അമ്മ സിന്ധു കൃഷ്ണയുടെ കുടുംബവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലേക്ക് അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ഹൻസിക കൃഷ്ണ.
സിന്ധു കൃഷ്ണയ്ക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി അഹാന കൃഷ്ണ പങ്കുവച്ച യൂട്യൂബ് വിഡിയോയ്ക്ക് പിന്നാലെയാണ് ഹൻസിക രംഗത്തെത്തിയത്.
സംഭവവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ തമ്പ്‌നെയിലുകൾ നിർമിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന യൂട്യൂബർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ഹൻസിക ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
‘അഹാനയുടെ ഏറ്റവും പുതിയ യൂട്യൂബ് വിഡിയോയുമായി ബന്ധപ്പെട്ട്, ഞാൻ ഒട്ടും ഭാഗമല്ലാത്ത ഒരു വിഷയത്തിലേക്ക് ഒരു യൂട്യൂബർ എന്നെ വീണ്ടും വലിച്ചിഴയ്ക്കുകയാണ്. കാഴ്ച്ചക്കാരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രം അയാൾ എന്റെ പേരും ചിത്രവും വിഡിയോയുടെ തംബ്‌നെയിലിലും ടൈറ്റിലിലും ഉപയോഗിച്ചിരിക്കുന്നു. എന്നെ മനഃപൂർവം ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്. ഈ അതിക്രമം അവസാനിപ്പിച്ചില്ലെങ്കിൽ അയാൾക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുമെന്ന് ഞാൻ അറിയിക്കാൻ ആഗ്രഹിക്കുന്നു’.– ഹൻസിക ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചതിങ്ങനെ.