‘എന്നെ ബാധിക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്ന് അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്, അമ്മയുടെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞിട്ടില്ല’: വീണ്ടും പ്രതികരിച്ച് കിച്ചു സുധി Kichu Sudhi Responds to Criticism Amidst Family Legal Dispute
Mail This Article
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനു സന്നദ്ധസംഘടന വീട് വച്ചു നൽകിയിരുന്നു. എന്നാൽ ഈ വീട് ചോരുന്നു എന്ന ആരോപണവുമായി സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി രംഗത്തെത്തിയിരുന്നു. പിന്നാലെ, വീട് വയ്ക്കാൻ സ്ഥലം കൊടുത്ത ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലില്‍ രേണുവിനെതിരെ ആരോപണങ്ങളുമായെത്തി.
ഇപ്പോഴിതാ, കൊല്ലം സുധിയുടെ മക്കൾക്കായി ദാനം നൽകിയ ഭൂമിയുടെ ആധാരം റദ്ദ് ചെയ്യാൻ ബിഷപ്പ് നോബിൾ ഫിലിപ്പ് നിയമപരമായി നീങ്ങിയതിന്റെ വാർത്തകളാണ് ചർച്ചയാകുന്നത്. രേണു സുധി നിരന്തരമായി അപമാനിക്കുന്ന തരത്തിൽ വിഡിയോ ചെയ്തതാണ് ബിഷപ്പ് നിയമനടപടി സ്വീകരിക്കാൻ കാരണമായതത്രേ. രേണു സുധിയുടേയും സുധിയുടെ മൂത്തമകൻ കിച്ചു എന്നറിയപ്പെടുന്ന രാഹുലിന്റേയും പേരിലാണ് വക്കീൽ നോട്ടീസ്.
ഒരു വിഷയത്തിലും ഇടപെടാത്ത തന്നെയാണ് ഇപ്പോൾ കേസിലേക്ക് വലിച്ചിട്ടിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം കിച്ചു സുധി പറഞ്ഞിരുന്നു. വീട് തന്നവരേയും സ്ഥലം തന്നവരേയും ഈ നിമിഷം വരയും താൻ അധിക്ഷേപിച്ചിട്ടില്ലെന്നും കിച്ചു വ്യക്തമാക്കി.
ഇപ്പോഴിതാ, രേണു സുധിക്കെതിരെ വന്ന കമന്റുകളിൽ പ്രതികരണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കിച്ചു. അമ്മയെ തിരുത്തിക്കൂടെ എന്നും രേണുവിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കൂടെ എന്നുമുള്ള കമന്റുകൾക്ക് ഞാൻ എന്റെ കാര്യങ്ങൾ മാത്രമാണ് നോക്കുന്നതെന്നും രേണു അമ്മയെ തിരുത്താൻ ഇല്ലെന്നും ആ ഒരു ബെൽറ്റിലേക്ക് കയറാൻ താൽപര്യമില്ലെന്നും കിച്ചു പുതിയ വ്ലോഗിലൂടെ കിച്ചു പറയുന്നു.
‘എന്നെ പിടിച്ച് ജയിലിൽ ഇടില്ല. വീടും പോവില്ല. ബിഷപ്പിന് എതിരെ എന്തോ പറഞ്ഞതിന് സജിത എന്ന സ്ത്രീക്ക് എതിരെയാണ് കേസ് വന്നിരിക്കുന്നത്. അവർ ആരാണെന്ന് പോലും എനിക്ക് അറിയില്ല. അതുപോലെ ഫിറോസിക്കയെ വിളിച്ച് ഞാൻ സംസാരിച്ചിരുന്നു. വക്കീൽ നോട്ടിസ് കൈപ്പറ്റാനോ ഒപ്പിട്ട് വാങ്ങാനോ ഞാൻ പോവില്ല. എന്നെ ബാധിക്കുന്ന സംഭവമല്ല. സജിതയുടേയും രേണു അമ്മയുടേയും പേരിലാണ് നോട്ടിസ്. അവരെ പേടിപ്പിക്കാനുള്ള നോട്ടിസാണ്. അല്ലാതെ വീടും സ്ഥലവും നഷ്ടപ്പെടാൻ ഒന്നും പോകുന്നില്ല. എനിക്ക് എന്റെ കാര്യം മാത്രമെ അറിയൂ. അത് മാത്രം എനിക്ക് ക്ലിയറാക്കിയാൽ മതി. അമ്മയെ തിരുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്റെ കാര്യം മാത്രം ഞാൻ ക്ലിയറാക്കി പോയാൽ പോരേ ? അല്ലാതെ ആ ഒരു ബെൽറ്റിലോട്ട് കയറാൻ താൽപര്യമില്ല.
