‘രഞ്ജിത്ത് ഈ ചർച്ചകളിൽ വലിയ ആവലാതിയുള്ള ആളൊന്നുമല്ല’: ശ്യാമപ്രസാദ് സംസാരിക്കുന്നു
Mail This Article
‘ആരോ’ ഒരു ചെറിയ സിനിമയാണ്. ആർഭാടങ്ങളോ ആഘോഷങ്ങളോ ഇല്ലാത്ത, കവിത പോലെ മനോഹരമായ കാഴ്ച. മാജിക്കൽ റിയലിസത്തിന്റെ സാധ്യതകളെ ഉപയോഗിച്ച് മലയാളത്തിന്റെ പ്രിയകഥാകൃത്ത് വി.ആർ.സുധീഷ് മലയാള മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിയ ‘വിപര്യയം’ എന്ന കുഞ്ഞു കഥയാണ് പ്രമുഖ സംവിധായകൻ രഞ്ജിത്ത് തിരക്കഥയാക്കി ‘ആരോ’ ഒരുക്കിയത്. ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം മമ്മൂട്ടിക്കമ്പനിയാണ് നിർമിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദും, തെന്നിന്ത്യയുടെ പ്രിയ നടി മഞ്ജു വാരിയരും, അസീസ് നെടുമങ്ങാടുമാണ് അഭിനേതാക്കൾ. കഴിഞ്ഞ ദിവസം യു ട്യൂബിൽ റിലീസായ ഈ സിനിമ ഇതിനോടകം ഒരു മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിക്കഴിഞ്ഞു. ഇതിനോടൊപ്പം സോഷ്യല്‍ മീഡിയയിലും ‘ആരോ’ പ്രധാന ചർച്ചയായി. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തുന്നത്. ചാനൽചർച്ചകളും റിവ്യൂ വിഡിയോകളും വേറെ. എന്തൊക്കെയായാലും സമീപകാലത്ത് ഒരു ഫീച്ചർ സിനിമ പോലും ഇത്ര ഗൗരവമുള്ള ഒരു സംവാദത്തിനു വഴിയൊരുക്കിയിട്ടില്ല.
തേഞ്ഞ ചില ബിംബങ്ങളും കാഴ്ചകളുമാണ് ‘ആരോ’യിൽ ആവർത്തിക്കുന്നതെന്നാണ് വിമർശകർ പറയുന്നത്. കവിയെന്നാൽ മദ്യത്തിലും സ്വപ്നവിചാരങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഏകാന്തപഥികനെന്ന പഴയ കാഴ്ചപ്പാടിലേക്ക്, ‘ക്ലീഷേ’യിലക്ക് പുതിയ കാലത്തെ ആസ്വാദന ശീലത്തെ ‘ആരോ’ തിരികെയെത്തിക്കാൻ ശ്രമിക്കുന്നുവെന്നും അവർ. പക്ഷേ, ഇതൊരു മനോഹര സിനിമയെന്ന് മറ്റൊരു പക്ഷവും വാദിക്കുന്നു. ഒരു കഥയോ, കവിതയോ വായിക്കുന്നത്ര ആസ്വാദ്യകരമായ അനുഭവമാണ് ‘ആരോ’ എന്നാണ് അക്കൂട്ടരുടെ വാദം. വേണമെങ്കിൽ ഒരു ഫീച്ചർ സിനിമ സൃഷ്ടിക്കാവുന്ന സന്നാഹങ്ങളുള്ളവരാണ് ‘ആരോ’യ്ക്ക് പിന്നിൽ പ്രവർത്തിച്ചതെങ്കിലും കഥ ആവശ്യപ്പെടുന്ന സാധ്യതയെന്ന നിലയിൽ ഒരു ഷോർട്ട് ഫിലിം മാത്രമാക്കി അതിനെ ഒരുക്കിയെന്നതാണ് പ്രധാനമെന്നും വാദങ്ങളുണ്ട്.
