‘ഇനിയൊരിക്കലും ഞങ്ങള്‍ ഒന്നിക്കില്ല, ഞാന്‍ സമാധാനം തിരഞ്ഞെടുത്തു’: ഞെട്ടലോടെ ആരാധകർ Sujin and Ponnoos Announce Separation: A Love Story Ends
Mail This Article
വേര്‍പിരിയല്‍ സ്ഥിരീകരിച്ച മല്ലു ഫാമിലിയിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ സുജിനും പൊന്നൂസും. ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണിവര്‍.
വിവാഹ മോചനം അറിയിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പ് ഇതിനകം ചര്‍ച്ചയാണ്. ‘ആ അധ്യായം അവസാനിപ്പിച്ചു, ഞാന്‍ സമാധാനം തിരഞ്ഞെടുത്തു’ എന്നാണ് നിധയുടെ (പൊന്നൂസ്) കുറിപ്പ്.
‘കുറേക്കാലമായി ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വരുന്നുണ്ടായിരുന്നു. കുറേക്കാലം നിശബ്ദമായി നിന്നെങ്കിലും അതേക്കുറിച്ച് സംസാരിക്കാനുള്ള സമയമായിരിക്കുകയാണ്. അതെ, മാസങ്ങളായി ഞങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. കുറേയേറെ സങ്കടവും, ചിന്തകളും, പോരാട്ടങ്ങള്‍ക്കുമൊടുവില്‍ നിയമപരമായ വേര്‍പിരിയല്‍ എന്ന തീരുമാനം എടുക്കുകയായിരുന്നു. ദേഷ്യത്തോടെ എടുത്തതല്ല ഈ തീരുമാനം. പരസ്പര ധാരണയോടെ എടുത്ത ഡിസിഷനാണ്. ചില സമയത്ത് പ്രണയം മാത്രം രണ്ടുപേരെ ചേര്‍ത്തുനിര്‍ത്തില്ല എന്ന് മനസിലായി.
ചിരിയും, സന്തോഷവും, ഇണക്കങ്ങളും, പിണക്കങ്ങളുമൊക്കെയായി സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു ഒരുകാലത്ത്. അതായിരുന്നു അന്ന് ഞങ്ങള്‍ക്ക് എല്ലാം. പക്ഷേ, നമ്മള് വിചാരിക്കുന്നത് പോലെ തന്നെ എല്ലാം അവസാനിക്കണമെന്നില്ലല്ലോ. സന്തോഷം നഷ്ടമായി തുടങ്ങിയപ്പോഴാണ് സമാധാനത്തെക്കുറിച്ച് ചിന്തിച്ചതും, ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും നിധ കുറിച്ചിട്ടുണ്ട്. പരസ്പര ബഹുമാനത്തോടെ ഞങ്ങള്‍ വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തീരുമാനിച്ചു. ഇനി ഒന്നിച്ചുണ്ടാവില്ലേ എന്ന ചോദ്യത്തിന് ഞങ്ങള്‍ക്കിടയില്‍ പ്രസക്തിയില്ല. സാഹചര്യം മനസിലാക്കണം എല്ലാവരും. അത്തരം ചോദ്യങ്ങളിലൊന്നും ഇനി കാര്യമില്ല. ഇത് എന്നന്നേക്കുമായി അവസാനിച്ചതാണ്. ഇനിയൊരിക്കലും ഞങ്ങള്‍ ഒന്നിക്കില്ല.വിവാഹമോചനത്തെക്കുറിച്ചുള്ള എന്റെ ആദ്യത്തെയും, അവസാനത്തെയും പോസ്റ്റാണ് ഇത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. ഈ വേദനയില്‍ നിന്നും കരകയറാന്‍ അനുവദിക്കുക. ജീവിതത്തില്‍ ഇല്ലെങ്കിലും ഹൃദയത്തിലുണ്ട് എല്ലാം. ഒരിക്കലും മറക്കാനാവില്ല. ഒരുകാലത്ത് പ്രണയമായിരുന്ന സുജിന്‍ പൊന്നൂസ് സ്റ്റോറി അവസാനിച്ചിരിക്കുകയാണ്’.– നിധ കുറിച്ചു.
നിരവധി പേരായിരുന്നു പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.