ADVERTISEMENT

‘ബിഗ് ബോസ് മലയാളം സീസൺ 2’ കഴിഞ്ഞ് പുറത്തു വന്നപ്പോൾ തന്നെ കാത്തിരുന്നത് ജീവിതത്തിലെ ഏറ്റവും വലിയ വിശ്വാസവഞ്ചനയും ട്രോമയുമായിരുന്നുവെന്ന് നടി ആര്യ.

താൻ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ തകർന്നുപോയ ആ വേർപിരിയലിനെക്കുറിച്ചും പിന്നീട് അതിൽ നിന്നും സ്വയം കെട്ടിപ്പടുത്ത അതിജീവനത്തിന്റെ വഴികളെക്കുറിച്ചും അശ്വതി അശോക് വിശാലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആര്യ മനസ്സ് തുറന്നത്.

ADVERTISEMENT

‘ബിഗ് ബോസിനുള്ളിൽ പോകുന്നതിന് മുൻപ് ഞാൻ ഒരു റിലേഷൻഷിപ്പിൽ ആയിരുന്നു. ഷോ കഴിഞ്ഞ് തിരികെ വരുമ്പോൾ എന്നെ സപ്പോർട്ട് ചെയ്യാനും കൂടെ നിൽക്കാനും ഉണ്ടാകും എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്ന, ഏറ്റവും കൂടുതൽ പ്രതീക്ഷ വച്ചിരുന്ന വ്യക്തി ഞാൻ പുറത്തിറങ്ങിയപ്പോഴേക്കും എന്നെ ഇട്ടിട്ടു പോയിരുന്നു. ആ ഒരു അവസ്ഥയിൽ നിന്ന് കിട്ടിയ റിജക്ഷൻ എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. കാരണം, നമ്മൾ അത്രയും ഇൻവോൾവ്ഡ് ആയി, ഇമോഷനലി ഇൻവെസ്റ്റ് ചെയ്ത ഒരു ബന്ധത്തിൽ നിന്ന് വളരെ ഹാപ്പി ആയി നമ്മളെ ഷോയിലേക്ക് പറഞ്ഞുവിട്ടിട്ട്, തിരിച്ചു വരുമ്പോൾ ആ ആളില്ല എന്ന് പറയുന്നത് ഒരു വലിയ ട്രോമയാണ്.

ലോക്ക്ഡൗണും ഈ വേർപിരിയലും കൂടിച്ചേർന്നപ്പോൾ ഒരു വലിയ പടുകുഴിയിൽ വീണ അവസ്ഥയായിരുന്നു എനിക്ക്. കരകയറാൻ പറ്റാത്ത അവസ്ഥ. ഉറങ്ങാൻ സാധിക്കാതെ രാത്രി മുഴുവൻ ഇരിക്കും. ക്ഷീണം കാരണം രാവിലെ ആകുമ്പോൾ സ്വയം പാസ് ഔട്ട് ആയിപ്പോകുന്ന അവസ്ഥ. ഇതിനെ ഡിപ്രഷൻ എന്ന് വിളിക്കാമോ എന്ന് എനിക്കറിയില്ല.

ADVERTISEMENT

എന്റെ ഏറ്റവും വലിയ കൺഫ്യൂഷൻ ഇയാൾ ഉണ്ടോ ഇല്ലയോ എന്നുള്ളതായിരുന്നു. ഇയാൾ എന്നോട് കാര്യങ്ങൾ ഡയറക്ട് ആയി പറയുന്നുണ്ടായിരുന്നില്ല. എന്നാലും മൂന്ന് വർഷമായി ഒരാൾ പെരുമാറിയിരുന്ന പാറ്റേൺ മാറി വേറെ രീതിയിൽ പെരുമാറുമ്പോൾ ആ വ്യത്യാസം എനിക്ക് മനസ്സിലാകുമല്ലോ. ഏകദേശം ഒരു വർഷത്തോളം ഞാൻ ഇതിന്റെ ക്ലാരിറ്റിക്ക് വേണ്ടി അലഞ്ഞു.

