ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജ തന്റെ മകൻ വിഷ്ണുവിനെക്കൊണ്ട് അന്തേവാസിയായിരുന്ന അനാമികയെ വിവാഹം കഴിപ്പിച്ചത് വലിയ വാർത്തയായിരുന്നു. പിന്നീട് യൂട്യൂബ് ചാനല്‍ വഴി സോഷ്യല്‍ മീഡിയയില്‍ സജീവമായ ദമ്പതികളാണ് അനാമികയും വിഷ്ണുവും. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞുമുണ്ട്.
മകന്റെ വിവാഹ ശേഷം ഉദയ ഗിരിജ വീണ്ടും വിവാഹിതയായി. മക്കളുടെ പിന്തുണയോടെയായിരുന്നു വിവാഹം. അടുത്തിടെ അമ്മ ഗര്‍ഭിണിയാണെന്ന് വിഷ്ണു അറിയിച്ചിരുന്നു. എന്നാല്‍ ഈ വിഡിയോയില്‍ അനാമിക ഇല്ലാത്തതിനെ പറ്റി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മാത്രമവുമല്ല ഈ പ്രായത്തില്‍ ഗര്‍ഭം ധരിച്ചതിലും ചിലര്‍ മോശം കമന്റുകളിട്ടിരുന്നു. ഇപ്പോഴിതാ, ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനാമിക.
ഈയൊരു പ്രായത്തിൽ അമ്മയാകാൻ കഴിയുക എന്നത് വലിയൊരു ഭാഗ്യമാണെന്നും അതിന് സ്വന്തം കുടുംബത്തിന്റെ പിന്തുണയുണ്ടെന്നും അനാമിക പറഞ്ഞു. അതിൽ എന്താണ് ഇത്ര തെറ്റ്. ഞങ്ങളെല്ലാവരും ചേർന്നു നടത്തിക്കൊടുത്ത വിവാഹമാണത്. ആ വിവാഹത്തിലുണ്ടാകുന്ന കുഞ്ഞാണ്. ചിലർ എന്തിനാണ് നെഗറ്റീവ് കമന്റുകൾ ഇടുന്നതെന്നറിയില്ല. അമ്മ ഗർഭിണിയാണെന്ന വിവരം എന്നെ അറിയിച്ചിരുന്നു. പക്ഷേ, ആ വിഡിയോ എടുത്ത ദിവസം പോകാൻ പറ്റിയില്ല. വേറൊരു ഹാപ്പി ന്യൂസ് ഉണ്ട്. എല്ലാം നന്നായിപ്പോയാൽ ആ വിവരം വഴിയേ നിങ്ങളെ അറിയിക്കുന്നതായിരിക്കും. അക്കാരണം കൊണ്ടാണ് അന്ന് പോകാൻ പറ്റാഞ്ഞത്. സ്കാനിങ്ങിനും മറ്റു കാര്യങ്ങൾക്കുമൊക്കെ അമ്മയുടെ കൂടെ പോകാൻ പറ്റണേ എന്നു പ്രാർത്ഥിക്കുന്നു. തന്നെത്തിരക്കിയുള്ള അന്വേഷണങ്ങൾക്ക് നന്ദിയെന്നും അനാമിക പറഞ്ഞു.