വിഡിയോ കോളിൽ സൂര്യ, തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് ജ്യോതികയും മമ്മൂട്ടിയും: ‘കാതൽ: ദ കോർ’ ബിടിഎസ് വിഡിയോ വൈറൽ
Mail This Article
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ: ദ കോർ’ സിനിമയുടെ നിർമാണ ഘട്ടത്തിലെ വിശേഷങ്ങളും കാഴ്ചകളുമടങ്ങുന്ന വിഡിയോ ശ്രദ്ധേയമാകുന്നു. ‘മമ്മൂട്ടി കമ്പനി’യുടെ യുട്യൂബ് ചാനലിലൂടെയാണ് മൂന്നു മിനിറ്റ് എട്ട് സെക്കൻഡ് ദൈർഘ്യമുള്ള ഈ ബിടിഎസ് വിഡിയോ റിലീസ് ചെയ്തത്. സിനിമയിലെ വൈകാരിക പ്രകടനങ്ങള്‍ ഉൾപ്പെടുന്ന ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന്റെ വിശദാംശങ്ങളും വിഡിയോയിലുണ്ട്. സംവിധായകൻ കട്ട് പറയുമ്പോൾ മമ്മൂട്ടി കണ്ണുകൾ തുടയ്ക്കുന്നതും വിഡിയോയിൽ കാണാം. ചിത്രീകരണത്തിനിടയിൽ മമ്മൂട്ടി സ്വന്തം ക്യാമറയിൽ ജ്യോതികയുടെ ഫോട്ടോ എടുക്കുന്നതും ഇരുവരും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും സൂര്യ വിഡിയോ കോളിലെത്തുന്നതുമുൾപ്പെടുന്ന കൗതുകകരമായ ദൃശ്യങ്ങളും ബിടിഎസ് വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘കാതൽ: ദ കോർ’ മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രമാണ്. മമ്മൂട്ടിക്കും ജ്യോതികയ്ക്കുമൊപ്പം മുത്തുമണി, ചിന്നു ചാന്ദ്നി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു തുടങ്ങിയവരും അഭിനയിച്ചു. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.