എന്നാൽ ഇപ്പോഴത്തെ ചർച്ചകളിൽ കാര്യമായ ശ്രദ്ധ കൊടുക്കുന്നില്ലെന്നാണ് ചിത്രത്തിലെ നായകനായ ശ്യാമപ്രസാദ് പറയുന്നത്. പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായങ്ങൾ ഏതൊരു കലാസൃഷ്ടിയെ സംബന്ധിച്ചും അതിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതാണെന്നും അതിനെ അങ്ങനെയേ പരിഗണിക്കുന്നുള്ളൂ എന്നും അദ്ദേഹം ‘വനിത ഓൺലൈനോട്’ പറഞ്ഞു.
‘‘ഓരോരുത്തർക്കും അവരവരുടേതായ അഭിപ്രായം പറയാൻ അവകാശമുണ്ടല്ലോ. വ്യക്തിപരത ഈ വിമർശനങ്ങളിലുണ്ടെന്നത് തീർച്ചയായും വ്യക്തമായ കാര്യമാണ്. അതിൽ എനിക്ക് സംശയമില്ല. പക്ഷേ, ‘ക്ലീഷേ’ ഓരോരുത്തർക്കും ഓരോന്നാണ്. അതിനേക്കുറിച്ച് എനിക്ക് പരാതിയൊന്നുമില്ല. ആയിക്കോട്ടെ. ഈ സിനിമയുടെ ഭാഗമായതു കൊണ്ട് ഞാനതിനെ ഡിഫൻഡ് ചെയ്യാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ലെന്നു തോന്നുന്നു. ഈ സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരും ധാരാളമുണ്ടെന്നേ പറയാനുള്ളൂ. അവർക്ക് ഇത്തരത്തിലുള്ള ജഡ്ജ്മെന്റുകളിലൊന്നും താൽപര്യമില്ല. ഒരു കഥയെ കഥയായിട്ടും ഇമോഷണൽ ട്രിപ്പായുമാണ് അവർ കാണുന്നത്. അങ്ങനെ കാണാനാണ് അതിന്റെ സംവിധായകൻ ഉദ്ദേശിച്ചിട്ടുള്ളതുമെന്നാണ് എനിക്കു തോന്നുന്നത്. ഇതൊരു ശാസ്ത്രീയ പ്രബന്ധമൊന്നുമല്ലല്ലോ, പൂർണമായി അനലൈസ് ചെയ്ത് ലോജിക്കലി എക്സ്പ്ലെയിൻ ചെയ്യാന്‍. ഓരോ കലാകാരനും അയാളുടെ ചില ഒബ്സെഷൻസ് ഉണ്ടാകും. അതിനെ ചിലപ്പോൾ ‘ക്ലീഷേ’ എന്നു വിളിക്കാം, അല്ലെങ്കിൽ അയാളുടെ ഐഡന്റിറ്റി എന്നു വിളിക്കാം’’. – ശ്യാമപ്രസാദ് പറയുന്നു.
ആവലാതിയില്ല
എനിക്കു യോജിക്കുന്ന കഥാപാത്രം എന്നു തോന്നിയതുകൊണ്ടാകാം രഞ്ജിത്ത് എന്നെ തിരഞ്ഞെടുത്തത്. ‘എന്തുകൊണ്ടു ഞാൻ ?’ എന്നു ചോദിച്ചില്ല. രഞ്ജിത്ത് ആരോഗ്യസംബന്ധമായും മറ്റും പ്രയാസകരമായ ചില സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. അവന് ഉത്സാഹം കൊടുക്കുന്ന ഒരു പരിപാടിയുണ്ടെന്നു പറയുമ്പോൾ ഞാനതിന്റെ കൂടെ നിൽക്കും. കൂടുതൽ ചോദ്യങ്ങളും വിശദീകരണങ്ങളും അവിടെ ആവശ്യമില്ല. ഞങ്ങളുടെ സൗഹൃദത്തിന് 45 വർഷത്തിലേറെ പഴക്കമുണ്ട്. 1980 ൽ തുടങ്ങിയ പരിചയം. സ്കൂൾ ഓഫ് ഡ്രാമയിൽ അവൻ എന്റെ ജൂനിയറായിരുന്നു.
