ADVERTISEMENT

ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിഡിയോ വൈറലായതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ഹൻസിക കൃഷ്ണ.

‘നിങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു എന്ന് കരുതുന്നു. ഏകദേശം മൂന്നാഴ്ചകൾക്ക് മുൻപ്, എന്റെ ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷൻ ഫീച്ചറിലൂടെ പങ്കുവച്ച ഒരു വിഡിയോയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായി. തിരിഞ്ഞുനോക്കുമ്പോൾ, എന്റെ ഭാഗത്തുനിന്നുണ്ടായ തികച്ചും അശ്രദ്ധവും ബാലിശവുമായ ഒരു തീരുമാനമായിരുന്നു അത്; ഹൃദയപൂർവം ഞാൻ അതിൽ ഖേദിക്കുന്നു. അതിനെ ഒട്ടും ന്യായീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും കഴിഞ്ഞ ഒരു മാസമായി വലിയൊരു വേദനയും കുറ്റബോധവും ഭാരവും പേറിയാണ് ഞാൻ ജീവിക്കുന്നത്. അതുകൊണ്ടാണ് ഒടുവിൽ ഇതേക്കുറിച്ച് നിങ്ങളോട് തുറന്നു സംസാരിക്കാമെന്ന് കരുതിയത്. എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് ഞാൻ പറയുന്നത് കേൾക്കുമ്പോൾ ഒരുപക്ഷേ ഇതിന്റെ സത്യാവസ്ഥ മനസ്സിലായേക്കാം.

ADVERTISEMENT

എന്തുകൊണ്ടാണ് ഞാൻ അത് പോസ്റ്റ് ചെയ്തതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അതൊരു വലിയ തെറ്റായിരുന്നു. ചിന്താശൂന്യമായി, ഒരു നിമിഷത്തെ എടുത്തുചാട്ടത്തിൽ ചെയ്തുപോയതായിരുന്നു അത്. പോസ്റ്റ് ചെയ്തയുടൻ തന്നെ എനിക്ക് വലിയ ഖേദവും തോന്നി. വെറും അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ഞാൻ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിയുകയും ആ വീഡിയോ ഉടൻ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. നിർഭാഗ്യവശാൽ, ആ ചുരുങ്ങിയ സമയത്തിനുള്ളിൽ സബ്‌സ്‌ക്രിപ്ഷൻ ഗ്രൂപ്പിലുണ്ടായിരുന്ന ചിലർ അത് സ്ക്രീൻ റെക്കോർഡ് ചെയ്യുകയും പിന്നീട് അത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ഞാൻ ഇത് ചെയ്തതെന്ന് പലരും എന്നെ കുറ്റപ്പെടുത്തി. ചിലർക്ക് അങ്ങനെ തോന്നിയതിൽ തെറ്റില്ല, എങ്കിലും ഞാൻ പറയുന്നു അങ്ങനെയൊരു ലക്ഷ്യം എനിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. ഇരുപതാം വയസ്സിൽ, സ്വന്തം കാര്യങ്ങൾ നോക്കാൻ തക്കവണ്ണമുള്ള വരുമാനം നേടാൻ എനിക്ക് സാധിക്കുന്നുണ്ട്. അതിലുപരിയായി, വർഷങ്ങളായി നിങ്ങൾ എനിക്കും എന്റെ കുടുംബത്തിനും നൽകുന്ന സ്നേഹവും പിന്തുണയും കാരണം പ്രശസ്തിയെന്നത് ഞങ്ങൾ കൊതിക്കുന്നതോ ഞങ്ങൾക്ക് ഇല്ലാത്തതോ ആയ ഒന്നല്ല.

ADVERTISEMENT

എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് മറ്റൊന്നാണ്; എന്റെ സഹോദരി ഒരു വർഷത്തിലേറെയായി കഠിനാധ്വാനം ചെയ്ത, ഞാനും അഭിനയിച്ച ഒരു മ്യൂസിക് വീഡിയോ ഈ സംഭവം നടന്ന് വെറും മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് റിലീസ് ചെയ്യാനിരുന്നത്. ഞാൻ ചെയ്യുന്ന കാര്യങ്ങളുടെ ആഘാതത്തെക്കുറിച്ച് ഒരല്പമെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ, അവളുടെ കഠിനാധ്വാനത്തെ ബാധിക്കുന്ന ഒന്നും, പ്രത്യേകിച്ച് റിലീസിന് തൊട്ടുമുൻപ് ഞാൻ ചെയ്യില്ലായിരുന്നു. ഭാഗ്യവശാൽ അത് മ്യൂസിക് വിഡിയോയെ ബാധിച്ചില്ലെങ്കിലും, ഇതിന് പിന്നിൽ മുൻകൂട്ടി തയാറാക്കിയ ഒരു പ്ലാനും ഇല്ലായിരുന്നു എന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്ന് ഞാൻ കരുതുന്നു. അതൊരു അബദ്ധമായിരുന്നു, എന്നും എന്റെ മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കുന്ന ഒരു വലിയ തെറ്റ്.

