Tuesday 18 February 2025 12:16 PM IST : By സ്വന്തം ലേഖകൻ

‘ശോണീ... നിന്റെ ചേച്ചി ഈ നേട്ടത്തിൽ ഒരുപാട് സന്തോഷിക്കുന്നുണ്ടാകും’: ശരണ്യ കണ്ട സ്വപ്നം: കുറിപ്പുമായി സീമ ജി. നായർ

saranya sasi sister

ബ്രെയിൻ ട്യൂമറിന്റെ രൂപത്തിൽ വിധി കവർന്ന പ്രിയ കലാകാരി ശരണ്യ ശശിയെ ആരും മറക്കാനിടയില്ല. പ്രിയപ്പെട്ടവർക്കാതെ തീരാനോവ് സമ്മാനിച്ചാണ് ആ പുഞ്ചിരി പോയ്മറഞ്ഞത്. ഇപ്പോഴിതാ ശരണ്യയുടെ കുടുംബത്തെ തേടി വന്ന വലിയൊരു സന്തോഷത്തിന്റെ വിശേഷം പറയുകയാണ് നടി സീമ ജി. നായർ.

ശരണ്യയുടെ സഹോദരി ശോണിമകേന്ദ്ര സർക്കാർ ജോലി നേടിയെന്ന സന്തോഷ വാർത്തയാണ് സീമ പങ്കുവയ്ക്കുന്നത് ശരണ്യയുടെ ജീവിതത്തിലെ വലിയ സ്വപ്നമായിരുന്നു സഹോദരിയുടെ ഉയർച്ചയെന്നും ഈ വാർത്ത കേൾക്കുമ്പോൾ ശരണ്യയും ഒരുപാട് സന്തോഷിക്കുന്നുണ്ടാകുമെന്നും സീമ പറയുന്നു.

സീമ ജി നായരുടെ വാക്കുകൾ ഇങ്ങനെ:

‘‘ശുഭദിനം. ഇത് എന്റെ പ്രിയപ്പെട്ട ശരണ്യയുടെ അനുജത്തി ശോണിമ. ശോണിമ ഒരിക്കലും ക്യാമറയുടെ മുന്നിലേക്ക് വന്നിട്ടില്ല. പഠനം മാത്രമായിരുന്നു അവൾക്ക് പഥ്യം. നന്നായി ഹാർഡ് വർക്ക് ചെയ്യുന്ന കുട്ടി. അവളുടെ സ്വപ്നമായിരുന്നു ഒരു ഗവൺമെന്റ് ജോലി. അതിനായി പഠിക്കുകയും ടെസ്റ്റുകൾ എഴുതുകയും ചെയ്തുകൊണ്ടിരുന്നു. ലാസ്റ്റ് ഒരു ടെസ്റ്റ് എഴുതാൻ പോയത് എന്റെ വീട്ടിൽ നിന്നാണ്.

ആലുവയിൽ അടുത്തടുത്ത് മൂന്നുദിവസങ്ങളിൽ ടെസ്റ്റ് ഉണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, നമ്മുടെ വീട്ടിൽ നിന്നു പോയാൽ മതിയെന്ന്. അന്ന് ഞാൻ അവളോട് പറഞ്ഞു നീ കുറെ ടെസ്റ്റുകൾ എഴുതിയില്ലേ, പക്ഷേ നമ്മൾ ആഗ്രഹിച്ച ആ ഒരു തലത്തിലേക്കെത്താൻ ഒരു ടെസ്റ്റിനും കഴിഞ്ഞില്ല, പക്ഷെ ഈ എഴുതുന്ന ടെസ്റ്റ് നീ ഉറപ്പായും വിജയിക്കും എന്ന്. ഇവിടെ ശരണ്യയുടെ അദൃശ്യ കരങ്ങൾ ഉണ്ടെന്നു എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്. അവളുടെ ഒരു വലിയ ഫോട്ടോ ഈ വീട്ടിൽ ഉണ്ട്, അതിൽ തൊട്ട് നീ നന്നായി പ്രാർഥിച്ചു പോകാൻ പറഞ്ഞു.

ഈശ്വര നിശ്ചയം പോലെ ആ പരീക്ഷയിൽ അവൾ വിജയിച്ചു. ശരണ്യയും കുടുംബത്തിന് വേണ്ടിയാണു അവൾ ജീവിച്ചിട്ടുള്ളത്, സഹോദരങ്ങൾക്ക് വേണ്ടി എന്നെടുത്തു പറയേണ്ടി വരും. ശരണ്യയും പഠിക്കാൻ മിടുക്കി ആയിരുന്നു, കുടുംബത്തിന്റെ ഭാരം ആ ചുമലിൽ വന്നപ്പോൾ അവൾ അഭിനയം എന്ന വഴി തിരഞ്ഞെടുത്തു. എഴുതി വന്നപ്പോൾ എഴുതി പോയി. 15ന് ഞാൻ ഷൂട്ട് കഴിഞ്ഞു വരുമ്പോൾ കൊച്ചുവേളിയിൽ നിന്നായിരുന്നു ട്രെയിൻ, അപൂർവമായേ ഞാൻ അവിടുന്ന് കയറാറുള്ളു. ആ ട്രെയിനിൽ ടിടിആർ ആയി എന്റെ ശോണി ഉണ്ടായിരുന്നു. അവൾ കേന്ദ്ര സർക്കാർ ജോലിക്കാരിയായി, ജോലി കിട്ടിയതിനു ശേഷം ആദ്യമായി അവളെ ആ യൂണിഫോമിൽ കണ്ടു. ചിലപ്പോൾ ഈ ഫോട്ടോ കാണുമ്പോൾ ശരണ്യ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും, അവൾക്ക് ഏറ്റവും വേണ്ടപ്പെട്ട രണ്ട്‌ പേരുടെ ഒത്തു ചേരൽ. എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

ശോണി നിന്റെ ചേച്ചി എപ്പോളും നിന്റെ കൂടെയുണ്ട്. നിങ്ങളുടെ ഉയർച്ച ആയിരുന്നു അവളുടെ സ്വപ്‍നം. ഈ ഫോട്ടോ എന്നും എന്റെ ഹൃദയത്തിൽ ഞാൻ സൂക്ഷിക്കും. എല്ലാത്തിനും പിന്തുണയായി നിൽക്കുന്ന നിന്റെ ഭർത്താവിനും, കുടുംബത്തിനും എന്റെ ആശംസകൾ.’’–സീമ ജി. നായരുടെ വാക്കുകൾ.

ട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 എന്നീ ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ മനസ് കവര്‍ന്ന നടിയാണ് ശരണ്യ. താരത്തിന്റെ ജീവിതത്തിലേക്ക് ബ്രെയിന്‍ ട്യൂമര്‍ വില്ലനായി എത്തുകയായിരുന്നു. 2021 ഓഗസ്റ്റ് ഒമ്പതിനാണ് ശരണ്യ ചികിത്സയിലിരിക്കെ മരിച്ചത്. അസുഖകാലത്ത് ശരണ്യയ്ക്ക് താങ്ങും തണലുമായി കൂെടയുണ്ടായിരുന്നത് സുഹൃത്തും നടിയുമായ സീമ ജിനായരായിരുന്നു. ശരണ്യ പോയശേഷവും അവരുടെ കുടുംബത്തിന് താങ്ങും തണലുമായി സീമയുണ്ട്.