‘വിറ്റു പോയിട്ടും വിട്ട് പോകാത്ത ചിലതില്ലേ...അങ്ങനെയൊന്നാണിത്’: വൈകാരികം ഈ നിമിഷങ്ങൾ Ashwathy Sreekanth's Emotional Return After 18 Years
Mail This Article
താന്‍ ഒരിക്കല്‍ താമസിച്ചിരുന്ന സ്ഥലത്തേക്കും വീട്ടിലേക്കും 18 വര്‍ഷങ്ങള്‍ക്കിപ്പുറം പോയ വിഡിയോ പങ്കുവച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഒരിക്കൽ തനിക്കേറെ പ്രിയപ്പെട്ടതായിരുന്ന വീടും പഴയ സ്ഥലവുമൊക്കെ വീണ്ടും കണ്ടപ്പോൾ വൈകാരിക നിമിഷങ്ങളിലേക്കു വീണു പോകുന്ന അശ്വതിയാണ് വിഡിയോയിൽ.
‘ഒരിക്കൽ നിങ്ങളുടേതായിരുന്ന ഒരിടത്തേക്ക് വർഷങ്ങൾക്കിപ്പുറം കയറി ചെന്നിട്ടുണ്ടോ? എന്നെ ഓർമ്മയില്ലേ എന്ന് ചോദിക്കാൻ പോലുമാവാത്ത വണ്ണം അപരിചിതമായിക്കഴിഞ്ഞ ഒരിടത്തിങ്ങനെ കണ്ണ് നിറഞ്ഞ് നിന്നിട്ടുണ്ടോ ? ലില്ലിപുട്ടിലെത്തിയ ഗള്ളിവറിന്റെ കഥ വായിക്കാൻ പണ്ടിരുന്ന അതേ പടിക്കെട്ടിൽ ഇന്ന് ഞാൻ ഗള്ളിവറോളം വളർന്നു നിൽക്കുകയാണ്. ഒരിക്കൽ എന്റേതായിരുന്ന വലിയൊരു ലോകം ഒരു കുഞ്ഞു ലില്ലിപുട്ടായി പരിണമിച്ചിരിക്കുന്നു. വെളുത്ത ലില്ലി ചെടികളും കനകാംബരവും പടർന്നു പൂത്ത മുറ്റത്തിന്റെ ഇറമ്പുകൾ, എന്റെ മുച്ചക്ര സൈക്കിൾ ചവിട്ടിയെത്താൻ ബദ്ധപ്പെട്ട അതിരുകൾ, ആകാശം കൊമ്പിലുയർത്തി നിന്ന കശുമാവുകൾ - എല്ലാം ഒറ്റ രാത്രിയിൽ ചുരുങ്ങിപ്പോയത് പോയത് പോലെ. വിറ്റു പോയിട്ടും വിട്ട് പോകാത്ത ചിലതില്ലേ...അങ്ങനെയൊന്നാണിത്...18 വർഷങ്ങൾക്ക് ശേഷമുള്ള സന്ദർശനം...’ എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്.
സെലിബ്രിറ്റികളടക്കം നിരവധിയാളുകളാണ് അശ്വതിയുടെ വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. വിഡിയോ ഇതിനോടകം വൈറലാണ്.