എന്റെ ഈ പ്രവർത്തികൊണ്ട് നേരിട്ട് വേദന അനുഭവിച്ചത് രണ്ട് കൂട്ടർ മാത്രമാണ് ഞാനും എന്റെ കുടുംബവും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ തെറ്റിന്റെ മാനസിക വിഷമങ്ങളും പ്രത്യാഘാതങ്ങളും അനുഭവിച്ചു തീർത്തത് ഞങ്ങൾ മാത്രമാണ്. മറ്റൊരാളെയും ഇത് നേരിട്ട് ബാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ, ഇതിന് പിന്നാലെ ഓൺലൈനിൽ എനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളും വേട്ടയാടലുകളും ക്രൂരമായ വെറുപ്പും താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു. ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ ആളുകൾ എന്റെ തെറ്റുകളെ വിമർശിക്കുമെന്നും ചർച്ച ചെയ്യുമെന്നും എനിക്കറിയാം, ഞാൻ അത് പൂർണ്ണമായി ഉൾക്കൊള്ളുന്നു.

ADVERTISEMENT

എന്നാൽ പലപ്പോഴും പ്രതികരണങ്ങൾ വിമർശനത്തിനും അപ്പുറമായിരുന്നു. ചിലരൊക്കെ ഈ സാഹചര്യത്തെ ഒരു പ്രൊജക്റ്റ്‌ പോലെയാണ് എടുത്തത്; അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ റീച്ചും കാഴ്ച്ചക്കാരെയും കൂട്ടാൻ വേണ്ടി മാത്രം എന്നെക്കുറിച്ച് നിരന്തരം വീഡിയോകൾ ചെയ്തുകൊണ്ടിരുന്നു. അവർക്കതൊരു മികച്ച കണ്ടെന്റ് മാത്രമായിരുന്നു. ആ വീഡിയോകളിൽ ഉപയോഗിച്ച ഭാഷ എന്നെയും എന്റെ കുടുംബത്തെയും ഒരുപോലെ മുറിപ്പെടുത്തുന്നതായിരുന്നു. സൈബർ ആക്രമണം നടത്തിയും മറ്റൊരാളുടെ വേദനയിൽ സന്തോഷം കണ്ടെത്തിയും ജീവിക്കുന്നവരോട് എനിക്ക് ഇപ്പോൾ ഒന്നും പറയാനില്ല.

എന്റെ തെറ്റുകൾ ഒരു ഭാഗത്ത് നിൽക്കട്ടെ, എന്നാൽ ഒരു കാര്യത്തിലും തങ്ങളെ ബാധിക്കാത്ത ഒരു വിഷയത്തിൽ, മറ്റൊരു മനുഷ്യനോട് ഇത്രയെളുപ്പം ഇത്രയധികം വെറുപ്പ് കാണിക്കാൻ ആളുകൾക്ക് എങ്ങനെ സാധിക്കുന്നു എന്ന് ഈ അനുഭവം എന്നെ അത്ഭുതപ്പെടുത്തി. ഞാൻ ഇവിടെ സഹതാപം പിടിച്ചുപറ്റാനോ എന്റെ തെറ്റുകളിൽ നിന്ന് ഒളിച്ചോടാനോ ശ്രമിക്കുകയല്ല. കഴിഞ്ഞ ഒരു മാസമായി എന്റെ ഹൃദയത്തിലുള്ളത് നിങ്ങളോട് തുറന്നു പറയണമെന്ന് തോന്നി, അത്രമാത്രം.

