‘നല്ല കുടുംബത്തിൽ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല’: വീണ്ടും അധിക്ഷേപം, വിവാദം തുടരുന്നു
Mail This Article
നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി നർത്തകി കലാമണ്ഡലം സത്യഭാമ പങ്കുവച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സ്നേഹയുടെ ശാരീരിക പ്രത്യേകതകളെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ടാണ് ഫെയ്സ്‌ബുക്കിൽ പങ്കുവച്ച വിഡിയോയില്‍ സത്യഭാമ സംസാരിച്ചത്.
മുൻപ് നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തെയും വിദ്വേഷ പരാമർശങ്ങളെയും സ്നേഹ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് സത്യഭാമ സ്നേഹയ്ക്കെതിരെ രംഗത്തെത്തിയത്. സ്നേഹയുടെയോ രാമകൃഷ്ണന്റെയോ പേര് സത്യഭാമ പരാമർശിച്ചിട്ടില്ലെങ്കിലും ഫെയ്സ്‌ബുക്ക് വിഡിയോയിൽ സ്നേഹയുടെ ചിത്രം സത്യഭാമ പങ്കുവച്ചിരുന്നു.
‘പിണ്ഡോദരി മോളെ’ എന്ന് സ്നേഹയെ വിശേഷിപ്പിച്ച സത്യഭാമ, സ്നേഹയുടെ ഭർത്താവ് ശ്രീകുമാർ കേസിൽപെട്ടതിനെ പരിഹസിക്കുകയും പൊതുവേദിയിൽ വച്ച് കാണുമ്പോൾ ഇതിന് മറുപടി നൽകുമെന്നു ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, സ്നേഹയ്ക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സത്യഭാമ. സ്നേഹ സത്യഭാമയെ വിമർശിക്കുന്ന പഴയ വിഡിയോ പോസ്റ്റ് ചെയ്താണ് സത്യഭാമയുടെ പുതിയ പോസ്റ്റ്. ‘നല്ല കുടുംബത്തിൽ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല. ഓവർ സ്മാർട്ട് കളിക്കുമ്പോൾ ആളും തരവും നോക്കി കളിക്കണം. എന്നെ പറഞ്ഞതിനുള്ള മറുപടി മാത്രമേ ഞാൻ നൽകിയിട്ടുള്ളൂ’ എന്നാണ് സത്യഭാമ കുറിച്ചത്.
അതേസമയം, സ്നേഹയെ അനുകൂലിച്ചും സത്യഭാമയുടെ നിലപാടുകളെ തള്ളിയും നിരവധി കലാകാരന്മാരും ആരാധകരും രംഗത്തെത്തി.