ഒരു ബാഗ് നിറയെ മരുന്നുകളുമായാണ് ഇപ്പോൾ ഷൂട്ടിങ്ങിന് പോകുന്നതെന്നും ഇഞ്ചക്ഷനും സ്റ്റീറോയിഡുകളുമായാണ് ജീവിതം മുന്നോട്ടുപോകുന്നതെന്നും നടൻ കിഷോർ പീതാംബരൻ. മരുന്നുകളുടെ പാർശ്വഫലമായി ശരീരഭാരം വർധിച്ചെന്നും താരം.
‘‘തടി വച്ച് സുന്ദരനായല്ലോ എന്നാണ് എല്ലാവരും പറയുന്നത്. അതുകൊണ്ട് കണ്ടാൽ രോഗിയാണെന്ന് പലർക്കും തോന്നാറില്ല’’.– താരം പറയുന്നു.
ആദ്യം നോൺ - ആൽക്കഹോളിക് ലിവർ ഡിസീസ് കണ്ടെത്തിയ കിഷോറിന് പിന്നീട് തലച്ചോറിന്റെ പിൻഭാഗത്തുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ സിസ്റ്റും കണ്ടെത്തി. ശരീരത്തിന്റെ ഹോർമോൺ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന ഗ്രന്ഥിയായതിനാൽ ഇതിന്റെ പ്രശ്നങ്ങൾ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചുവെന്ന് താരം പറയുന്നു. കടുത്ത പ്രമേഹവും കരൾ രോഗവും ഉള്ളതിനാൽ ശസ്ത്രക്രിയ നടത്താനും കഴിയാത്ത അവസ്ഥയാണ്. ഭക്ഷണത്തേക്കാൾ കൂടുതൽ മരുന്നുകളാണ് ഇപ്പോൾ ജീവിതത്തിന്റെ ഭാഗമെന്നും, മുൻപ് ഷൂട്ടിങ് ഇല്ലാത്ത സമയത്ത് വാഹനം ഓടിക്കാൻ പോകുമായിരുന്ന തനിക്ക് ഇപ്പോൾ ഡ്രൈവിങ് ചെയ്യാൻ കഴിയുന്നില്ലെന്നും കിഷോർ. സീരിയൽ അഭിനയമല്ലാതെ മറ്റൊരു ജോലിയും ഇപ്പോൾ ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണെന്നും അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
നാടകവേദിയിലൂടെ അഭിനയരംഗത്തെത്തിയ കിഷോർ, സീരിയലുകളിലൂടെ ശ്രദ്ധേയനായി. ‘മഴതോരും മുമ്പേ’ എന്ന പരമ്പരയിൽ ബാലചന്ദ്രനായി അഭിനയിക്കുകയാണ് താരം ഇപ്പോൾ.