സബ്‌സ്‌ക്രിപ്ഷൻ തുക 299 രൂപയിൽ നിന്നും 399 രൂപയായി ഞാൻ എന്തുകൊണ്ട് കൂട്ടി എന്നും പലരും ചോദ്യം ചെയ്യുകയുണ്ടായി. പ്രശ്നങ്ങൾ കൈവിട്ടുപോയപ്പോൾ ആ സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ പൂർണമായും നിർത്തലാക്കാനാണ് ഞാൻ ആദ്യം ആഗ്രഹിച്ചത്. എന്നാൽ അത് കൂടുതൽ ചർച്ചകൾക്കും നെഗറ്റിവിറ്റിക്കും കാരണമാകുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട്, തുക കൂട്ടിയാൽ ആളുകൾ സബ്സ്ക്രൈബ് ചെയ്യുന്നത് കുറയുമെന്ന് കരുതിയാണ് ഞാൻ റേറ്റ് വർധിപ്പിച്ചത്. എന്നെ വിശ്വസിക്കണമെന്ന് ഞാൻ ആരെയും നിർബന്ധിക്കുന്നില്ല, എന്റെ ഭാഗത്തെ സത്യാവസ്ഥ തുറന്നു പറഞ്ഞു എന്ന് മാത്രം.

മറ്റൊരു കാര്യം കൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു; ഈ സംഭവത്തിന് ശേഷം പെട്ടെന്നുണ്ടായ സബ്‌സ്‌ക്രിപ്ഷൻ വർധനവിലൂടെ ലഭിച്ച തുക മുഴുവൻ ഒരു സാമൂഹിക സേവനത്തിനായി സംഭാവന ചെയ്തിരിക്കുകയാണ്. അതിൽ നിന്നും ഒരു പൈസ പോലും ഞാൻ വ്യക്തിപരമായി എടുത്തിട്ടില്ല.

എന്റെ പ്രവർത്തികൾ കാരണം വിഷമമോ നിരാശയോ തോന്നിയ എല്ലാവരോടും ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു. നിങ്ങളെ ഞാൻ സങ്കടപ്പെടുത്തി എന്നറിയുന്നത് എന്നെയും വേദനിപ്പിക്കുന്നുണ്ട്. എന്നാൽ ഒരു മോശം ഉദ്ദേശത്തോടെയല്ല, ഒരു നിമിഷത്തെ വിവേകശൂന്യത കൊണ്ട് സംഭവിച്ചതാണ് ഇതെന്ന് നിങ്ങൾ വിശ്വസിക്കുമെന്ന് ഞാൻ കരുതുന്നു. ഈ അനുഭവം എന്നെ കഠിനമെങ്കിലും വിലയേറിയ ചില പാഠങ്ങൾ പഠിപ്പിച്ചു. വരും വർഷങ്ങളിൽ കൂടുതൽ വിവേകമുള്ള, നല്ലൊരു മനുഷ്യനാകാൻ ഇത് എന്നെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഈയൊരു സംഭവം ചിലരുടെയെങ്കിലും മനസ്സിൽ എന്നെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചിട്ടുണ്ടാകാം.

എങ്കിലും, നിങ്ങൾ ഇതുവരെ അറിഞ്ഞ എന്നിലെ വ്യക്തിയെ ഇത് മാറ്റില്ലെന്ന് ഞാൻ കരുതുന്നു. ഞാൻ ഇന്നും പഴയ ആൾ തന്നെയാണ്. അതേ സ്നേഹത്തോടെയും മനസ്സിലാക്കലോടെയും നിങ്ങൾ എന്നെ ഓർക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. കാലം കടന്നുപോകുമ്പോൾ നിങ്ങൾ എന്നോട് ക്ഷമിക്കുമെന്നും എനിക്ക് മറ്റൊരു അവസരം കൂടി നൽകുമെന്നും ഞാൻ കരുതുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ എന്നോടൊപ്പം ഉറച്ചുനിന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്നെ പിന്തുണച്ച ഒട്ടനവധി പേർക്കും എന്റെ ആത്മാർത്ഥമായ നന്ദി. സ്നേഹത്തോടെയും പ്രതീക്ഷയോടെയും, ഹൻസിക’ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്...

Hansika Krishnakumar Apologizes for Instagram Subscription Video Controversy:

Hansika Krishnakumar has issued a public apology for a viral Instagram subscription video controversy, admitting it was a thoughtless mistake and expressing deep regret. She clarified her intentions, stating the incident was an oversight and not driven by a desire for money or fame, and that the earnings from the subscription were donated to social service.

ADVERTISEMENT