശിധരൻ’.– അച്ഛനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് ശ്രീകല കുറിച്ചു.