‘താൻ മരിച്ചോടോ...എന്താണ് അവസ്ഥ’ എന്നു കിഷോർ വിളിച്ചു ചോദിച്ചു: തന്റെ മറുപടി ഇങ്ങനെയായിരുന്നു എന്നു ദേവി ചന്ദന
Mail This Article
മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടിയും നർത്തകിയുമായ ദേവി ചന്ദന. സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുള്ള ദേവിചന്ദനയുടെ ജീവിത പങ്കാളി ഗായകനായ കിഷോറാണ്. ഇരുവരും പ്രണയിച്ചു വിവാഹിതരായവരാണ്.
ഇപ്പോഴിതാ, തങ്ങളുടെ യു ട്യൂബ് ചാനലിൽ ദേവി ചന്ദനയും കിഷോറും പങ്കുവച്ച വിശേഷങ്ങളാണ് വൈറലാകുന്നത്. കഴിഞ്ഞ വർഷം പാളിപ്പോയ ന്യൂ ഇയർ റെസല്യൂഷനുകളെക്കുറിച്ചും പാലിക്കപ്പെട്ട റെസല്യൂഷനുകളെക്കുറിച്ചുമാണ് ഇരുവരും പറയുന്നത്.
നോ പറയേണ്ടിടത്ത് നോ പറയണമെന്ന് കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു എന്നും അതേറെക്കുറേ പ്രാവർത്തികമാക്കാനായെന്നും ദേവി ചന്ദന പറയുന്നു. സോഷ്യൽമീഡിയ ഉപയോഗിക്കുന്നത് കുറയ്ക്കുമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും അതു നടന്നില്ലെന്നും താരം.
‘‘ഞാൻ മരിച്ചുവെന്ന് അടുത്തിടെ ഒരു ചാനലിൽ വാർത്ത വന്നു. ഞാൻ ആ സമയത്ത് സുഖമില്ലാതെ കിടക്കുകയായിരുന്നു. അതുകണ്ട് കിഷോർ എന്നെ ഫോൺ വിളിച്ച് ചോദിച്ചു, ‘താൻ മരിച്ചോടോ, എന്താണ് അവസ്ഥ’യെന്ന്. ‘ഇല്ല ഞാൻ മരണപ്പെട്ടിട്ടില്ലെന്ന്’ ഞാനും പറഞ്ഞു’’.
ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് കഴിഞ്ഞ വർഷം കുറച്ചുനാൾ ദേവി ചന്ദന ആശുപത്രിയിലായിരുന്നു. ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് ദേവി ചന്ദനയും ഭർത്താവ് കിഷോറും പിന്നീടു പറഞ്ഞിരുന്നു.
‘‘വർഷാവസാനമായപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നു. അതിനുശേഷം വീണ്ടും ഹെൽത്തും ഫുഡ്ഡും ഫിറ്റ്നസും ശ്രദ്ധിച്ച് തുടങ്ങി. ഞാൻ ഡാൻസ് ചെയ്ത് തുടങ്ങിയെന്നും പലർക്കും അറിയില്ല. എല്ലാം ഭേദമായി ഞാനിപ്പോൾ നൃത്തം ചെയ്യുന്നുണ്ട്. ഡാൻസ് ക്ലാസ് നന്നാക്കിയെടുക്കണമെന്ന ആഗ്രഹം ഈ വർഷമുണ്ട്. ഭക്ഷണം പരമാവധി വീട്ടിൽ നിന്നും കഴിക്കാൻ ഞാൻ തീരുമാനിച്ചു’’.– ദേവി ചന്ദന പറഞ്ഞു.