‘തണലാകേണ്ടവർ സ്വന്തം സുഖങ്ങൾ തേടിപ്പോയപ്പോൾ ഇല്ലാതായ അച്ഛൻ സ്നേഹം...അന്നനുഭവിച്ച ശൂന്യത എത്ര വലുതാണെന്ന് എനിക്കറിയാം’: അനാമികയുടെ കുറിപ്പ് Anamika and Vishnu's Daughter Celebrates First Vishu
Mail This Article
സോഷ്യൽ മീഡിയയ്ക്ക് സുപരിചിതരായ ദമ്പതികളാണ് അനാമികയും വിഷ്ണുവും. തങ്ങളുടെ ആദ്യത്തെ കൺമണിയായ ഉണ്ണി മോളുടെ ഒന്നാം വിഷു ആഘോഷത്തിന്റെ വിശേഷങ്ങൾ അനാമിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ വൈറൽ.
‘കണിമുടങ്ങാത്ത ഓർമ്മകളിൽ ഉണ്ണിമോളുടെ ആദ്യ വിഷു...
സ്നേഹവും ലാളനയും പകർന്നുനൽകാൻ അമ്മമ്മ ഉള്ളപ്പോൾ ഈ വിഷു ഒരു ഉത്സവത്തേക്കാൾ ഉപരി വലിയൊരു സന്തോഷമായി മാറി.
തലമുറകൾ കൈമാറി വരുന്ന ആ പഴയ വിഷുക്കാലത്തിന്റെ മനോഹാരിത ഉണ്ണിമോളും അവളുടെ അമ്മമ്മയും ചേർന്ന് ഇന്ന് വീണ്ടും മനോഹരമാക്കി. ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ, അമ്മമ്മയുടെ സ്നേഹത്തണലിൽ എന്റെ മോൾക്ക് ഇതൊരു മനോഹരമായ തുടക്കമാകട്ടെ
ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും എന്റെ മോൾക്ക് കൂടെയുണ്ടാകട്ടെ. അമ്മയുടെ സ്നേഹവും അമ്മുമ്മയുടെ കരുതലും വാത്സല്യവും കൊണ്ട് ഈ ആദ്യ വിഷു അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഓർമ്മയായി മാറട്ടെ’ എന്നാണ് അനാമിക സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മറ്റൊരു പോസ്റ്റിൽ മകളോടുള്ള വിഷ്ണുവിന്റെ സ്നേഹത്തെയും കരുതലിനെയും കുറിച്ചും അനാമിക കുറിച്ചിട്ടുണ്ട്.
‘എന്റെ കുട്ടിക്കാലത്ത് എനിക്ക് നഷ്ടമായത്
എന്റെ തണലാകേണ്ടവർ സ്വന്തം സുഖങ്ങൾ തേടിപ്പോയപ്പോൾ ഇല്ലാതായ ആ അച്ഛൻ സ്നേഹമായിരുന്നു. അന്ന് അനുഭവിച്ച ശൂന്യത എത്ര വലുതാണെന്ന് എനിക്കറിയാം. പക്ഷേ ഇന്ന്, എന്റെ മകൾ അവളുടെ അച്ഛന്റെ കൈപിടിച്ച് നടക്കുമ്പോൾ, ആ സ്നേഹം അവൾക്ക് വേണ്ടുവോളം കിട്ടുന്നത് കാണുമ്പോൾ എന്റെ ഉള്ളം നിറയുകയാണ്. എനിക്ക് കിട്ടാതെ പോയത് അവൾക്ക് ലഭിക്കുന്നുണ്ടല്ലോ... ആ തിരിച്ചറിവാണ് എന്റെ ഏറ്റവും വലിയ സന്തോഷം
ചിലർ സ്വന്തം സന്തോഷങ്ങൾ തേടി പടിയിറങ്ങിപ്പോയപ്പോൾ തകർന്നുപോയൊരു ബാല്യം എനിക്കുണ്ടായിരുന്നു. അച്ഛന്റെ സ്നേഹം എന്താണെന്ന് അറിയാതെ വളർന്നവൾ... പക്ഷേ കാലം എനിക്കായി കാത്തുവെച്ച വലിയൊരു സമ്മാനമാണ് എന്റെ മകൾ. എനിക്ക് നഷ്ടപ്പെട്ട അച്ഛൻ സ്നേഹം അവൾക്ക് അവളുടെ അച്ഛനിലൂടെ തിരികെ കിട്ടുന്നത് കാണുമ്പോൾ, പഴയ മുറിവുകളെല്ലാം ഉണങ്ങുന്നതുപോലെ. അവൾ സന്തോഷവതിയാണ്, അതുകൊണ്ട് ഞാനും’ എന്നാണ് അനാമിക കുറിച്ചത്.
അനാമികയുടെയും വിഷ്ണുവിന്റെയും വിവാഹം വലിയ വാർത്തയായിരുന്നു. ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജ തന്റെ മകൻ വിഷ്ണുവിനെ കൊണ്ട് അന്തേവാസിയായിരുന്ന അനാമികയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.