‘നിങ്ങള്‍ പറ്റിച്ചു ജീവിക്കുന്ന സ്ത്രീയാണ്, ഇങ്ങനെയാണോ കാശുണ്ടാക്കി കൊടുത്തതെന്നു വരെ അവർ ചോദിച്ചു’: ദുരനുഭവം പറഞ്ഞ് ബീന ആന്റണി A Day's Delay, A Customer's Fury: Beena Antony's Account
Mail This Article
തന്റെ ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി ബീന ആന്റണി. മെസേജിന് മറുപടി അയയ്ക്കാൻ ഒരു ദിവസം വൈകിയതിന്റെ പേരിൽ കസ്റ്റമറിൽ ഒരാൾ തന്റെ വീട്ടുകാരെ വരെ ചീത്ത വിളിച്ചെന്നാണ് ബീനയുടെ ആരോപണം.
‘‘രണ്ടു ഡ്രസ്സാണ് അവര്‍ ഓര്‍ഡര്‍ ചെയ്തത്. വലിപ്പം കൂടുതലാണെന്ന് അറിയിച്ചപ്പോൾ തിരിച്ചയയ്ക്കാൻ പറയുകയും പകരം ചെറിയ സൈസ് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഞാൻ ഷൂട്ടിങ്ങിനു പോയി. ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഫോൺ എടുത്തിരുന്നില്ല. ഷൂട്ട് കഴിഞ്ഞ് ഫോൺ എടുത്തപ്പോൾ ഞെട്ടിപ്പോയി. അത്രമാത്രം മെസേജുകളാണ് ആ കസ്റ്റമർ അയച്ചിരുന്നത്. ഞാൻ അവരെ പറ്റിച്ചു എന്നൊക്കെയാണ് പറയുന്നത്.
നിങ്ങള്‍ പറ്റിച്ചു ജീവിക്കുന്ന സ്ത്രീയാണെന്നും തന്റെ കാശ് തിരിച്ചു തന്നില്ലെന്നും പണ്ട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണു സഹോദരിമാരെ കെട്ടിച്ചു വിട്ടതെന്നു വായിച്ചിട്ടുണ്ടെന്നും ഇങ്ങനെയാണോ നിങ്ങള്‍ കാശുണ്ടാക്കി കൊടുത്തതെന്നും വരെ അവർ ചോദിച്ചു. അപ്പോൾ തന്നെ അവർ അയച്ച മുഴുൻ പൈസയും കൊറിയർ ചാർജും ഞാൻ തിരിച്ചയച്ചു. മറുപടി ലഭിക്കാൻ ഒരു ദിവസം വൈകിയതിനാണ് അവർ ഇതെല്ലാം പറഞ്ഞത്. ഈ മെസേജുകള്‍ വായിച്ച് ഞാന്‍ അന്തം വിട്ടുപോയി. അവര്‍ ഭയങ്കര കോടീശ്വരിയാണെന്നും നിങ്ങളെപ്പോലെ ദരിദ്രവാസി അല്ലെന്നും പറയുന്നുണ്ട്.
എന്റെ കസ്റ്റമേഴ്‌സിനോട് പറയാനുള്ളത് ഇതാണ്. എന്റെ ശരിക്കുള്ള പ്രൊഫഷന്‍ അഭിനയം ആണ്. ഒരുപാട് കാര്യങ്ങള്‍ക്കിടയില്‍ ചെറിയ രീതിയിലാണ് ഈ ബിസിനസ് നടത്തുന്നത്. ഒരിക്കലും നിങ്ങളെ ആരെയും പറ്റിക്കില്ല. ഞാനെവിടെയും ഒളിച്ചോടി പോകുകയുമില്ല. എന്തു പ്രശ്‌നം വന്നാലും പരിഹരിക്കും. ഒരു രൂപ പോലും ആരുടെയും എടുക്കാൻ നില്‍ക്കില്ല. വലിയ ആഡംബരത്തിലല്ല ജീവിക്കുന്നതെങ്കിലും ആരെയും പറ്റിച്ചല്ല ഇതുവരെ വന്നിരിക്കുന്നത്...’’.– സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ ബീന ആന്റണി പറയുന്നു.