ഒരു വശത്ത് ഇയാൾ എനിക്ക് ചെറിയ ചെറിയ പ്രതീക്ഷകൾ തന്നുകൊണ്ടിരുന്നു. പക്ഷേ പിന്നിൽ നിന്ന് അയാൾ എന്നെ ചതിക്കുകയായിരുന്നു. അത്രയും സ്നേഹിക്കുമ്പോൾ ഒരാൾ തരുന്ന ചെറിയൊരു പ്രതീക്ഷയിൽ പോലും നമ്മൾ പിടിച്ച് തൂങ്ങും. ഇയാൾ തിരികെ വരും എന്ന് വിചാരിക്കും. എന്റെ സുഹൃത്തുക്കൾ എന്നോട് പറയുമായിരുന്നു ‘ഇനി അയാൾ തിരിച്ചു വരില്ല, നീ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ’ എന്ന്. എന്നാൽ ഞാൻ അയാളോട് പോയി ചോദിക്കുമ്പോൾ അയാൾ പറയും ‘നീ എന്തിനാണ് മറ്റുള്ളവർ പറയുന്നത് കേൾക്കുന്നത്, ഞാൻ പറയുന്നത് കേട്ടാൽ പോരെ?’ എന്ന്. ആ സമയത്ത് എനിക്ക് മറ്റുള്ളവർ പറയുന്നത് കേൾക്കേണ്ടിയിരുന്നില്ല, അയാളുടെ ആ വാക്ക് മാത്രം മതിയായിരുന്നു എന്ന് തോന്നും. അത്രയധികം ഞാൻ ഇമോഷനലി ഡിപെൻഡന്‍റ് ആയിരുന്നു. നമ്മളെത്തന്നെ പൂർണമായും വിട്ടുകൊടുക്കുന്ന അവസ്ഥ.

ADVERTISEMENT

പക്ഷേ ഒരു ഘട്ടത്തിൽ കാര്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. ദൈവം നേരിട്ട് കണ്ണിനുമുന്നിൽ കൊണ്ട് കാണിച്ചു തന്നതുപോലെ ചില കാര്യങ്ങൾ ഞാൻ കണ്ടുപിടിച്ചു. കണ്ണിനു മുന്നിൽ കാണുന്ന കാര്യങ്ങൾ കണ്ടില്ലെന്ന് വയ്ക്കാൻ പറ്റില്ലല്ലോ. അയാൾ എന്നെ മാനിപുലേറ്റ് ചെയ്യുകയായിരുന്നു എന്നും, ഞാനായിട്ട് സ്വയം പിന്മാറണം എന്ന് അയാൾ ആഗ്രഹിച്ചിരുന്നു എന്നുമാണ് അപ്പോൾ എനിക്ക് മനസ്സിലായത്. അയാൾക്ക് യാതൊരു ഗിൽറ്റി ഫീലുമില്ലായിരുന്നു. സുഹൃത്തുക്കൾ എന്നോട് ചോദിച്ചു ‘ഇനിയും നിനക്ക് ഇത് വേണോ?’ എന്ന്. അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്, ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്ന്. അതൊരു പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല. ഒരുപാട് സമയം എടുത്ത് മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയതാണ്.

പ്രത്യേകിച്ച് സ്നേഹത്തിന് വേണ്ടി നമ്മൾ യാചിക്കരുത് എന്ന് എല്ലാവരും പറയും. എന്നാൽ ഞാൻ നന്നായി ഇരന്നിട്ടുണ്ട്. കരഞ്ഞ് കാലുപിടിച്ചു വരെ യാചിച്ചിട്ടുണ്ട് ‘എന്നെ കളഞ്ഞിട്ട് പോകരുത്’ എന്ന്. കാരണം എനിക്ക് ഒരുപാട് ഭയങ്ങൾ ഉണ്ടായിരുന്നു. ഞാൻ ഒരു വിവാഹമോചനത്തിലൂടെ കടന്നു പോയ ഒരു സിംഗിൾ മദർ ആണ്. നാഷണൽ ലെവലിൽ പോകുന്ന ഒരു ബിഗ് ഷോയിൽ വച്ച് ഞാൻ എന്റെ റിലേഷൻഷിപ്പിനെക്കുറിച്ച് വളരെ ഹാപ്പിയായി സംസാരിച്ചിട്ടുമുണ്ട്. കാരണം ഇത് കഴിഞ്ഞ് തിരികെ ചെന്നാൽ വിവാഹം എന്നതായിരുന്നു എന്റെ കണക്കുകൂട്ടൽ. എന്നാൽ അത് തകർന്നു എന്ന് മാത്രമല്ല, ഞാൻ പുറത്തിറങ്ങിയപ്പോൾ എന്നെക്കുറിച്ച് വളരെ മോശമായി ആളുകൾ സംസാരിക്കുന്നുണ്ടായിരുന്നു. അതിനോടൊപ്പം ഇതും കൂടി വന്നാൽ ആളുകൾ എന്തും പറയും. ‘ഇവളുടെ ബിഗ് ബോസിലെ സ്വഭാവം കണ്ടിട്ടായിരിക്കും അയാൾ കളഞ്ഞിട്ട് പോയത്’ എന്ന് ഇപ്പോഴും ചിലർ പറയാറുണ്ട്.