ആ വീട് ഒഴിഞ്ഞ് കൊടുക്കുമോയെന്ന് ചോദിച്ചാൽ ഞാൻ ആ വീട്ടിൽ അല്ല നിൽക്കുന്നത് കൊല്ലത്താണ്. ഈ വീടിന്റെ പേരിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ 15 വർഷം കഴിയണം. ഒരു വീട് വെക്കാനുള്ള സമയം എനിക്കുണ്ട്. ഞാൻ ഇതൊന്നും മൈൻഡ് ചെയ്യാറില്ല. അല്ലാതെ നട്ടെല്ലിന്റെ കുറവ് ഉള്ളതുകൊണ്ടല്ല. നട്ടെല്ലിന് കുറവുണ്ടോയെന്ന് വന്ന് നോക്ക്. ഉണ്ടെന്ന് നിങ്ങൾക്ക് തോന്നിയാൽ ഞാൻ പരിഹരിക്കാം. നട്ടെല്ല് ഉള്ളതുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ ഇടപെടാതെ പോകുന്നത്. ഭാവിയിൽ ഒരു വീട് വെക്കാൻ എന്നെ കൊണ്ട് പറ്റും. കൈയ്ക്കും കാലിനും കുഴപ്പമില്ലാത്ത സമയം വരെ ഞാൻ നിൽക്കും. ഞാൻ എന്റെ കാര്യം നോക്കിപ്പോയാൽ പോരേ. മറ്റൊന്നും എന്നെ ബാധിക്കുന്നില്ല. കുഞ്ഞിലെ എനിക്കുണ്ടായിരുന്നത് അച്ഛനാണ്. കൊല്ലത്തെ വീട്ടുകാരാണ് പിന്നെ എന്നെ നോക്കിയത്. വീടും സ്ഥലവും തന്നെ ആരെയും ഞാൻ തള്ളിപ്പറഞ്ഞിട്ടില്ല. ചെയ്യേണ്ട കാര്യങ്ങൾ ഞാൻ ചെയ്യുന്നുണ്ട്. പുറത്ത് കാണിക്കുന്നില്ലെന്ന് മാത്രം’ – കിച്ചു പറയുന്നു.
‘ഞാനും അമ്മയും തെറ്റി കാണുക എന്നതല്ലേ നിങ്ങൾക്ക് വേണ്ടത്. ഞാനും അമ്മയും പരസ്പരം കാര്യങ്ങളിൽ ഇടപെടാറില്ല. ആവശ്യമുള്ളപ്പോൾ അമ്മയെ വിളിക്കും. ആ ഒരു കോൺടാക്ട് മാത്രം. നിങ്ങൾക്ക് അറിയാത്ത സംഭവങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അതിൽ നിന്നെല്ലാം മാറി ഞാൻ ഇങ്ങനെ വന്ന് നിൽക്കുന്നതും സംസാരിക്കുന്നതും കൂട്ടുകാർ എനിക്കൊപ്പം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ്. ഒന്നും സംസാരിക്കാതെ ഇരുന്നാൽ നട്ടെല്ല് ഇല്ലെന്ന് പറയും പറഞ്ഞാൽ അഹങ്കാരിയെന്നും വിളിക്കും. ഞാൻ ആരെയും കൈ വിടാനും കൈ പിടിക്കാനും നിൽക്കുന്നില്ല. എന്റെ ലൈഫ് നോക്കി മുന്നോട്ട് പോവുകയാണ്. എന്റെ ശരികൾക്ക് അനുസരിച്ചാണ് ഞാൻ പോകുന്നത്. അമ്മയും ഞാനും കൊച്ചുകുട്ടികളല്ല. അമ്മയ്ക്ക് അമ്മയുടേതായ ഇഷ്ടമുണ്ട്. ലോകത്ത് നടക്കുന്നത് അമ്മയ്ക്കും കാണാവുന്നതേയുള്ളൂ. എന്നെ ബാധിക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്ന് അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ സംസാരിച്ചുകൊണ്ടിരുന്നാൽ എന്റെ അച്ഛന്റെ പേര് ഞാൻ കളയുന്നത് പോലെയാകും. അമ്മയുടെ ഭാഗത്ത് തെറ്റില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് ഇതിന് പിറകെ കിടന്ന് ഓടാൻ വയ്യെന്നും’.– കിച്ചു പറയുന്നു.