‘പരുക്കേറ്റ മനുഷ്യനെ ആംബുലൻസിൽ കയറ്റുമ്പോൾ ഇവൻ ആളുകളെ ചവിട്ടുകയായിരുന്നു’: സിദ്ധാർത്ഥിനെതിരെ ഗുരുതര ആരോപണം
Mail This Article
നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ചുണ്ടായ അപകടത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സംഭവത്തിന്റെ ദൃക്സാക്ഷിയായ സ്ത്രീ. അപകടത്തിനു ശേഷം സിദ്ധാർത്ഥ് മോശമായാണു പെരുമാറിയതെന്നും അതു കൊണ്ടാണ് ചുറ്റും കൂടിയവർ പ്രതികരിച്ചതെന്നും അവർ പറയുന്നു.
നിങ്ങൾ വിചാരിക്കുന്നത് സെലിബ്രിറ്റി ആയതു കൊണ്ട് സാധാരണക്കാരൻ കൈ വയ്ക്കാൻ അവസരം കിട്ടിയപ്പോൾ ചെയ്തെന്നാണ്. ഒരിക്കലുമല്ല. ജെറ്റ് വരുന്നതു പോലെയാണ് ഈ കാർ വന്നത്. സൈഡിൽ കൂടെ നടന്നു പോയ ആളെ ഇടിച്ച് തെറുപ്പിച്ചു. ഇടിയേറ്റയാൾ നടുവിലുള്ള ലൈനിന്റെ ഇപ്പുറത്തു വീണ്, രക്തത്തിൽ കുളിച്ചു വളഞ്ഞു കിടക്കുകയാണ്. അതു കണ്ട ഞാൻ രണ്ട് ചെവിയും പൊത്തി അലറുകയായിരുന്നു. വെയിറ്റിങ് ഷെഡ്ഡിന്റെ സൈഡിൽ ഇടിച്ചിരുന്നു. അവിടെ നിന്നിരുന്ന ഒരാൾ ചാടിയതുകൊണ്ട് അയാൾ രക്ഷപ്പെട്ടു. ആൾക്കാർ അപകടം പറ്റിയ ആളെയാണ് നോക്കിയത്. തൊടാൻ തന്നെ ഭയം. പിടിച്ചെഴുന്നേൽപ്പിക്കാൻ പറ്റുന്ന അവസ്ഥയല്ല.
അയാളുടെ ബാക്കിലാണ് ഇടിച്ചത്. നിങ്ങളുടെ അച്ഛനോ ഭർത്താവിനോ ഈ അവസ്ഥയുണ്ടായാൽ നിങ്ങൾ സഹിക്കുമോ. കാറിൽ നിന്ന് ഇറങ്ങിയ മാന്യന് (സിദ്ധാർത്ഥ് പ്രഭു) നിൽക്കാൻ പോലും വയ്യ. ഇടിച്ച് ഇത്രയും ആൾ കൂടുമ്പോൾ ഇവനെന്താണ് ചെയ്യേണ്ടത്. കുറഞ്ഞത് ഒരു സോറി, എനിക്ക് പറ്റിപ്പോയി, നമുക്ക് ആശുപത്രിയിൽ കൊണ്ടു പോകാം എന്നാണു പറയേണ്ടത്. പക്ഷേ, അവൻ അവിടെ കാണിച്ച ഷോ... അവന്റെ വായിൽ നിന്ന് വന്ന വാക്കുകൾ...അവൻ ആളുകളെ തൊഴിക്കുകയും ചെയ്തു. അപ്പോൾ പിന്നെ ആളുകൾ കയ്യും കെട്ടി നോക്കി നിൽക്കണോ. ഞാനിന്നും അതിൽ നിന്ന് റിക്കവറായിട്ടില്ല. ഇത് അറിയാതെ പറ്റിയ അബദ്ധമൊന്നുമല്ല. കുടിച്ച് വെളിവ് കെട്ടിരുന്നു. സെലിബ്രിറ്റി ആയത് കൊണ്ടല്ല അവനെ ഇങ്ങനെ ചെയ്തത്. ആര് ചെയ്താലും സമൂഹം ഇങ്ങനെ തന്നെ പ്രതികരിക്കുമെന്നും ഐശ്വര്യ ലക്ഷ്മി തുറന്നടിച്ചു. പരുക്കേറ്റയാളെ ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുമ്പോൾ ആളുകളെ ഇവൻ ചവിട്ടുകയായിരുന്നു. അവനെ ആരും പിടിച്ച് കിടത്തിയതല്ല. അവൻ തന്നെ കുഴഞ്ഞ് കിടന്നതാണ്. അവന് നിൽക്കാൻ വയ്യായിരുന്നെന്നും ഐശ്വര്യ പറയുന്നു.
കോട്ടയം എംസി റോഡിൽ വച്ച് ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.