‘ഒരു പരിധിക്കു മീതെ ആരെയും സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്’: അപ്സരയുടെ കുറിപ്പ് വൈറൽ
Mail This Article
2025 പോലെ ഒരു വർഷം ഇനി എന്റെ ജീവിതത്തിൽ വരാതിരിക്കട്ടെ എന്നു മിനിസ്ക്രീൻ താരം അപ്സര. പുതുവർഷത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലാണ് താരം ഇക്കാര്യം പറയുന്നത്.
‘ഒരു പുതിയ തുടക്കം. ഇനി വരാനിരിക്കുന്നതെല്ലാം നല്ലതാകട്ടെ, 2025 പോലെ ഒരു വർഷം ഇനി എന്റെ ജീവിതത്തിൽ വരാതിരിക്കട്ടെ. മാനസികമായും, ശാരീരികമായും, സാമ്പത്തികമായും നേരിടേണ്ടി വന്ന ഒട്ടേറെ പോരാട്ടങ്ങളും അനുഭവങ്ങളുമായി ജീവിതം എന്താണെന്ന് എന്നെ പഠിപ്പിച്ച വർഷം. എന്നിലെ നന്മയും എന്നിലെ തിന്മയും തിരിച്ചറിയാൻ എന്നെ സഹായിച്ച വർഷം... മനുഷ്യൻ യഥാർത്ഥത്തിൽ എന്താണെന്ന് മനസിലാക്കി തന്ന വർഷം. തുറന്ന മനസ്സിനേക്കാൾ ഉള്ളിൽ പലതും ഒതുക്കി പുറത്തേക്ക് ചിരിച്ചു കാണിക്കുന്നതാണ് നല്ലത് എന്ന് പഠിപ്പിച്ച വർഷം..ഒരു പരിധിക്കു മീതെ ആരെയും സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത് എന്ന് പഠിപ്പിച്ച വർഷം. കാണുന്നതെല്ലാം നല്ലതല്ലെന്ന് ബോധ്യപ്പെടുത്തിയ വർഷം. ഓരോ കാര്യത്തിന്റെയും മൂല്യവും, നല്ലതും മോശവും തിരിച്ചറിയാനുള്ള കഴിവ് നൽകി തന്ന വർഷം.
എന്നെക്കുറിച്ച് എനിക്ക് തന്നെ അഭിമാനം തോന്നുന്നു. ലഭിച്ച എല്ലാ സന്തോഷങ്ങൾക്കും, നേട്ടങ്ങൾക്കും, നല്ല നിമിഷങ്ങൾക്കും, നല്ലതിലും മോശത്തിലും ഒപ്പം നിന്ന എല്ലാവർക്കും നന്ദി, കൂടെ നിന്നവർക്കും, പിന്നിൽ നിന്ന് കുത്തിയവർക്കും, കൂടെ നടന്നവർക്കും പ്രത്യേകം നന്ദിയുണ്ട് കേട്ടോ. പ്രശംസിച്ചവർക്കും, വിമർശിച്ചവർക്കും നന്ദി ഒരുപാട് തിരിച്ചറിവുകളോടെ…ഇത് ഒരു പുതിയ തുടക്കമാണ്’.– അപ്സര ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.