റഷ്യയിൽ നിന്നുമുള്ള പൂച്ചകൾ, അപൂർവ പെയിന്റുങ്ങുകൾ: മോഹൻലാലിന്റെ വീടിനുള്ളിലെ കാഴ്ചകൾ Treasures of Mohanlal
Mail This Article
മലയാളത്തിന്റെ സ്വന്തം ലാലേട്ടന് ഇന്ന് പിറന്നാള്‍ മധുരം. അഭ്രപാളിയിലെ അതിശയ താരത്തിന് സിനിമലോകം ആശംസകൾ നേരുമ്പോൾ മോഹൻലാലുമായുള്ള ഹൃദ്യമായ നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് വനിത. ഫെബ്രുവരി 2024ൽ വനിത പങ്കുവച്ച അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗം ചുവടെ...
----
വീട് ശരിക്കും ഒരു മ്യൂസിയം പോലെയുണ്ട്. പെയിന്റിങ്ങുകൾ, കൗതുക വസ്തുക്കൾ...
മലയാള സിനിമയ്ക്കായി ഒരു മ്യൂസിയം നിർമിക്കണം എന്നാഗ്രഹമുണ്ട്. അതിനൊരു സ്ഥലം കണ്ടെത്തണം. ഇപ്പോള്‍ നമുക്ക് അത്തരമൊരെണ്ണമില്ല. മലയാള സിനിമയുെട സമ്രഗമായ ഒരു ശേഖരം അവിെടയുണ്ടാകും. പലതും ചിതറിക്കിടക്കുകയാണ്. മൺമറഞ്ഞ പ്രതിഭകൾക്കുള്ള ആദരം കൂടിയാകും അത്.
നമ്പൂതിരി സാര്‍ വരച്ച നൂറോളം ചിത്രങ്ങൾ എന്റെ കയ്യിലുണ്ട്. തഞ്ചാവൂർ ചിത്രങ്ങളും ബുദ്ധിസ്റ്റ് സ്റ്റൈലിലുള്ള താങ് ക പെയ്ന്റിങ്ങുകളും ടൺ കണക്കിനു ഭാരമുള്ള ശിൽപങ്ങളുമൊക്കെയുണ്ട്. ചിലതൊക്കെ ഗിന്നസ് ബുക്കില്‍ വരെ ഇടം നേടാവുന്നവയാണ്.
‘വരൂ നമുക്കു കുറച്ചു കൗതുകങ്ങള്‍ കാണാം’ എന്നു പറഞ്ഞു മോഹൻലാൽ ക്ഷണിക്കുന്നു. മുകള്‍നിലയിലെ ചുവരിൽ ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച ഗന്ധര്‍വന്‍റെ പെയിന്‍റിങ്. ഉപാസനകളുെട ഒടുവില്‍ ലാലിനു മാത്രമേ വരച്ചു കൊടുക്കൂ എന്നു പറഞ്ഞ് നമ്പൂതിരിയുെട വിരല്‍ത്തുമ്പുകള്‍ തീര്‍ത്ത മായാജാലം. ഇരുവശത്തുമുള്ള കണ്ണാടിച്ചുമരുകളിൽ ആ രൂപം പ്രതിബിംബിക്കുന്നു. മൂന്നു ഗന്ധർവ രൂപങ്ങൾക്കു നടുവിൽ നിന്നു ചിത്രമെടുത്താൽ നന്നാകുമെന്നു ലാൽ. ഒറ്റ ക്ലിക്കിൽ ‘നാലു ഗന്ധർവന്മാർ.’
കിടപ്പു മുറിയിൽ ത്രീഡി മായക്കാഴ്ചയുള്ള പെയിന്റിങ്.കുളി കഴിഞ്ഞിരിക്കുന്ന സുന്ദരിയെ മോഹത്തോടെ നോക്കി നിൽക്കുന്ന യക്ഷ ഗന്ധര്‍വ കിന്നരന്മാർ. വൈക്കം വിശ്വനാഥൻ എന്ന ചിത്രകാരൻ വരച്ചതാണ്. വർഷങ്ങൾ നീണ്ട വായനയ്ക്കും പഠനത്തിനും യാത്രകൾക്കും ശേഷമാണു വരയ്ക്കാൻ തുടങ്ങിയത്. കിന്നരന്മാരുടെ കയ്യിൽ നിന്നു വീഴുന്ന പൂക്കൾ മുന്നില്‍ ചിതറി വീഴും പോലെ. ലൈറ്റുകൾ ഒാഫ് ചെയ്താലും ചിത്രത്തിലെ ചന്ദ്രശോഭയിലും വിളക്കിന്‍റെ െവട്ടത്തിലും സുന്ദരിയുടെയും ഗന്ധര്‍വന്മാരുെടയും മുഖം തിളങ്ങുന്നു.
