തനിക്ക് കാൻസർ ആണെന്ന് സോഷ്യൽ മീഡിയ താരം രേണു സുധി സ്ഥിരീകരിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രേണുവിന് കാൻസർ ആണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. രോഗം മൂന്നാം സ്റ്റേജിലാണെന്നും ഹൃദയത്തിലെ മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും കാൻസർ വ്യാപിച്ചതായും അവസ്ഥ അല്പം മോശമാണെന്നും മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തില്‍ രേണു വ്യക്തമാക്കി.
‘‘എന്റെ പ്രേക്ഷകരോട് എല്ലാം പറയാൻ സമയമായിയെന്ന് തോന്നി. കേട്ടത് ശരിയാണ്, എനിക്ക് കാൻസറാണ്. ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നത് ദുബായിൽ വച്ചാണ് ഇത് സ്ഥിരീകരിച്ചത് എന്നാണ്. എന്നാൽ സത്യം അതല്ല. 16 വർഷം മുമ്പ് എനിക്ക് 15 വയസ്സുള്ളപ്പോഴാണ് സ്തനത്തിലെ മുഴ ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത്. അന്ന് അതിന് നിറവ്യത്യാസം വന്നപ്പോഴും ഞാൻ കാര്യമാക്കിയില്ല, വീട്ടിലും പറഞ്ഞില്ല.
അക്കാലത്ത് അപ്പൻഡിക്സ് ഓപ്പറേഷൻ കഴിഞ്ഞിരുന്നതിനാൽ സർജറിയോടുള്ള ഭയം കാരണമാണ് മുഴയുടെ കാര്യം മറച്ചുവച്ചത്. സൂചി കുത്തുന്നത് പോലും പേടിയായിരുന്നതിനാൽ മുഴ ഓപ്പറേഷൻ ചെയ്ത് നീക്കാൻ മടിച്ചു. അന്ന് ബയോപ്സി ചെയ്ത ഡോക്ടർ, നിലവിൽ പ്രശ്നമില്ലെങ്കിലും ഭാവിയിൽ ഇത് കാൻസറായി മാറാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. വേദനയില്ലാത്ത മുഴയായതിനാലാണ് പിന്നീട് അതിനെക്കുറിച്ച് ചിന്തിക്കാതിരുന്നത്.
ദുബായിൽ വച്ചാണ് അസുഖം കണ്ടുപിടിച്ചത് എന്ന വാർത്ത തെറ്റാണ്. അങ്ങനെ അല്ല സംഭവം. സുധിചേട്ടന്റെ വേർപാടിന് ശേഷം സ്തനത്തിന്റെ ആകൃതിയിൽ വ്യത്യാസം തോന്നിയതോടെയാണ് വീണ്ടും ഡോക്ടറെ കാണിക്കുന്നത്. ഒറ്റയ്ക്കാണ് പരിശോധനയ്ക്ക് പോയത്. സ്കാനിംഗിനും മാമോഗ്രാമിനും ശേഷം നടത്തിയ ബയോപ്സിയിലാണ് കാൻസർ സ്ഥിരീകരിക്കുന്നത്. ആ വാർത്ത കേട്ടപ്പോൾ കരയാൻ പോലും കഴിയാത്ത അവസ്ഥയിലായി. വീട്ടുകാർ വിഷമിക്കേണ്ടതില്ലെന്ന് കരുതി ആരോടും പറഞ്ഞില്ല. പിന്നീട് എന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം കണ്ട് മാനേജർ കരിഷ്മ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. കരിഷ്മയാണ് ചേച്ചിയെ വിവരമറിയിക്കുന്നത്. തുടർന്ന് പരുമല ആശുപത്രിയിൽ പെറ്റ് സ്കാൻ ചെയ്യാൻ പോയപ്പോഴാണ് രോഗവിവരം പുറത്തായതേ’’.– രേണു സുധി പറയുന്നു.
നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് രേണുവിന് പിന്തുണയും പ്രാർത്ഥനകളുമായി എത്തുന്നത്...