‘ആളുകളെ പെട്ടെന്നു വിശ്വസിക്കുന്നതിനാൽ ഒട്ടേറെ പണി കിട്ടി, കൂടെ നിൽക്കുന്നവർ ഇന്നു ചതിക്കുമോ നാളെ ചതിക്കുമോ എന്നു പറയാൻ പറ്റില്ല’: തുറന്നു പറഞ്ഞ് സായ് ലക്ഷ്മി
Mail This Article
തന്റെ പ്രണയത്തെക്കുറിച്ച് കൂടുതൽ വിശേഷങ്ങൾ തുറന്നു പറഞ്ഞ് സീരിയൽ നടി സായ് ലക്ഷ്മി. ‘സാന്ത്വനം 2’ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ സായ് ലക്ഷ്മി യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് ഈ വിശേഷങ്ങൾ പങ്കുവച്ചത്.
സീരിയൽ ഛായാഗ്രാഹകൻ അരുണുമായി പ്രണയത്തിലാണെന്ന് സായ് മുൻപേ വെളിപ്പെടുത്തിയിട്ടുണ്ട്. അരുണുമായി ഒന്നിച്ചു താമസിക്കുകയാണോ എന്ന ആരാധകരുടെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു താരത്തിന്റെ മറുപടി. മാസങ്ങളോളം നീണ്ട സൗഹൃദത്തിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും താൻ ഡിപ്രഷനിലൂടെ കടന്നുപോയ സമയത്താണ് അരുണിനെ പരിചയപ്പെട്ടതെന്നും അത് പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും സായ് പറഞ്ഞു.
വിവാഹത്തെക്കുറിച്ച് വ്യക്തമായ പ്ലാനുകൾ ഇപ്പോൾ ഇല്ലെന്നും സായ്. ‘എല്ലാം അതിന്റേതായ സമയത്ത് നടക്കട്ടെ. ഓടിപ്പോയി കല്യാണം കഴിക്കാൻ എനിക്ക് താല്പര്യമില്ല. ജീവിതത്തിൽ ഒന്ന് സെറ്റിലാകണം. 2026-ൽ എഗേജ്‌മെന്‍റ് ഉണ്ടായേക്കാം എന്ന് പ്രതീക്ഷിക്കുന്നു’.– താരം പറയുന്നു.
നമ്മുടെ കൂടെ നിൽക്കുന്നവർ നമ്മളെ ഇന്നു ചതിക്കുമോ നാളെ ചതിക്കുമോ മറ്റന്നാൾ ചതിക്കുമോ എന്നു പ്രഡിക്ട് ചെയ്യാൻ പറ്റില്ല. ആളുകളെ പെട്ടെന്ന് വിശ്വസിക്കുന്ന സ്വഭാവം കാരണം ഒട്ടേറെ പണികിട്ടിയിട്ടുണ്ടെന്നും അതുകൊണ്ട് ഇപ്പോൾ അടുത്ത സുഹൃത്തുക്കളുടെ ചെറിയൊരു സർക്കിളിൽ മാത്രമാണ് താൻ ഒതുങ്ങിക്കൂടുന്നതെന്നും സായ് പറഞ്ഞു.
നടി പാർവതി വിജയ്‍യും അരുണും വിവാഹമോചിതരാകാൻ കാരണം താനല്ലെന്നും ആരുടെയും കുടുംബം തകർത്ത് സന്തോഷം കണ്ടെത്തേണ്ട ആവശ്യം തനിക്കില്ലെന്നും സായി ലക്ഷ്മി മുൻപ് പറഞ്ഞിട്ടുണ്ട്. പാർവതിയുമായി വേർപിരിഞ്ഞു നിൽക്കുന്ന സമയത്താണ് അരുണിനെ പരിചയപ്പെടുന്നതെന്നും തങ്ങളിപ്പോൾ റിലേഷൻഷിപ്പിലാണെന്നും സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് താരം വ്യക്തമാക്കിയത്.