അടുത്ത മുറിയില്‍ കുണ്ഡലിനിയുടെ ഇന്ദ്രിയാതീതശക്തി ഉള്‍ക്കൊള്ളുന്ന നിഗൂഢമായ പെയിന്റിങ്. മൂന്നരച്ചുറ്റുള്ള സ്വർണനാഗവും െഎരാവതവും ആനകളും കുതിരകളും ശിരസ്സില്‍ വിരിയുന്ന സഹസ്രാരപത്മവും... ‘വാക്കുകൾക്ക് അപ്പുറം നിൽക്കുന്ന ഊർജം ഈ മുറിയിലുണ്ടല്ലോ’ എന്ന ചോദ്യത്തിനു ചെറുചിരിയോടെ ലാലേട്ടന്‍റെ മറുപടി. ‘രഹസ്യ സ്വഭാവമുള്ള ചിത്രമാണിത്. എന്റെ മനസ്സിലുള്ള കുണ്ഡലിനിയെക്കുറിച്ചുള്ള ചിന്തകൾ പറഞ്ഞു കൊടുത്തു വരപ്പിച്ചതാണ്.’
ഗോവണിക്കരികിലെ ചുമരിൽ ഒരേ വലുപ്പത്തിൽ ഫ്രെയിം ചെയ്തു വച്ച അൻപതിലധികം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ. ഒാരോന്നിലുമുണ്ട് ഒാർമകളുടെ ചന്ദ്രോത്സവങ്ങൾ. കുട്ടിക്കാലത്തു നിക്കറും ഷർട്ടും ഇട്ട് അച്ഛനും അമ്മയ്ക്കുമൊപ്പം നിൽക്കുന്ന ലാൽ മുതല്‍ കുടുംബത്തിന്‍റെ ഒട്ടേറെ അപൂര്‍വഭംഗികള്‍. ഇതിൽ ഒരു ചിത്രത്തെക്കുറിച്ചു പറയാമോ എന്നു ചോദിച്ചപ്പോൾ കുഞ്ഞുപ്രണവിനുകുടപിടിച്ചു സുചിത്ര നിൽക്കുന്ന ചിത്രം കാട്ടി കുസൃതിച്ചിരിയോടെ പറഞ്ഞു, ‘‘ഒരിക്കല്‍ ഊട്ടിയാത്രയ്ക്കിടെ അപ്പുവിന് പെട്ടെന്നൊരു ‘ശങ്ക’. അതു തീർക്കാൻ ഇരുന്നപ്പോഴേക്കും ചാറ്റൽ മഴ. അതാണു സുചി കുടപിടിച്ചു നിൽക്കുന്നത്. ആന്റണിയാണ് (ആന്റണി പെരുമ്പാവൂർ) ഈ ചിത്രമെടുത്തത്.’’
ബംഗാളിൽ നിന്നും റഷ്യയിൽ നിന്നുമുള്ള പൂ ച്ചകൾ, അപൂർവമായ ജീവികള്‍, മത്സ്യങ്ങൾ... ഈ ക്രേസൊക്കെ എങ്ങനെയുണ്ടായി?
സ്കൂളിൽ പഠിക്കുന്ന കാലത്തു പലതരം മീനുകളെ വളർത്തിയിരുന്നു. ഒരു കാലത്ത് ഒൻപതോ പത്തോ പൂച്ചകൾ ഉണ്ടായിരുന്നു. ഹാലിക്കൻ ഗ്രേറ്റ് കെയിൻസ് പോലുള്ള നായ്ക്കളുണ്ടായിരുന്നു. പിന്നെ, പശുക്കൾ. മറൈൻ അക്വേറിയത്തില്‍ അപൂര്‍വമായ മത്സ്യങ്ങളെ വളര്‍ത്തിയിരുന്നു. രണ്ടു കടല്‍ക്കുതിരകള്‍ അതിലുണ്ടായിരുന്നു. ഒരിക്കല്‍ അതിലൊന്നു ഗര്‍ഭിണിയായി. കുഞ്ഞുങ്ങളും ഉണ്ടായി. ഇപ്പോള്‍ ഈ വീട്ടിൽ രണ്ടു തരം പൂച്ചകളുണ്ട്. ഒരെണ്ണം മെയ്ൻ കൂൺ (maine coon) വിഭാഗത്തിലുള്ളതാണ്. മുപ്പതു കിലോ വരെ ഭാരം വയ്ക്കും പ്രത്യേക രീതിയിലേ എടുക്കാനാകൂ. പിന്നെയുള്ളത് ബംഗാൾ കാറ്റ്സ്. വളർത്തു പൂച്ചയും ബംഗാളില്‍ മാത്രം കാണുന്ന കാട്ടുപൂച്ചയും തമ്മിലുള്ള ക്രോസ് ആണ്. ഇതിനെ വീടുകളില്‍ വളർത്താന്‍ തുടങ്ങിയിട്ടു പത്തു നാല്‍പതു വര്‍ഷമേ ആയുള്ളൂ.
