‘വിഡിയോ ഉണ്ടാക്കാൻ ഒരു വിഷയം കിട്ടി, നാണമില്ലാത്തവർ...പൈസയോട് ആർത്തിയുള്ള ജോലിയില്ലാത്ത ആളുകൾ’: അധിക്ഷേപ കമന്റിന് മറുപടിയുമായി അഹാന കൃഷ്ണ Ahana Krishna's Fiery Response to Troll Over Grandfather's Video
Mail This Article
നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന്റെ പിതാവ് എസ്. രംഗനാഥൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു രംഗനാഥന്റെ അന്ത്യം. അപ്പൂപ്പന്റെ വിയോഗം സിന്ധുവിന്റെ മകളും നടിയുമായ അഹാന കൃഷ്ണയും സഹോദരിമാരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
പിതാവിന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് സിന്ധു കൃഷ്ണ വികാരനിർഭരമായ കുറിപ്പും വിഡിയോയും പങ്കുവച്ചതും വൈറലായിരുന്നു. തന്റെ മകൾ ദിയ കൃഷ്ണയുടെ മകൻ ഓമിയെ രംഗനാഥൻ മടിയിലിരുത്തി ലാളിക്കുന്ന പഴയൊരു വിഡിയോയാണ് സിന്ധു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ‘ഡാഡി’ എന്നെഴുതി ഒരു ഹൃദയം തകർന്ന ഇമോജിയോടൊപ്പമാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘‘അപ്പൂപ്പന് നിന്നെപ്പോലെ ആരുടെയെങ്കിലും സഹായം വേണം, അപ്പൂപ്പന് നടക്കാൻ വയ്യ’’ എന്ന് സിന്ധുവിന്റെ അച്ഛൻ കുഞ്ഞ് ഓമിയോട് പറയുന്നത് വിഡിയോയിൽ കേൾക്കാം. ഇപ്പോഴിതാ, ശാരീരിക അവശതകൾക്കിടയിലും കൊച്ചുമകനോടൊപ്പം സമയം ചെലവഴിക്കുന്ന രംഗനാഥന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ അധിക്ഷേപ കമന്റുമായി എത്തിയ ആൾക്ക് മറുപടി നൽകിയിരിക്കുകയാണ് സിന്ധുവിന്റെ മൂത്തമകൾ അഹാന കൃഷ്ണ.
‘വിഡിയോ ഉണ്ടാക്കാൻ ഒരു വിഷയം കിട്ടി. നാണമില്ലാത്തവർ... ഇപ്പോൾ നിങ്ങൾ പറയും, അച്ഛൻ മരിച്ചു 56 ദശലക്ഷം കാഴ്ചക്കാർ, മുത്തച്ഛനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് അടുത്ത ആൾ വിഡിയോ അപ്‌ലോഡ് ചെയ്യും, അതിന് ഒരു മില്യൻ കാഴ്ചക്കാർ’ എന്നാണ് ഒരാൾ കമന്റിട്ടത്. ‘കണ്ടന്റിന്റെ അഞ്ച് കീടങ്ങൾ, പൈസയോട് ആർത്തിയുള്ള ജോലിയില്ലാത്ത ആളുകൾ’ എന്നൊരു കമന്റും ഇതേ അക്കൗണ്ടിൽ നിന്നു പോസ്റ്റിനു താഴെ വന്നിട്ടുണ്ട്.
ഇതിന്, ‘നിങ്ങളോട് നരകത്തിൽ പോകാൻ ആവശ്യപ്പെടില്ല. കാരണം നരകം പോലും അവരുടെ സ്ഥാനാർഥികളിൽ നിന്ന് ഒരു മിനിമം മാന്യത പ്രതീക്ഷിക്കുമെന്ന് ഞാൻ കരുതുന്നു’ എന്നാണ് അഹാന മറുപടി നൽകിയിരിക്കുന്നത്. അഹാനയെ പിന്തുണച്ച് നിരവധിപ്പേർ രംഗത്തെത്തി.
നിരവധിയാളുകളാണ് പോസ്റ്റിനു താഴെ രംഗനാഥന് ആദരാഞ്ജലികൾ അർപ്പിച്ചും സിന്ധുവിനെ ആശ്വസിപ്പിച്ചും കമന്റുകളുമായി എത്തുന്നത്.