‘മരണം വരെ അമ്മയുടെ സ്നേഹത്തിനായി കാത്തിരിക്കുന്ന ഒരു മകളാണ് ഞാൻ, ഒരിക്കലും ലഭിക്കില്ല എങ്കിലും...’: ലക്ഷ്മിപ്രിയ Actress Lakshmi Priya Shares Life's Hardships on Her Birthday
Mail This Article
നാൽപത്തിയൊന്നാം പിറന്നാള്‍ ദിനത്തിൽ ജീവിതത്തിൽ കടന്നുപോയ പ്രതിസന്ധിഘട്ടങ്ങൾ ഓർമിച്ച് നടി ലക്ഷ്മിപ്രിയയുടെ കുറിപ്പ്.
‘ഈ ഭൂമിയിൽ ഞാൻ 41 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. 41 എന്നത് ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഒരു സംഖ്യയാണ്. ആത്മീയ, ഭൗതിക, ജ്യോതിശാസ്ത്ര, വൈദ്യ ശാസ്ത്ര, മന: ശാസ്ത്ര, എന്നു വേണ്ട അയ്യപ്പ സ്വാമി മഹിഷി നിഗ്രഹത്തിന് തിരഞ്ഞെടുത്ത ദിവസങ്ങളിൽ പോലും 41ന്റെ കണക്ക് കാണാം. എല്ലാം 41 ദിവസത്തിന്റെ അഥവാ ഒരു മണ്ഡല കാല കണക്കാണ്. അപ്പോ ആവർത്തിച്ചനുഭവിച്ച എത്രയോ മണ്ഡല കാലങ്ങൾ കടന്നു പോയി!
എത്ര എത്ര പ്രിയപ്പെട്ടവരുടെ വേർപാട്, സ്നേഹം, സ്നേഹ രാഹിത്യം, ചേർത്തു നിർത്തൽ, നിരാസങ്ങൾ, പറ്റിക്കപ്പെടലുകൾ, ഒറ്റപ്പെടുത്തലുകൾ, കൂടെ നിന്ന് ചതിക്കൽ...മനസ്സ് കല്ലായിപ്പോകുന്ന ഇടത്ത് നിന്നും മുന്നോട്ട് നയിക്കുന്നവർ എന്റെ കുടുംബമാണ്. ഒരുപാട് പേരുടെ സ്നേഹവും മനസ്സിലാക്കലും ഒന്നും ഒരു മനുഷ്യന് ആവശ്യമില്ല.. ചേർത്തു നിർത്തുന്ന, മനസ്സിലാക്കുന്ന വളരെ കുറച്ചു പേർ മതി. അത് ആത്മാർത്ഥവും സംശുദ്ധവും ആണെങ്കിൽ എന്തിനാണ് ഒരുപാട് പേര് ?
ചുറ്റിലും വെളിച്ചത്തെക്കാൾ കൂടുതൽ ഇരുട്ടാണ് എന്ന് മനസ്സിലാക്കിയത് 16 വയസ്സിൽ ആണ്. ‘കഥയും കഥാപാത്രങ്ങളും സാങ്കൽപികമല്ല’യിൽ എഴുതിയത് പോലെ, അപ്പച്ചിയെ ചികിത്സിക്കാൻ റ്റാറ്റാ ഉണ്ടാക്കിയ കടം മുഴുവൻ നാടകത്തിൽ അഭിനയിച്ചും ചിട്ടി കൂടിയും മറ്റൊരു നാട്ടിൽ നിന്നും വന്നു തീർത്തു. അതുവരെ താമസിച്ച വാടക വീട് ഒഴിഞ്ഞു. ലോറിയിൽ സാധനങ്ങൾ കയറ്റി. ചില്ലറ തുട്ടുകൾ മാത്രം അവശേഷിച്ച പഴ്സിൽ നിന്നും അവസാനം എത്തിയ പാൽക്കാരന്റെ 20 രൂപയും കടം തീർത്തു. അതാണ് എന്റെ ആത്മാഭിമാനം.
ഓരോ പിറന്നാൾ ദിനത്തിലും ഞാൻ ഇങ്ങനെ എണ്ണിപ്പെറുക്കി ഇമോഷനൽ ആകാറുണ്ട്. ജീവിതത്തിൽ നഷ്ടപ്പെട്ട എന്തിനെയെങ്കിലും കുറിച്ചോർത്തു വേദനിക്കുന്നുണ്ടോ? ഉണ്ട്.. അത് അരികിൽ ഉണ്ടായിട്ടും ലഭിക്കാതെ പോയ മാതൃസ്നേഹം ആണ്. ഇന്നും അമ്മയുടെ സ്നേഹത്തിനായി കാത്തിരിക്കുന്ന ഒരു മകൾ ആണ് ഞാൻ..... ഒരിക്കലും ലഭിക്കില്ല എങ്കിലും.....കാത്തിരിക്കാമല്ലോ? മരണം വരെ.....
നന്ദി, ജയ് ദേവ് ( ജയേഷേട്ടൻ) മാതു,( മാതംഗി ) പ്രിയപ്പെട്ട നിങ്ങൾ ഓരോരുത്തരോടും’. – ലക്ഷ്മിപ്രിയയുടെ കുറിപ്പ് ഇങ്ങനെ.