ADVERTISEMENT

സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് സുപരിചിതരായ ദമ്പതികളാണ് ഗ്രീഷ്മ ബോസും അഖില്‍ വിദ്യാധരനും. ഇവരുടെ കണ്ടന്റുകൾക്ക് വലിയ ജനപ്രീതി ലഭിക്കാറുണ്ട്.

ഇപ്പോഴിതാ, സിനിമ മോഹവുമായി അലഞ്ഞ കാലത്ത് ഒരു പ്രമുഖ നടനിൽ നിന്നു നേരിട്ട മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അഖില്‍.

ADVERTISEMENT

‘‘നമ്മുടെ ഇന്‍ഡസ്ട്രിയിൽ വലിയൊരു നടനുണ്ട്. പുള്ളിക്കാരനെ ഞാൻ ഇടയ്ക്ക് കഥ കേൾക്കാമോയെന്ന് ചോദിച്ച് വിളിക്കും. ‘മോനേ ഞാൻ ഭയങ്കര തിരക്കാണ്...’ എന്നായിരിക്കും എപ്പോഴും മറുപടി. മോനെ എന്നുള്ള വിളികേട്ട് തെറ്റിദ്ധരിക്കരുത്, മോഹൻലാൽ അല്ല. പക്ഷേ, അതുപോലെ ഇമിറ്റേറ്റ് ചെയ്യുന്ന ആളാണ്.

മരിച്ചുപോയൊരു സംവിധായകനുണ്ട്. അദ്ദേഹത്തിന്റെ അടുത്ത ഫ്രണ്ടാണ് ഈ നടൻ. ആ സംവിധായകൻ അസുഖം കൂടി തൃശൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമയം. ആ സമയത്താണ് ഞാൻ ഈ പുള്ളിയെ വിളിക്കുന്നത്. പുള്ളി എന്നോട് ആശുപത്രിയിലേക്ക് വരാനും അവിടെ വച്ച് കഥ കേൾക്കാമെന്നും പറഞ്ഞു. ഞാൻ ആ സമയത്ത് എറണാകുളത്തുണ്ട്. പക്ഷെ കയ്യിൽ കാശ് ഇല്ല. സുഹൃത്തിന്റെ ഒരു ബൈക്ക് കയ്യിലുണ്ട്. ചില്ലറ നുള്ളി പെറുക്കി പെട്രോൾ അടിച്ച് ഞാൻ തൃശൂർക്ക് പോയി. ചെറിയ മഴയൊക്കെയുണ്ട്.

ADVERTISEMENT

കഥ കേൾക്കാൻ പുള്ളി എന്തിന് ആശുപത്രിയിലേക്ക് വിളിപ്പിച്ചുവെന്ന് മനസിലായില്ല. ആ സമയത്ത് ഈ നടന് ഒരു ബെൻസുണ്ട്. ഒരു പ്രത്യേക കളറായിരുന്നു അത്. കുറേപ്പേർക്ക് ആ ബെൻസ് കാർ അറിയാം. അതാണ് ഞാൻ പറയാത്തത്. ആശുപത്രിയിൽ എത്തി അദ്ദേഹത്തിന്റെ ഡ്രൈവറോട് ചോദിച്ചപ്പോൾ നടൻ ഐസിയുവിന് ഫ്രണ്ടിലുണ്ടെന്നറിഞ്ഞു. ചെന്ന് നോക്കിയപ്പോൾ പുള്ളി വിഷമിച്ച് ഇരിക്കുന്നു. മദ്യപിച്ചിട്ടുമുണ്ട്. എന്നെ കണ്ടതോടെ അടുത്ത് വന്നു, ‘താഴെ നിൽക്കൂ... അങ്ങോട്ട് വരാം’ എന്നു പറഞ്ഞു. ഞാൻ താഴെ കാത്തിരുന്നു. അദ്ദേഹം വന്നു പുള്ളിയുടെ കാറിലേക്ക് ഇരിക്കാമെന്നും അവിടെ ഇരുന്ന് കഥ കേൾക്കാമെന്നും പറഞ്ഞു. കാറിൽ കയറി ഇരുന്നപ്പോൾ മുതൽ പുള്ളി വിഷമത്തിലാണ്. വിഷമത്തിലാണെങ്കിൽ ഇയാൾ എന്തിനാണ് എന്നെ വിളിച്ചു വരുത്തിയത് എന്ന ചിന്തയായിരുന്നു എന്റെ മനസിൽ.

പുള്ളി താടിക്ക് കൈ വച്ച് സങ്കടത്തിൽ ഇരിപ്പാണ്. ‘മോനേ. എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആളാണ് ആശുപത്രിയില്‍ കിടക്കുന്നത്. എനിക്ക് ഇന്ന് കഥ കേൾക്കാൻ പറ്റില്ല’ എന്ന് അൽപ്പ സമയത്തിനു ശേഷം പുള്ളി പറഞ്ഞു. ‘സാരമില്ല ചേട്ടാ’യെന്നു പറഞ്ഞ് ഞാൻ തിരികെ മടങ്ങി. അതിനുശേഷം ഞാൻ വിളിച്ചാൽ ഇയാൾ കോൾ എടുക്കില്ല. എനിക്ക് ഇത്രയും വിഷമം ഉണ്ടാക്കിയ സംഭവം ജീവിതത്തിൽ വേറെയില്ല.

ADVERTISEMENT

മറ്റൊരു സെറ്റില്‍ ഈ കാര്യം അവിടെ അഭിനയിക്കാന്‍ വന്ന ഒരു സ്ത്രീയോട് ഞാൻ പറഞ്ഞു. ആര് പറഞ്ഞു ഫോൺ എടുക്കില്ലെന്ന് ഞാനിപ്പോൾ വിളിക്കാമെന്ന് പറഞ്ഞ് ആ നടി അയാളെ വിളിച്ചു. അയാൾ ഉടനെ ഫോൺ എടുത്തു, ‘ആ മോളൂ... പറഞ്ഞോളൂ...’ എന്നു പറഞ്ഞു. അതോടെ ആ നടനെ ഞാൻ വെറുത്ത് പോയി’’.– അഖില്‍ പറഞ്ഞു...

Malayalam YouTuber Akhil Vidyadharan's Shocking Encounter with a Star Actor:

Akhil Vidyadharan, a popular social media personality alongside his wife Greeshma Boss, has shared a disheartening experience with a prominent Malayalam actor during his early days of pursuing cinema. The actor's dismissive attitude and subsequent unreliability left Akhil feeling deeply disappointed and disillusioned with the industry.

ADVERTISEMENT