‘ശരീരപ്രദർശനത്തിലൂടെ പണമുണ്ടാക്കുന്നവർ...ഭർത്താക്കന്മാർ ക്യാമറ പിടിച്ചു കൊടുക്കുന്നു’: രജിത് കുമാറിന്റെ പരാമർശങ്ങൾ ചർച്ചയാകുന്നു Ratheesh Kumar Warns Against Instagram Subscription for Body Display
Mail This Article
ഇൻസ്റ്റഗ്രാം സബ്സ്ക്രിബ്ഷൻ വഴി ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ച് പണം ഉണ്ടാക്കുന്നവരുടെ എണ്ണം കൂടി വരുന്നുവെന്നും ഇത് പുതുതലമുറയെ വഴിതെറ്റിക്കുമെന്നും മുൻ ബിഗ് ബോസ് താരവും അധ്യാപകനുമായ രജിത് കുമാർ.
‘‘കുറച്ച് പേരുടെ അധപതിച്ച പ്രവൃത്തികളാൽ പുതിയ തലമുറ നശിക്കരുതെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് രണ്ട് വാക്ക് പറയാൻ പോകുന്നത്. കുട്ടികൾ വഴിപിഴച്ച് പോകുന്നത് ശ്രദ്ധിക്കാൻ ഇവിടെ എത്ര പേരുണ്ടെന്ന് അറിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ കണ്ട കാഴ്ചയെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്. ഏതോ ചിലർ പതിനായിരവും ഇരുപതിനായിരവും സബ്സ്ക്രിബ്ഷൻ കൊണ്ട് മാസം നാൽപ്പത് ലക്ഷം, അമ്പത് ലക്ഷം, അറുപത് ലക്ഷം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് അത് കാണിച്ച് പുതിയ തലമുറയിലെ കുട്ടികളിൽ പഠനത്തിന് താൽപര്യമുണ്ടാക്കാതെ ഉടായിപ്പിലൂടെയും സൂത്രത്തിലൂടെയും ശരീരപ്രദർശനത്തിലൂടെയും എളുപ്പവഴിയിൽ പണമുണ്ടാക്കുന്ന കാഴ്ച കണ്ടപ്പോൾ എനിക്ക് വളരെ അധികം വിഷമം തോന്നി. ആരും പ്രതികരിച്ച് കണ്ടില്ല. വേണ്ടാത്ത കാര്യങ്ങൾ കൂടി വരുന്നു. മ്ലേച്ചമായ രീതിയിൽ ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് പണം ഉണ്ടാക്കുന്ന സഹോദരിമാരുടെ എണ്ണം കൂടി വരുന്നു. സിനിമയിലും സീരിയലിലും കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിന് അന്തസുണ്ട്. അത് ജോലിയുടെ ധാർമികത. കുറ്റം പറയാൻ പറ്റില്ല. ശരീരം പ്രദർശിപ്പിച്ച് പണം സമ്പാദിക്കുന്നവർ കുടുംബ ജീവിതം നേരെ ചൊവ്വേ നടത്തുന്നവരായിരിക്കില്ല. ചിലർ വിവാഹമോചിതരാണ്. അവർക്ക് പുരുഷന്മാരോട് വൈരാഗ്യവും വെറുപ്പും മാത്രമാണ്. ചില സ്ഥലങ്ങളിൽ ഭർത്താക്കന്മാരായ പുരുഷന്മാർ തന്നെ ക്യാമറ പിടിച്ച് കൊടുക്കുന്നതായും കാണാറുണ്ട്. മറ്റ് ചിലർക്ക് പണം സമ്പാദിച്ചാൽ എന്തും നേടാമെന്ന മിഥ്യ ധാരണയാണ്. പൊതുസമൂഹം നിങ്ങളെ കാണുന്നുണ്ടെന്ന് മറക്കരുത്. കുറച്ച് കഴിയുമ്പോൾ പട്ടിയുടെ വില പോലും സമൂഹത്തിൽ ഉണ്ടാവില്ല. ഈ പറയുന്ന സബ്സ്ക്രിബ്ഷൻ പാർട്ടികൾക്ക് മക്കളുണ്ടെങ്കിൽ അവരുടെ കൂടെ പഠിക്കുന്ന കുട്ടികളെ ഓർക്കുക. അവർ നിങ്ങളുടെ മക്കളെ ഏത് കണ്ണിലൂടെയാകും കാണുകയെന്ന് ചിന്തിച്ച് നോക്കുക’’.– തന്റെ യു ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ രജിത് പറഞ്ഞതിങങനെ.
രജിത്തിന്റെ പരാമർശങ്ങൾ അതിനോടകം ചർച്ചയാണ്. അദ്ദേഹത്തെ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങളുണ്ടാകുന്നുണ്ട്.