വസ്ത്രധാരണത്തെ വിമർശിച്ചെത്തിയ വ്ലോഗർ ഷെഫീന ബീവിക്ക് മറുപടി നല്‍കി നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. ഗ്ലാമറസ് ആന്‍ഡ് ബോൾഡ് ലുക്കിൽ ‘ഈ അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ...’ എന്ന ഹാഷ്ടാഗോടെയാണ് പുതിയ ചിത്രം ദയ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദയയുടെ ഫാഷന്‍ ഫോട്ടോഷൂട്ടിനെതിരെ കഴിഞ്ഞ ദിവസം ഷെഫീന നടത്തിയ മോശം പരാമർശങ്ങൾ വിവാദമായിരുന്നു. 'നെപ്പോ കിഡ് കാണിക്കുന്ന പോക്രിത്തരം' എന്ന പരാമർശത്തോടെയാണ് ഷെഫീന വിഡിയോ പങ്കുവച്ചത്. മഞ്ജു പിള്ളയെ പരാമർശിച്ചുകൊണ്ട്, "ഒരേയൊരു മകളല്ലേ ഉള്ളൂ, അവൾക്ക് മര്യാദ പറഞ്ഞുകൊടുത്തൂടെ" എന്നായിരുന്നു വിമർശനം.
വിഡിയോ വൈറലായതോടെ അതിനെതിരെ രൂക്ഷ പ്രതികരണവുമായി ഒട്ടേറെപ്പേർ രംഗത്തു വന്നു. അവൾ എന്ത് ധരിക്കണമെന്നത് അവളുടെ വ്യക്തിപരമായ തീരുമാനമാണ്, ഓരോരുത്തർക്കും തങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്നും നിരവധിപേര്‍ ചൂണ്ടിക്കാട്ടി.
"ചിലരുടെ പ്രവർത്തികൾ കണ്ട് രണ്ടു പൊട്ടിക്കണം എന്ന് മനസ്സ് പറഞ്ഞെങ്കിലും മാതാപിതാക്കൾ പ്രശസ്തര്‍ ആയതുകൊണ്ട് മീഡിയ വിമർശിക്കുമെന്ന് ഓർത്ത് വെറുതെയിരിക്കുന്നു.." എന്ന് ദയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. "നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം" എന്നാണ് ഇതിന് മഞ്ജു പിള്ള ഇട്ടിരിക്കുന്ന കമന്റ്.