‘ബാക്കി കാശ് അമ്മ കൊടുക്കാം, സാരമില്ല എന്ന് പറഞ്ഞിട്ടും മുഖം ആകെ വാടി’: മകൾ നൽകിയ സർപ്രൈസിന്റെ സന്തോഷം പങ്കുവച്ച് അശ്വതി ശ്രീകാന്ത് Aswathy Sreekanth's Daughter's Heartwarming Birthday Surprise
Mail This Article
മൂത്ത മകൾ പത്മ തനിക്കു നൽകിയ പിറന്നാൾ സർപ്രൈസിന്റെ സന്തോഷം പങ്കുവച്ച് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. തന്റെ പോക്കറ്റ് മണി കൂട്ടിവച്ച് അമ്മയ്ക്ക് ഗിഫ്റ്റ് വാങ്ങാൻ മാളിൽ എത്തുന്ന പത്മയുടെ വിഡിയോയും അശ്വതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
‘മാസങ്ങൾക്ക് മുന്നേ പത്മ പറയുന്നതാണ് അമ്മയുടെ ബർത്ത്ഡയേക്ക് എന്റെ കൂടെ ഷോപ്പിങ്ങിന് വരണം എന്ന്. അങ്ങനെ ഇന്നലെ ഫോറം മാളിൽ പോയി, എന്നെ കൊണ്ട് ഡ്രസ്സും ചെരുപ്പും ഒക്കെ വാങ്ങിപ്പിച്ചു. ട്രയൽ റൂമിന് മുന്നിൽ കാത്തിരുന്ന അവൾക്ക് മടുക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘I can sit here forever for you, Amma’ എന്ന് മറുപടി
കൗണ്ടറിൽ എത്തിയപ്പോൾ അവളുടെ കയ്യിലുള്ളതിനേക്കാൾ അല്പം കൂടിയേക്കുമോ ഫൈനൽ ബിൽ എന്ന് സംശയമായി. ബാക്കി കാശ് അമ്മ കൊടുക്കാം, സാരമില്ല എന്ന് പറഞ്ഞിട്ടും മുഖം ആകെ വാടി. അപ്പോഴാണ് ബർത്ത്ഡേ മാസത്തിന്റെ ഡിസ്കൗണ്ടിന്റെ രൂപത്തിൽ പത്തുശതമാനം കാശ് ബില്ലിൽ കുറഞ്ഞത്….ആഹ്! അവളെ ഇത്രയും സന്തോഷിച്ച് ഈയടുത്തൊന്നും കണ്ടിട്ടില്ല.
അതെ, ഇനിയും വിഷു വരും, തിരുവോണം വരും. നീയിനിയും വളരും. നിന്റെ നിഴൽ പറ്റി ഞാനും’ എന്നാണ് മകള്‍ ഷോപ്പിങ്ങിനു കൊണ്ടു പോയ വിഡിയോയ്ക്കൊപ്പം അശ്വതി കുറിച്ചത്. സമ്മാനം വാങ്ങി നൽകി പുറത്തേക്കെത്തുമ്പോൾ ‘കാശെല്ലാം തീർന്നോ’ എന്നു അമ്മ ചോദിക്കുമ്പോൾ തീർന്നെന്നു മകൾ തലയാട്ടുന്നു. പക്ഷേ, ‘ഇനിയും വിഷു വരില്ലേ’ എന്ന മനോഹരമായ മറുപടിയും പത്മ നൽകുന്നു. മകളെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഫോട്ടോയിലാണ് വിഡിയോ അശ്വതി അവസാനിപ്പിക്കുന്നത്. ‘ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത് അവളുടെ അനുവാദത്തോടു കൂടിയാണ്’ എന്നും കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.