നടനും അവതാരകനുമായ ജീവ ജോസഫുമായുള്ള 11 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചതിൽ വിശദീകരണവുമായി സോഷ്യൽ മീഡിയ താരവും മോഡലുമായ അപർണ തോമസ്. ‘ഇതോടെ, ഈ ഒരു അധ്യായം അവസാനിക്കുകയാണ്’ എന്ന തലക്കെട്ടോടെ, സോഷ്യൽ മീഡിയയിലൂടെയാണ് അപർണ നിലപാട് വ്യക്തമാക്കിയത്
‘നിങ്ങളിൽ പലരും എന്നിൽ നിന്ന് കാര്യങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു എന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ നേരിട്ട് നിങ്ങളോട് സംസാരിക്കുന്നത്. അതെ, ഈ വിവാഹബന്ധം അവസാനിച്ചിരിക്കുകയാണ്. സത്യത്തിൽ എനിക്കിത് തുടരാൻ താൽപര്യവുമുണ്ടായിരുന്നില്ല. ഇത് രണ്ടുപേർക്കും എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല എന്ന് എനിക്കറിയാം, എന്നാൽ എനിക്ക് വേണ്ടി എനിക്ക് എടുക്കേണ്ടി വന്ന ഒരു തീരുമാനമായിരുന്നു ഇത്.
ഇന്ന്, പൂർണ മനസ്സോടെ എനിക്ക് പറയാൻ കഴിയും ഞാൻ വളരെ സമാധാനത്തിലാണ്. ഞാൻ സന്തോഷവതിയാണ്, എനിക്ക് സുരക്ഷിതത്വം തോന്നുന്നുണ്ട്, ഒപ്പം വളരെക്കാലത്തിന് ശേഷം എന്റെ മനസ്സ് ഒരുപാട് ഭാരം കുറഞ്ഞതായും അനുഭവപ്പെടുന്നു. എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാനോ ഓരോ കാര്യങ്ങളും തുറന്നുപറയാനോ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ചില കാര്യങ്ങൾ തികച്ചും വ്യക്തിപരമാണ്. എനിക്ക് മുന്നോട്ട് പോകണം, സമാധാനത്തോടെ ജീവിക്കണം.
ദയവായി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുകയും ആ ഒരു വ്യക്തിഗത ഇടം നല്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ഇത്രമാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. നിങ്ങൾ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു’. – അപർണ തോമസ് കുറിച്ചു.
2015 ഓഗസ്റ്റ് 24 - നായിരുന്നു ജീവയുടെയും അപർണയുടെയും വിവാഹം. വിവാഹവാർഷിക ദിനത്തിൽ തന്നെ ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചു.