ബിരുദധാരിയായ സന്തോഷം പങ്കുവച്ച് നടന്‍ കൃഷ്ണകുമാറിന്റെ ഇളയമകളും സോഷ്യൽ മീഡിയ താരവുമായ ഹൻസിക കൃഷ്ണ. 2026 ജൂൺ 9-ന് മികച്ചൊരു ‘എ ഗ്രേഡോടെ’ താൻ ബാച്ചിലേഴ്സ് ബിരുദം നെഞ്ചോടു ചേർത്തുവെന്ന് ഹൻസിക കുറിച്ചു.
‘എന്റെ കോളജിലെ ആ ‘ഡാൻസിങ് ക്വീൻ’ ഒടുവിൽ ബിരുദം നേടിയിറങ്ങുകയാണ്!
അതെ... ഇതോടെ എന്റെ ക്യാമ്പസ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണു. 2026 ജൂൺ 9-ന്, മികച്ചൊരു ‘എ ഗ്രേഡോടെ’ ഞാൻ എന്റെ ബാച്ചിലേഴ്സ് ബിരുദം നെഞ്ചോടു ചേർത്തു. എന്നെക്കുറിച്ച് എനിക്ക് ഏറ്റവും കൂടുതൽ അഭിമാനം തോന്നുന്ന നിമിഷം!
എന്റേത് തികച്ചും കുറ്റമറ്റൊരു കോളജ് കാലമായിരുന്നു എന്ന് എനിക്ക് പറയാനാവില്ല. എങ്കിലും, എന്നെ രൂപപ്പെടുത്തിയ, ഞാൻ ഒരുപാടേറെ വളർന്നൊരു യാത്രയായിരുന്നു അതെന്ന് എനിക്ക് ഉറപ്പിച്ചു പറയാം. ഓരോ സെമസ്റ്റർ കഴിയുമ്പോഴും എന്റെ ഗ്രേഡുകൾ മെച്ചപ്പെട്ടു. ഒരുപാട് പാഠങ്ങൾ ഞാൻ പഠിച്ചു; വിരലിലെണ്ണാവുന്ന ചില നല്ല സൗഹൃദങ്ങൾ നേടി; ഒപ്പം നെഞ്ചിലെന്നും സൂക്ഷിക്കാൻ ഒരുപിടി സുന്ദരമായ ഓർമ്മകളും.
ചില സൗഹൃദങ്ങൾ വഞ്ചനയിലാണ് കലാശിച്ചത്. പിന്നീട് അവർ ഖേദത്തോടെയും ക്ഷമാപണങ്ങളോടെയും തിരിച്ചുവന്നെങ്കിലും, അടഞ്ഞുപോയ എല്ലാ വാതിലുകളും വീണ്ടും തുറക്കേണ്ടതില്ലെന്നാണ് ജീവിതം എന്നെ പഠിപ്പിച്ചത്. സ്വന്തം വ്യക്തിത്വം കൈവിടാതിരിക്കാനും, മനസ്സിന്റെ സമാധാനം തിരഞ്ഞെടുക്കാനും കഴിഞ്ഞതാണ് എന്നെ കൂടുതൽ മികച്ചൊരു മനുഷ്യയാക്കി മാറ്റിയത്.
എല്ലാ പ്രതിസന്ധികളെയും ഒന്നിച്ച് കൊണ്ടുപോകാൻ കഴിഞ്ഞു എന്നതിലാണ് എനിക്ക് ഏറ്റവും കൂടുതൽ അഭിമാനം തോന്നുന്നത്. ഷൂട്ടുകൾ, കണ്ടന്‍റ് ക്രിയേഷൻ, സോഷ്യൽ മീഡിയയുടെ തിരക്കുകൾ... ഇതിനിടയിലും എന്റെ പഠനത്തെ ഞാൻ ഒട്ടും മാറ്റിനിർത്തിയില്ല. എയർപോർട്ടുകളിലും, ഫ്ലൈറ്റുകളിലും, ട്രെയിൻ യാത്രകളിലും, കാരവനുകളിലും... എപ്പോഴൊക്കെ പുസ്തകം തുറക്കാൻ ഒരു ചെറിയ നിമിഷം കിട്ടിയോ, അവിടെയൊക്കെയിരുന്ന് ഞാൻ പഠിച്ചു. ഒടുവിൽ, എന്റെ ജീവിതത്തിലെ ഏറ്റവും തിരക്കേറിയ ഘട്ടങ്ങളിലൊന്നായ അവസാന സെമസ്റ്ററിൽ, എല്ലാ പേപ്പറുകൾക്കും ‘എ’ ഗ്രേഡും പ്രോജക്റ്റിന് ‘എ+'’ ഉം നേടി ഞാൻ എന്റെ ഏറ്റവും ഉയർന്ന സ്കോർ തന്നെ സ്വന്തമാക്കി! എന്റെ യൂട്യൂബിലെ സ്റ്റഡി വ്ലോഗുകളിലൂടെ ഒട്ടനവധി വിദ്യാർഥികൾക്ക് പ്രചോദനമാകാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.
പല അധ്യാപകരുടെയും പ്രിയപ്പെട്ട വിദ്യാർഥിയാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. അത് ഒരിക്കലും ഒരു പക്ഷപാതം കൊണ്ടായിരുന്നില്ല; മറിച്ച്, ഞാൻ എപ്പോഴും കാത്തുസൂക്ഷിച്ച ബഹുമാനവും ദയയും എന്റെ സമർപ്പണവും കൊണ്ടാണ്. മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ നേടാനും, അവർക്കൊരു നല്ല മാതൃകയാകാനും കഴിഞ്ഞതിൽ ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും’ എന്നാണ് ഹൻസിക സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ച്‌ലർ പാര്‍ട്ടി 2’വിലൂടെ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഹൻസിക ഇപ്പോൾ.