‘അങ്ങനെയെങ്കിൽ ഞാൻ സുധി ചേട്ടന്റെ പേര് എന്റെ പേരിൽ നിന്ന് മാറ്റും’: വിവാഹ വാർത്തകളോട് പ്രതികരിച്ച് രേണു സുധി Renu Sudhi Clarifies Her Name and Marriage Status
Mail This Article
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സുധിയുടെ മരണശേഷം അഭിനയരംഗത്തു സജീവമായ രേണു റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും തിളങ്ങുന്നു. സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ചു.
തുടർന്ന് ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ മത്സരാർത്ഥിയായി രേണു. പത്തൊമ്പത് മത്സരാർത്ഥികളുമായി ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് ആരംഭിച്ചത്. ഒരു കോമണർ ഉൾപ്പെടെ സിനിമയിലും സീരിയലിലും സോഷ്യൽമീഡിയയിലും നിറഞ്ഞു നിൽക്കുന്നവരാണ് ഇത്തവണ മത്സരത്തിനെത്തിയത്. അക്കൂട്ടത്തിലെ വൈറൽ താരവും രേണുവായിരുന്നു. എന്നാൽ ആദ്യ ആഴ്ച പിന്നിട്ടപ്പോൾ മുതൽ ഹൗസിൽ തുടരാൻ തനിക്കു കഴിയുന്നില്ലെന്നും മാനസികമായി താൻ വളരെ വീക്കാണെന്നും രേണു പറയാൻ തുടങ്ങി. മക്കളെ കാണാൻ പറ്റാത്തതോർത്തു രേണു കരഞ്ഞു.
ബിഗ് ബോസില്‍ നിന്നു പുറത്തായതിനു ശേഷം വീണ്ടും പൊതു പരിപാടികളില്‍ സജീവമായി രേണു സുധി. ഇപ്പോഴിതാ, തന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടി പറയുകയാണ് രേണു. ഒരു ഉദ്ഘാടനച്ചടങ്ങിനിടെ ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. താൻ ഇപ്പോഴും സുധിയുടെ ഭാര്യയാണെന്നും, മറ്റൊരാൾ വിവാഹം കഴിച്ചാൽ മാത്രമേ പേരിനൊപ്പമുള്ള സുധി എന്നത് മാറ്റുകയുള്ളൂവെന്നും രേണു വ്യക്തമാക്കി.
‘‘മൂന്നാമത്തെ കല്യാണം എന്നാണ് ആളുകള്‍ പറയുന്നത്. അങ്ങനെയെങ്കിൽ അങ്ങനെ. സുധി ചേട്ടന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ ഞാൻ ആണ്. ഇനി എപ്പോഴെങ്കിലും മറ്റൊരാളുടെ ഭാര്യ ആയാൽ ഞാൻ സുധി ചേട്ടന്റെ പേര് എന്റെ പേരിൽ നിന്ന് മാറ്റും. എന്റെ കഴുത്തിൽ മറ്റൊരാൾ താലിയോ മിന്നോ അല്ലെങ്കിൽ മെഹറോ ചാർത്തിയാൽ ഞാൻ പേര് മാറ്റും. അത് വരെ ആരൊക്കെ തലകുത്തി നിന്നാലും രേണു സുധി ആ പേര് മാറ്റില്ല’’. – രേണു പറഞ്ഞു.