‘ആരോ’യുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ ചർച്ചകളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചിട്ടേയില്ല. ആളുകൾക്ക് പല അഭിപ്രായങ്ങളുമുണ്ടാകും. അതൊക്കെ അവര്‍ പ്രകടിപ്പിക്കും. അത്രേയുള്ളൂ. ഇപ്പോൾ സോഷ്യൽ മീഡിയയുമായും മറ്റും ബന്ധപ്പെട്ട് ചർച്ചകളിലുണ്ടാകുന്ന ചലനാത്മകത ഞങ്ങൾ സിനിമ ചെയ്തു തുടങ്ങിയ കാലത്തില്ലാത്തതാണ്. ഒച്ചപ്പാടുകളുണ്ടാകും. കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയാണത്. ചർച്ചകൾ വരട്ടേ. രഞ്ജി അതിനെക്കുറിച്ച് വലിയ ആവലാതിയുള്ള ആളൊന്നുമാണെന്ന് എനിക്കു തോന്നുന്നില്ല.
ഷോർട്ട് ഫിക്ഷൻ എന്ന സാധ്യത
ഷോർട്ട് ഫിക്ഷൻ ഏറ്റവുമധികം കൈകാര്യം ചെയ്ത ഒരു സംവിധായകനാണ് ഞാൻ. ആ ഒരു മീഡിയം വളരെയധികം ഇഷ്ടപ്പെടുന്ന ആളുമാണ്. അത്തരത്തിലുള്ള കഥകൾ നമ്മുടെ ദൃശ്യമാധ്യമങ്ങളിൽ കൂടുതലായി വരേണ്ടതുണ്ട്. യൂട്യൂബ് പോലെയുള്ള ഒരു സാധ്യത വളരെ യൂസ് ഫുൾ അല്ലേ. നല്ലതായാലും ചീത്തയായാലും, ഏതു തരത്തിലുള്ള വിമർശനങ്ങളുണ്ടായാലും കുറേയധികം ആളുകൾ ഒരു കഥ കാണുന്നുഎന്നത് കലാപരമായും മാധ്യമപരമായും വളരെയധികം സാംഗത്യമുള്ള കാര്യമാണ്. മാത്രമല്ല, മാർക്കറ്റിന്റെ ഒരു രീതിയിലുള്ള പ്രഷറും അതിലില്ല. വിപണിയുടെ ഇക്വേഷൻസിനെ കാര്യമായി പരിഗണിക്കേണ്ടതില്ല. എന്താണോ സംവിധായകൻ ഉദ്ദേശിക്കുന്നത്, അതു ചെയ്യാം. എനിക്കും ഇപ്പോൾ ഷോർട്ട് ഫിക്ഷൻസ് ചെയ്യാനുള്ള താൽപര്യം കൂടിയിട്ടുണ്ട്. വൈകാതെ അത്തരം സിനിമകൾ സംഭവിക്കാം.
മമ്മൂട്ടി കമ്പനി ആദ്യമായി നിർമിച്ച ഹ്രസ്വചിത്രമെന്ന പ്രത്യേകതയുമുണ്ട് ‘ആരോ’യ്ക്ക്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. ഒരാളുടെ ജീവിതത്തിലെ ഒറ്റപ്പെടലും ഏകാന്തതയുമാണ് 22 മിനിറ്റിലൂടെ രഞ്ജിത്ത് അവതരിപ്പിക്കുന്നത്. വി.ആർ. സുധീഷിന്റേതാണ് സംഭാഷണവും. പശ്ചാത്ത സംഗീതം – ബിജിബാൽ. ആർട് – സന്തോഷ് രാമൻ. എഡിറ്റിങ് – രതിൻ രാധാകൃഷ്ണൻ.
