‘ഡാഡിയുടെ ഫോട്ടോയ്ക്ക് താഴെ ഞങ്ങൾ ചിരിച്ചുകൊണ്ട് നിൽക്കുമ്പോൾ ചിലർക്ക് അദ്ഭുതമായി തോന്നിയിരിക്കാം...പക്ഷേ...’: വിമർശനങ്ങൾക്ക് മറുപടി Sindhu Krishna Responds to Criticism Over Father-in-Law's Remembrance Event
Mail This Article
നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രംഗനാഥൻ അടുത്തിടെയാണ് അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഓർമകളുമായി കുടുംബാംഗങ്ങൾ ഹോട്ടലിൽ ഒത്തുചേർന്നിരുന്നു. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയില്‍ ഒരുവിഭാഗം വിമർശനവുമായി എത്തി. അച്ഛന്റെ വിയോഗത്തിൽ ദുഃഖിക്കുന്നതിന് പകരം എല്ലാവരും അണിഞ്ഞൊരുങ്ങി ചിരിച്ചുകൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്നായിരുന്നു പ്രധാന വിമർശനം.
ഇപ്പോഴിതാ, വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി സിന്ധു കൃഷ്ണ രംഗത്തെത്തിയിരിക്കുന്നു. ഈ പരിപാടിയുടെ പിന്നിലെ ലക്ഷ്യമെന്തായിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയില്‍ സിന്ധു വ്യക്തമാക്കുന്നു.
സഞ്ചയന ചടങ്ങുകൾ വീട്ടിൽ ബന്ധുക്കളുടെ സാന്നിധ്യത്തിൽ കൃത്യമായി നടത്തിയിരുന്നുവെന്നും അതിനുശേഷമാണ് പിതാവിന്റെ ജീവിതവുമായി ഏറ്റവും അടുത്തുനിന്നവർക്കായി ഒരു സ്മരണാഞ്ജലി സംഘടിപ്പിച്ചതെന്നും സിന്ധു കൃഷ്ണ പറഞ്ഞു.
‘ഒരു ഹോട്ടലിൽ വച്ച് ഡാഡിയുടെ ഓർമ പുതുക്കൽ പോലെ ചെറിയൊരു പ്രാർഥന സംഘടിപ്പിച്ചിരുന്നു. സഞ്ചയനം അതല്ലായിരുന്നു. സഞ്ചയനം ആഘോഷിച്ചോ എന്നൊക്കെയാണ് ആളുകള്‍ ചോദിച്ചത്. അതൊക്കെ വീട്ടിലായിരുന്നു. ബന്ധുക്കളൊക്കെ വന്നിരുന്നു. അതിന് ശേഷം അമ്മുവിനോട് ആണ് ഇങ്ങനെയൊരു ചെറിയ കൂട്ടായ്മ പോലെ ഒരു പരിപാടി നടത്തിയാലോ എന്ന് ചോദിച്ചത്. ഇങ്ങനെയുള്ള ചടങ്ങുകൾ വെസ്റ്റേൺ രാജ്യങ്ങളിലും നോർത്തിലുമൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ഇവിടെ അധികം കണ്ടിട്ടില്ല, എന്തെങ്കിലും അദ്ദേഹത്തിനു വേണ്ടി ചെയ്യണമെന്നുണ്ടായിരുന്നു.
ഡാഡിയുടെ കൂടെ എല്ലാ ദിവസം ഒരുമിച്ചുണ്ടായിരുന്നവരാണ് അവിടെ വന്നത്. ഡാഡിയുടെ കുറച്ച് ഫോട്ടോയും, വിഡിയോകളുമൊക്കെ കാണിച്ചിരുന്നു. കരഞ്ഞ് ബഹളം വച്ചിരിക്കാതെ, പുഞ്ചിരിയോടെ എല്ലാവരും ഡാഡിയുടെ ലൈഫ് എന്‍ജോയ് ചെയ്യുന്നു. അദ്ദേഹത്തെക്കുറിച്ച് പറയുന്നു. വെസ്റ്റേൺ രാജ്യങ്ങളിലൊക്കെ കണ്ടുവരുന്നതുപോലെ, മരിച്ചവരുടെ ഓർമ്മയിൽ കരഞ്ഞുവിളിക്കാതെ, അവർ ജീവിച്ചിരുന്നപ്പോൾ നമുക്ക് നൽകിയ മനോഹരമായ നിമിഷങ്ങളെ ഓർത്തെടുക്കുന്ന ഒരു ‘ലൈഫ് സെലിബ്രേഷൻ’ ആയിരുന്നു അത്.
ഡാഡിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു ഈ ഹോട്ടൽ. അവിടുത്തെ സദ്യയും ഡാഡിക്ക് വലിയ പ്രിയമായിരുന്നു. ആ ചെറിയ ഹാളിൽ ഞങ്ങൾ ഒത്തിരി കുടുംബ വിശേഷങ്ങളും പരിപാടികളും മുൻപ് നടത്തിയിട്ടുണ്ട്. ഡാഡി പല വേഷങ്ങളിൽ ഫോട്ടോകൾക്കും വിഡിയോകൾക്കും അവിടെ വച്ച് പോസ് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെ വച്ച് ഡാഡിയെ സ്മരിക്കുമ്പോൾ ഡാഡിയുടെ ആത്മാവ് ഞങ്ങളോടൊപ്പമുണ്ടാകുമെന്നും ഡാഡി അത് ആസ്വദിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ ചെയ്തൊരു പരിപാടിയാണ്. ആ ഫോട്ടോസിന്റെ താഴെ ഒരുപാട് നെഗറ്റിവ് കമന്റുകൾ വന്നിരുന്നു.
ഡാഡിയുടെ ഫോട്ടോയ്ക്ക് താഴെ നിന്ന് ഞങ്ങൾ ചിരിച്ചുകൊണ്ട് നിൽക്കുമ്പോൾ ചിലർക്ക് അത് അദ്ഭുതമായി തോന്നിയിരിക്കാം. എന്നാൽ ഞങ്ങൾ ചിരിച്ചു കണ്ടാലേ ഡാഡിക്ക് സന്തോഷമാവുകയുള്ളൂ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പ്രാർഥനകൾക്കൊപ്പം ഞങ്ങൾ പ്രിയപ്പെട്ടവർ ഡാഡിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചപ്പോൾ ഡാഡി സ്വർഗത്തിലിരുന്ന് ഞങ്ങളെ കണ്ട് സന്തോഷിക്കുന്നുണ്ടാകുമെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു’.– സിന്ധു കൃഷ്ണ പറയുന്നു.