ഈ പേടികൾ കാരണമാണ് ഞാൻ അന്ന് അയാളുടെ കാലുപിടിച്ചു യാചിച്ചത്. എന്നാൽ പിന്നീട് ആ യാഥാർഥ്യം സ്വയം അംഗീകരിക്കാൻ ഞാൻ ഒരുപാട് സമയമെടുത്തു. കുറെ ബ്രേക്ക്ഡൗണുകൾക്ക് ശേഷമാണ് ഒടുവിൽ ആ ബന്ധം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചത്. ഇതിൽ നിന്നും ഹീൽ ആയി വരിക എന്നത് ഒട്ടും ഈസി ആയിരുന്നില്ല. ബന്ധങ്ങൾ വേർപിരിയുമ്പോൾ ആളുകൾ വളരെ എളുപ്പത്തിൽ പറയും ‘പോയത് പോയി, ഇനി ജോലി നോക്ക്’ എന്ന്. എന്നാൽ സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് മാറുക സാധ്യമല്ല.

ആ സമയത്ത് എന്റെ ഡെയിലി റുട്ടീൻ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. രാവിലെ എഴുന്നേറ്റാൽ ആദ്യം ഫോൺ എടുത്ത് അയാളുടെ മെസ്സേജോ കോളോ ഉണ്ടോ എന്ന് നോക്കും. സോഷ്യൽ മീഡിയയിൽ അയാൾ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടോ, അയാൾ അപ്സെറ്റ് ആണോ എന്നൊക്കെ സ്റ്റോക്ക് ചെയ്ത് നോക്കും. എല്ലാവരും ചെയ്യുന്ന കാര്യമാണിത്. എന്നാൽ ഒരു പരിധിവരെ ഈ സ്റ്റോക്കിങ് എന്നെ സഹായിച്ചു. കാരണം, ഞാൻ ഇവിടെ തകർന്നിരിക്കുമ്പോൾ അയാൾ സന്തോഷത്തോടെ വെക്കേഷൻസിന് പോകുന്ന ഫോട്ടോകളും സ്റ്റാറ്റസുകളും കാണാൻ തുടങ്ങി. അത് എനിക്കൊരു ശക്തമായ കൊട്ടായിരുന്നു. ‘അയാൾ അവന്റെ ജീവിതവുമായി മുന്നോട്ട് പോകുമ്പോൾ നീ എന്താണ് ഈ ചെയ്യുന്നത്’ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. അങ്ങനെ മെല്ലെ മെല്ലെ ഞാൻ എന്നിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ പടിപടിയായി ഞാൻ എന്നെത്തന്നെ സ്നേഹിക്കാൻ തുടങ്ങി. ഒരു തകർച്ചയിൽ നിൽക്കുമ്പോൾ നമ്മുടെ അറ്റൻഷൻ ഡൈവേർട്ട് ചെയ്യാൻ പറ്റുന്ന, നമുക്ക് സന്തോഷം നൽകുന്ന എന്തെങ്കിലും ഒരു കാര്യം, അത് സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ ഇടുന്നതാകാം, ബ്രാൻഡ് നടത്തുന്നതാകാം, കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്’.– ആര്യ പറഞ്ഞു.

Actress Arya Opens Up About Post-Bigg Boss Betrayal and Trauma:

Arya, an actress, revealed in an interview that after 'Bigg Boss Malayalam Season 2', she faced the biggest betrayal and trauma of her life. She was in a relationship before entering the show, and upon returning, her partner, whom she deeply trusted and relied upon, had left her. This rejection was devastating, exacerbated by the lockdown, pushing her into a state of despair and confusion. For nearly a year, she struggled to understand the situation, receiving mixed signals from her partner who offered false hope while manipulating her. Despite her friends' advice, she remained emotionally dependent until she discovered the extent of his deceit and manipulative intentions. After much internal struggle and multiple breakdowns, she decided to end the relationship, realizing the importance of self-worth and the need to stop begging for love. Her journey of healing was arduous, involving constant checking of her ex-partner's social media, which eventually served as a catalyst for her to refocus on herself and begin the process of self-love and recovery.

ADVERTISEMENT