മരണത്തെ മുന്നില്‍ കണ്ട അപകടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ സാജു കൊടിയന്‍.
2005 ഡിസംബര്‍ 28 നാണ് താരത്തിന് ആക്‌സിഡന്റുണ്ടായത്. ‘‘കലാഭവന്‍ മണിച്ചേട്ടന്റെ വീടിന്റെ അടുത്തായിരുന്നു പരിപാടി. രാത്രി തിരികെ വരും വഴി വണ്ടി ലോറിയുമായി കൂട്ടിയിടിച്ചു. കാലൊടിഞ്ഞു. 15 ദിവസം ഐസിയുവില്‍ കിടന്നു. ഭയങ്കര അപകടമായിരുന്നു. ആ വണ്ടി കണ്ടാല്‍ രക്ഷപ്പെടുമെന്ന് ആരും പറയില്ല. വണ്ടി പപ്പടമായിപ്പോയി. അതിന്റെ ഉള്ളില്‍ നിന്നു രക്ഷപ്പെട്ടു. അപ്പോഴാണ് ജീവിതത്തിലെ വലിയൊരു പാഠം മനസ്സിലായത്. അപകടം പറ്റി വീട്ടില്‍ കിടക്കുകയാണ്. ആദ്യത്തെ ആഴ്ച ഭയങ്കര തിരക്കാണ്. രണ്ടാമത്തെ ആഴ്ചയില്‍ കൂട്ടുകാരും നാട്ടുകാരുമൊക്കെയായി. മൂന്നാമത്തെ ആഴ്ചയോടെ വരവ് നിന്നു. പിന്നെ ഫോണ്‍ മാത്രമായി.
കൂട്ടുകാരൊക്കെ വിളിക്കും. ഷൂട്ടിലാണ് തിരക്കാണ്, വരാന്‍ പറ്റില്ലെന്ന് പറയും. നാലാമത്തെ ആഴ്ചയായതോടെ ആരും ഇല്ല. ഫോണുമില്ല. അപ്പോള്‍ ചുറ്റും നോക്കുമ്പോള്‍ അപ്പനും അമ്മയും ഭാര്യയും കുട്ടികളും മാത്രം. അതാണ് ഏറ്റവും വലിയ ജീവിതമെന്ന് അപ്പോള്‍ തിരിച്ചറിഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവ്. നമ്മുടെ കുടുംബമാണ് ഏറ്റവും വലുത് എന്നത്. നമ്മുടെ കുടുംബം മാത്രമേ എപ്പോഴും കൂടെ ഉണ്ടാവുകയുള്ളൂ’’.– സാജു കൊടിയൻ പറഞ്ഞു.